Image

പെൺകൊടി ( കവിത : നീലനിലാവ് - പ്രൊഫ. പ്രസന്നകുമാരി)

Published on 27 August, 2021
പെൺകൊടി ( കവിത : നീലനിലാവ് - പ്രൊഫ. പ്രസന്നകുമാരി)
മാരിവിൽ ദർശനമേകുമ്പോഴൊക്കെയാ
പെൺകൊടിയെന്നിൽ നിറഞ്ഞു നിന്നു
തുമ്പപ്പൂ പോലെ വിശുദ്ധയാമവളെൻ്റെ മാനസ ലാലസ-
യായണഞ്ഞു
നൂപുരമില്ലാതെ നൂപുരധ്വനിയെന്നിൽ
മഞ്ജീര ശിഞ്ചിതമായുണർന്നു..

വാക്കുകളില്ലാതെ ഞാനിരുന്നപ്പോഴെൻ
തൂലികത്തുമ്പിലവൾ കവിതയായി
ഏകാന്തസന്ധ്യകളിൽ
ഒറ്റയ്ക്കിരുന്നപ്പോ -
ഴെൻ്റ ഗാനങ്ങളിൽ സംഗീതമായി
ഏഴഴകോലുന്ന ചാരുതയാർന്നൊരു
വശ്യസുന്ദരമാം വിസ്മയമായ്
ചെന്താമരച്ചേലുള്ളോരവ
ളെന്റെ
കണ്ണിനാനന്ദമായ് പൂത്തുലഞ്ഞു
മധുവൂറും മണമോലും വാസന്ത പുഷ്പത്തെ
താരകളും നോക്കി കണ്ണിറുക്കി

അവളുടെ കയ്യിലെ വള കിലുക്കത്തിനായ്
പ്രകൃതിയുന്മത്തയായ് കാത്തുനിന്നു
പാവാടത്തുമ്പിലെ വർണ്ണപുഷ്പങ്ങളിൽ
പുഞ്ചിരിത്തെന്നലി-
ളകിയാടി

പണയപ്പെടാതെയും തോറ്റു പോകാതെയും
ചതിയുടെ ചുഴിയിൽപ്പെട്ടൊഴുകിപ്പോകാതെയും
ദുരമൂത്തൊരസുരൻ്റെ കാലിന്നടിയിലെ
അർച്ചനാപുഷ്പമായ് വീണുടയാതെയും
നിന്നെ രക്ഷിക്കുവാൻ നീ തന്നെ ശക്തി നേടുക കുഞ്ഞേ....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക