Image

ജര്‍മന്‍ കോണ്‍സുലേറ്റില്‍ വ്യാജരേഖ ചമച്ച് വീസ അപേക്ഷ; മുംബൈയില്‍ 8 പേര്‍ അറസ്റ്റില്‍

Published on 06 August, 2021
ജര്‍മന്‍ കോണ്‍സുലേറ്റില്‍ വ്യാജരേഖ ചമച്ച് വീസ അപേക്ഷ; മുംബൈയില്‍ 8 പേര്‍ അറസ്റ്റില്‍


ബെര്‍ലിന്‍: മുംബൈയിലെ ജര്‍മന്‍ കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ ചമച്ച് വീസക്ക് അപേക്ഷിച്ചതിന് എട്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി ജര്‍മന്‍ വീസ തരപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റു ചെയ്തതെന്ന് മുംബൈ മറൈന്‍ഡ്രൈവ് പോലീസ് പറഞ്ഞു. ബിസിനസ്, ടൂറിസ്‌ററ്, സീമാന്‍ വീസകള്‍ക്കായിരുന്നു അപേക്ഷ നല്‍കിയത്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമായിരുന്നുവെന്ന് കണ്ടെത്തിയതിനെതുടര്‍ന്നായിരുന്നു നടപടി.

ബംഗളുരുവിലെ ജര്‍മന്‍ കോണ്‍സുലേറ്റിലും വീസ അപ്പോയിന്റ്‌മെന്റ്, സ്‌ളോട്ട് നല്‍കുന്ന രീതിയിലും വലിയ ഒരു തട്ടിപ്പ് മാഫിയ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വീസ അപ്പോയിന്റ്‌മെന്റ്, വിദ്യാര്‍ഥി വീസ, മറ്റു വീസ അപ്പോയ്‌മെന്റുകള്‍ക്കും സ്‌ളോട്ടുകള്‍ കിട്ടാന്‍ നാളുകളെണ്ണി കാത്തിരിക്കേണ്ട ഗതികേടിലാണ് അപേക്ഷാര്‍ഥികള്‍. 10,000 മുതല്‍ 40,000 വരെ രൂപ വരെയാണ് അപ്പോയിന്റ്‌മെന്റുകള്‍ ശരിയാക്കി നല്‍കുന്നതിന് അപേക്ഷാര്‍ഥികളില്‍നിന്നും ഇവര്‍ ഈടാക്കുന്നത്. ഇത്തരക്കാര്‍ ബംഗളുരുവില്‍ മാത്രമല്ല കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നതായാണ് അപേക്ഷകര്‍ പറയുന്നത്.

ഇത്തരം മാഫിയകള്‍ക്ക് നേതൃത്വം വഹിക്കുന്നത് മലയാളികളാണ്. ഇവരുടെ ഏജന്റുമാരായി നിരവധിയാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുപോലെതന്നെ ജര്‍മനിയിലേയ്ക്ക് നഴ്‌സിംഗ് , നഴ്‌സിംഗ് പഠന വീസ, വൊക്കേഷണല്‍ ട്രെയിനിംഗ് വീസ, വിദ്യാര്‍ഥി വീസ തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ജര്‍മനിയിലും നിരവധിയാളുകള്‍ ഏജന്റിന്റെ കുപ്പായമണിഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന പ്രവണത ഇപ്പോള്‍ ഏറിവരികയാണ്. ഇത്തരം ഏജന്റുമാരുടെ പ്രലാഭനങ്ങളില്‍പ്പെട്ട് ധനനഷ്ടവും മാനഹാനിയും സംഭിച്ച നിരവധിയാളുകള്‍ ഉണ്ട്. ഇത്തരത്തിലൊരു വലിയ ഏജന്റിനെയാണ് കഴിഞ്ഞദിവസം കൊച്ചിയില്‍ പിടി കൂടിയത്.

ജര്‍മനിയിലെ പലവിവരങ്ങളും പെരുപ്പിച്ചുകാട്ടിയാണ് ഇവര്‍ ആളുകളെ വലയിലാക്കുന്നത്. ഇവര്‍ക്ക് കേരളത്തിലും ജര്‍മനിയിലും ഇറ്റലിയിലും ഒക്കെ മലയാളികള്‍ സബ് ഏജന്റുമാരായി പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുണ്ട്. നിര്‍ഭാഗ്യമെന്നു പറയട്ടെ സര്‍ക്കാര്‍ ഇത്തരക്കാര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് വസ്തുത.

ജര്‍മനിയിലേയ്ക്ക് ജോലിക്കും പഠനത്തിനുമായി വരാന്‍ ഒരു ഏജന്റിന്റേയും ആവശ്യമില്ല. ഒരു രാജ്യത്തുനിന്നും ആളുകളെ റിക്രൂട്ട്‌മെന്റ് ചെയ്യാന്‍ ഒരു ഏജന്റിനെയും ചുമതലപ്പെടുത്തിയുട്ടുമില്ല. ബിടു ലെവല്‍ പരീക്ഷ പാസായ ആര്‍ക്കും ഓണ്‍ലൈന്‍വഴിയായി ജോലി കണ്ടുപിടിച്ച് ജര്‍മനിയില്‍ എത്താനാവും. അതുപോലെ വിദ്യാര്‍ഥികള്‍ക്കും. ഇക്കാര്യത്തിലുള്ള അജ്ഞതയാണ് പലരും ഇത്തരം തട്ടിപ്പുകാര്‍ക്ക് ഇരയാകുന്നുവെന്നു കരുതാന്‍.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക