Image

155 കുടിയേറ്റ അനുകൂല നയങ്ങൾ ആറുമാസത്തിനിടെ ബൈഡൻ നടപ്പാക്കി

Published on 25 August, 2021
155 കുടിയേറ്റ അനുകൂല നയങ്ങൾ ആറുമാസത്തിനിടെ ബൈഡൻ നടപ്പാക്കി
പ്രസിഡന്റ് ജോ ബൈഡൻ അധികാരമേറ്റ്  ആദ്യ ആറ് മാസത്തിനുള്ളിൽ, 155 കുടിയേറ്റ അനുകൂല നയങ്ങൾ നടപ്പിലാക്കിയെന്ന് , മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (MPI)  സീനിയർ ഫെലോ മുസഫർ ചിഷ്തി ആഗസ്റ്റ് 7 പത്രസമ്മേളനത്തിൽ പറഞ്ഞു.

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നാല് വർഷത്തെ ഭരണകാലത്ത്, കുടിയേറ്റ വിരുദ്ധ നിലപാടുകൾ സ്വീകരിച്ച 450 എക്സിക്യൂട്ടീവ് ഉത്തരവുകളാണ്  പുറപ്പെടുവിച്ചിരുന്നത്. അതിൽ ചില രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾക്കുള്ള യാത്രാ നിരോധനം പോലും ഉൾപ്പെട്ടിരുന്നു.  രേഖകളില്ലാത്ത 800,000 ത്തിലധികം യുവാക്കളെ നാടുകടത്താനും നടപടി   കൈക്കൊണ്ടിരുന്നു.

H-1B വിസയുടെ  മാനദണ്ഡങ്ങൾ ട്രംപ് ഭരണകൂടം പരിഷ്കരിക്കുകയും, H-1B വിസയിലുള്ളവരുടെ പങ്കാളികൾക്ക് തൊഴിൽ അംഗീകാരം അവസാനിപ്പിക്കുകയും ചെയ്തത് ഇന്ത്യക്കാരടക്കം വലിയൊരു കുടിയേറ്റ വിഭാഗത്തിന് ആഘാതം സൃഷ്ടിച്ച നയമായിരുന്നു.

എന്നാൽ, ട്രംപിന്റെ മുസ്ലീം നിരോധനം പിൻവലിച്ചുകൊണ്ട് ബൈഡൻ തന്റെ ആദ്യത്തെ കുടിയേറ്റ അനുകൂല നയങ്ങൾ നടപ്പിലാക്കി. കൂടാതെ, മെക്സിക്കൻ അതിർത്തി മതിലിന്റെ  നിർമ്മാണം നിർത്തിവയ്ക്കുകയും, ട്രംപിന്റെ മൾട്ടി-ബില്യൺ ഡോളർ പദ്ധതി റദ്ദാക്കുകയും ചെയ്തു.

ജൂലൈയിൽ തെക്കൻ അതിർത്തിയിൽ  നിന്ന് ഏകദേശം 2,00,000 പേരെ ബോർഡർ പട്രോൾ അറസ്റ്റ് ചെയ്തു, 21 വർഷത്തിനിടെ ഒരു മാസം ഏറ്റവും കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തിയത് ജൂലൈയിലായിരുന്നു. രക്ഷാകർത്താക്കൾ  ഒപ്പമില്ലാത്ത 19,000 -ലധികം കുട്ടികളും 76,000 കുടുംബങ്ങളും അതിർത്തി കടക്കാൻ ശ്രമിച്ചിരുന്നു.

യുഎസിലെ  നാടുകടത്തൽ മുൻഗണനകളും ബൈഡൻ പുനർനിർവചിച്ചു. ഉയർന്ന കുറ്റകൃത്യങ്ങൾ ചെയ്തവർ മാത്രമേ നീക്കംചെയ്യലിന് വിധേയരാകുകയുള്ളൂ എന്നതാണ് പുതിയ നയം. യു‌എസിൽ  രേഖകളില്ലാതെ കഴിയുന്ന  ജനസംഖ്യയുടെ 87 ശതമാനത്തിലധികം പേരും ബൈഡന്റെ ഉത്തരവോടെ നാടുകടത്തലിൽ നിന്ന് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് MPI കണക്കാക്കുന്നു.

ട്രംപ് ഭരണകാലത്തെ അപേക്ഷിച്ച് നിലവിൽ അറസ്റ്റുകളുടെയും തടങ്കലുകളുടെയും എണ്ണം ഗണ്യമായി കുറഞ്ഞെന്ന് ചിഷ്തി വിലയിരുത്തി.

 ഇന്ത്യയിൽ നിന്നുള്ള അഭയാർത്ഥികൾ  (കൂടുതലും  സിഖുകാർ) ICE കസ്റ്റഡിയിൽ നീണ്ട തടങ്കലിൽ തുടരുകയും ബോണ്ട് ഹിയറിംഗ് നടക്കാതെ വരികയും ചെയ്തതിന്റെ ,പ്രതിഷേധസൂചകമായി  2015 ൽ നിരാഹാര സമരം നടത്തിയതോടെയാണ്  ചിലരുടെയെങ്കിലും കേസ് 2018 നുള്ളിൽ  പരിഗണിച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക