Image

ഭീകരാക്രമണ പദ്ധതി: മുന്‍ എംഎല്‍എയുടെ കൊച്ചുമകന്‍ ഉള്‍പ്പടെ 4 പേര്‍ അറസ്റ്റില്‍

Published on 05 August, 2021
ഭീകരാക്രമണ പദ്ധതി: മുന്‍ എംഎല്‍എയുടെ കൊച്ചുമകന്‍ ഉള്‍പ്പടെ 4 പേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി : കേരളത്തിലടക്കം ഭീകരാക്രമണങ്ങള്‍ക്കു പദ്ധതിയിട്ട കേസില്‍ 4 പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്നു സംശയിക്കുന്നവരെയാണ് കശ്മീര്‍, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ബെംഗളൂരു സ്വദേശി ശങ്കര്‍ വെങ്കിടേഷ് പെരുമാള്‍, മംഗളൂരു സ്വദേശി അമ്മര്‍ അബ്ദുല്‍ റഹ്മാന്‍, കശ്മീര്‍ സ്വദേശികളായ ഉബൈദ് ഹമീദ്, മുസ്സമ്മില്‍ ഹസന്‍ ഭട്ട് എന്നിവരെ ഇന്നു ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്തെത്തിക്കും. മംഗളൂരുവില്‍ അറസ്റ്റിലായ അമ്മര്‍ അബ്ദുല്‍ റഹ്മാന്‍ കര്‍ണാടക ഉള്ളാളിലെ മുന്‍ എംഎല്‍എ പരേതനായ ബി.എം.ഇദിനബയുടെ മകന്‍ ബി.എം.ബാഷയുടെ മകനാണ്.

ഐഎസുമായുള്ള ബന്ധത്തിന്റെ പേരില്‍ മലയാളിയായ മുഹമ്മദ് അമീന്‍ (അബു യഹിയ) ഉള്‍പ്പെടെ 3 പേരെ കഴിഞ്ഞ മാര്‍ച്ചില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കശ്മീരിലും കര്‍ണാടകയിലും റെയ്ഡ് നടത്തിയത്. ബി.എം.ബാഷയുടെ ഉള്ളാള്‍ മാസ്തിക്കട്ടെയിലെ വീട്ടില്‍ ഇന്നലെ രാവിലെ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നാണ് അമ്മറിനെ അറസ്റ്റ് ചെയ്തത്.

ബാഷയുടെ മകളുടെ മകളായ അജ്മല 2016ല്‍ ഐഎസില്‍ ചേര്‍ന്നിരുന്നു. അജ്മല, ഭര്‍ത്താവ് കാസര്‍കോട് തൃക്കരിപ്പൂര്‍ പടന്നയിലെ ഷിയാസ്, അന്ന് ഒന്നര വയസ്സുണ്ടായിരുന്ന മകന്‍ എന്നിവരടക്കം 12 പേരാണു പടന്നയില്‍ നിന്ന് അന്നു സിറിയയിലെത്തി ഐഎസില്‍ ചേര്‍ന്നതായി കണ്ടെത്തിയിരുന്നത്. എന്‍ഐഎ ഡയറക്ടര്‍ ഉമയുടെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍ നിന്നെത്തിയ 25 പേരടങ്ങുന്ന സംഘമാണു പരിശോധന നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക