Image

നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍: യുവധാര മാള്‍ട്ട ഇന്ത്യന്‍ അംബാസഡര്‍ക്ക് നിവേദനം നല്‍കി

Published on 12 August, 2021
നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍: യുവധാര മാള്‍ട്ട ഇന്ത്യന്‍ അംബാസഡര്‍ക്ക് നിവേദനം നല്‍കി



വലേറ്റ: യൂറോപ്പിലെ ദ്വീപ് രാഷ്ട്രമായ മാള്‍ട്ടയില്‍ കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ നിന്നും വരുന്ന യാത്രക്കാരോട് അതോറിറ്റി നിര്‍ദേശിക്കുന്ന നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ നടപടിക്കെതിരെ മാള്‍ട്ടയിലെ ഇടതുപക്ഷ സംഘടനയായ യുവധാര മാള്‍ട്ട ഇന്ത്യന്‍ അംബാസഡര്‍ക്ക് നിവേദനം നല്‍കി.

ഇന്ത്യ ഉള്‍പ്പെടെ മുപ്പതോളം രാജ്യങ്ങള്‍ 'ഡാര്‍ക്ക് റെഡ്' ലിസ്റ്റിലാണ്. ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.

മാള്‍ട്ടയില്‍ നിന്നും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് നാട്ടില്‍ അവധിക്കു പോയി തിരിച്ചു വരുന്ന പ്രവാസികളോട് ഉള്‍പ്പെടെ അധികൃതര്‍ 14 ദിവസത്തേക്ക് 1,400 യൂറോ (1,25,000 രൂപ) തുക ചെലവഴിച്ച് നിര്‍ബന്ധപൂര്‍വം അതോറിറ്റി മുന്‍ നിശ്ചയിച്ച ആഡംബര ഹോട്ടലില്‍ പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്. കൂടാതെ വലിയൊരു തുക നല്‍കി അവിടെ നിന്ന് തന്നെ ഭക്ഷണം കഴിപ്പിക്കുകയും, ഭക്ഷണത്തിന് തുക നല്‍കാത്തവര്‍ക്ക് അടിസ്ഥാന ആവശ്യമായ ഭക്ഷണവും ലഭ്യമാകാത്ത സാഹചര്യമാണുള്ളത്

മുന്‍പ് 150 യൂറോ മാത്രം ചെലവാകുന്ന ഫ്‌ളാറ്റുകളില്‍ ഇന്ത്യയില്‍ നിന്നും വരുന്നവര്‍ക്ക് ക്വാറന്റനില്‍ കഴിയാന്‍ അവസരം ഉണ്ടായിരുന്നു. എന്നാല്‍ മറ്റ് ഡാര്‍ക്ക്, റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് ഈ നിബന്ധന ബാധകമല്ല എന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത. 150 യൂറോ മാത്രം ചെലവാക്കി 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിരുന്ന സാഹചര്യത്തില്‍ നിന്ന് നിലവില്‍ 1,400 യൂറോ മുടക്കി നിര്‍ബന്ധിത ഹോട്ടല്‍ ക്വാറെന്റീന്‍ ഭാഗമാവുകയാണ് ഇന്ത്യന്‍ യാത്രക്കാര്‍. അധികൃതര്‍ ഇന്ത്യക്കാരില്‍ നിന്നും ഈടാക്കുന്നതിന്റെ 10 ശതമാനം മാത്രമാണ് ബാക്കിയുള്ള ഇതേ വിഭാഗത്തില്‍പ്പെട്ട രാജ്യത്തില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ചെലവാകുന്നത്.


മാള്‍ട്ടയിലെ ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണ്. ഭൂരിഭാഗം മലയാളികളുടെയും ഒരു മാസത്തെ ശന്പളത്തിനും മുകളിലാണ് ഗവണ്‍മെന്റ് 14 ദിവസം ക്വാറെന്റീനു വേണ്ടി ഈടാക്കുന്നത്. മാള്‍ട്ടാ അധികൃതരുടെ ഹീനമായ ഈ നടപടിയില്‍ നിന്നും പിന്‍മാറുവാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മാള്‍ട്ട സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികള്‍ ആവശ്യപ്പെട്ടാണ് യുവധാര മാള്‍ട്ട ഇന്ത്യന്‍ അംബാസഡര്‍ സംഗീത ബഹദൂറിന് നിവേദനം നല്‍കിയത്.

യുവധാര മാള്‍ട്ടയുടെ പ്രതിനിധികളായ സെക്രട്ടറി ബെസ്‌ററിന്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് വിഷ്ണു ഉദയ്, എകിസിക്യൂട്ടീവ് അംഗം ജിജോ ചെറിയാന്‍ എന്നിവരാണ് ഇന്ത്യന്‍ എംബസിയില്‍ നേരിട്ടെത്തി നിവേദനം നല്‍കിയത്. ഇക്കാര്യത്തില്‍ എംബസിയുടെ ഭാഗത്ത് നിന്ന് അനുഭാവ പൂര്‍ണമായ നടപടി ഉണ്ടാകുമെന്ന ഉറപ്പും പിന്തുണയും ലഭിച്ചതായി യുവധാര മാള്‍ട്ട അറിയിച്ചു.


റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക