Image

'തുയിലുണര്‍ത്തും' തരംഗമായി ഓണപ്പാട്ട് മനം നിറയ്ക്കും

Published on 21 August, 2021
 'തുയിലുണര്‍ത്തും' തരംഗമായി ഓണപ്പാട്ട് മനം നിറയ്ക്കും

ബെര്‍ലിന്‍ : മണമുള്ള മുല്ലപോലെ ഓണക്കാലത്ത് മൃഷ്ടാന്നഭോജനമാക്കി മനം നിറയ്ക്കുന്ന ഉല്‍സവഗാന ആല്‍ബം 'തുയിലുണരും' തിരുവോണ തരംഗമായി മാറി. നാടിന്റെ ഓര്‍മകള്‍ നാട്ടാരെക്കാള്‍ തിളങ്ങി നില്‍ക്കുക പ്രവാസികളുടെ മനസിലായിരിക്കുമെന്നു പറയാറുണ്ട്. മുറ്റത്തെ മണമില്ലാത്ത മുല്ലയല്ല പ്രവാസിയുടെ ഓണം, അത് നഷ്ടസ്മൃതികളുടെ ഗൃഹാതുരത്വമാണ്. സുഖമുള്ള നൊമ്പരമാണ്, ഓര്‍മകളുടെ ഉത്സവമാണ്. സംശയമുണ്ടെങ്കില്‍ 'തുയിലുണരും തിരുവോണം' എന്ന ഓണപ്പാട്ടൊന്നു കേട്ടു നോക്കിയാല്‍ മാത്രം മതി.

ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും ഉത്സവഗാനങ്ങളുമായി ഇതിനകം സംഗീതാസ്വാദകരുടെ മനസില്‍ ഇടം നേടിക്കഴിഞ്ഞ ജോസ് കുമ്പിളുവേലിലാണ് തിരുവോണത്തെ തുയിലുണര്‍ത്തുന്ന വരികള്‍ക്കു പിന്നില്‍. പതിറ്റാണ്ടുകളായി ജര്‍മനിയില്‍ താമസിക്കുന്ന പത്രപ്രവര്‍ത്തകന്‍ കുമ്പിളുവേലിയുടെ വരികളില്‍ നിറയുന്നതോ മലയാളത്തനിമയും കേരളത്തിന്റെ ഗന്ധവും നാക്കിലയില്‍ വിളമ്പിയ ഓണസദ്യയുടെ രുചിയും.

ഷാന്റി ആന്റണി അങ്കമാലിയുടെ സംഗീതം ഈ ഗാനത്തെ ഓണത്തിന്റെ ആഘോഷഭാവങ്ങളിലേക്ക് എടുത്തുയര്‍ത്തുമ്പോഴും നൊമ്പരത്തിന്റെ ഒരു നേര്‍ത്ത ധാര ഈ മനോഹര ഗാനത്തിലുടനീളം നിശബ്ദമായൊഴുകുന്നുണ്ട്. അല്ലെങ്കിലും, പോയ കാലത്തിന്റെ സമൃദ്ധിയെക്കുറിച്ചുള്ള ഓര്‍മയാണല്ലോ ഓണം. ഇത്തിരി നൊമ്പരം കൂടിയില്ലാതെ മലയാളിക്കെങ്ങനെ ഓരോ വര്‍ഷവും മാവേലിത്തമ്പുരാനോട് വിടപറയാനാകും.
തെളിഞ്ഞൊഴുകുന്ന അരുവി പോലെ ചിത്ര അരുണിന്റെ ആലാപനം പാട്ടിനു മറ്റൊരു മനോജ്ഞ ഭാവം പകരുന്നുണ്ട്. വോക്കലും പശ്ചാത്തലസംഗീതവും ഇഴചേര്‍ന്നൊഴുകയാണ് പാട്ടില്‍. ക്‌ളീഷേ ഓണത്താളങ്ങളില്‍ നിന്നു വിട്ടുനിന്നുകൊണ്ടു തന്നെ ഓണത്തുടിപ്പുകള്‍ പാട്ടിലേക്ക് സന്നിവേശിപ്പിക്കുന്നതാണ് മനോജ് കുന്നിക്കോടിന്റെ ഓര്‍ക്കസ്‌ട്രേഷന്‍.

മ്യൂസിക് ആല്‍ബമാണെങ്കിലും ദൃശ്യമികവിനെക്കുറിച്ച് കൂടി ഒരു വാക്ക് പറയാതെ അവസാനിപ്പിക്കാനാവില്ല. ഓരോ ഫ്രെയിമിലും ഓണത്തിന്റെ ഭാവ സൗന്ദര്യം തിളങ്ങി നില്‍ക്കുന്നുണ്ട്. ഛായാഗ്രഹണത്തിലെയും എഡിറ്റിങ്ങിലെയും മികവ് കൂടിച്ചരുമ്പോള്‍ തുയിലുണരും തിരുവോണം ഒരു സമ്പൂര്‍ണ ഓണസദ്യ തന്നെയായി മാറുന്നു. ഓണത്തിന് ഇലത്തുമ്പിലെ ശര്‍ക്കരവരട്ടി പോലെ മനസില്‍ മായാത്ത മധുരം വിളമ്പും ഈ തുയിലുണര്‍ത്തുപാട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക