Image

കോവിഡ് രണ്ടാം തരംഗത്തില്‍ കേരളം പരാജയപ്പെട്ടു'; കുറ്റപ്പെടുത്തി കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്

Published on 04 August, 2021
കോവിഡ് രണ്ടാം തരംഗത്തില്‍ കേരളം പരാജയപ്പെട്ടു'; കുറ്റപ്പെടുത്തി കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രസംഘം. മിക്ക ജില്ലകളിലും വേണ്ടത്ര പരിശോധനാ-നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നും രോഗം കണ്ടെത്തുന്നതില്‍ മെല്ലെപ്പോക്കെന്നും കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്. ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റുകള്‍ വേണ്ടത്ര ഉപയോഗിക്കുന്നില്ല. രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തുന്നതില്‍ അലംഭാവം കാണിക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം സന്ദര്‍ശിച്ച കേന്ദ്രസംഘം അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

 കേരളത്തില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രസംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ടിലാണ് രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ല എന്ന വിമര്‍ശനമുള്ളത്. മിക്ക ജില്ലകളിലും വേണ്ടത്ര പരിശോധനാ നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നുള്ളതാണ് റിപ്പോര്‍ട്ടിന്റെ കാതല്‍. രോഗം കണ്ടെത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിലും വീഴ്ച വരുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

കോവിഡ് ഒന്നാംതരംഗത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച സംവിധാനങ്ങള്‍ രണ്ടാംതരംഗത്തില്‍ അലസത കാണിച്ചുവെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം. ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റുകള്‍ വേണ്ടത്ര രീതിയില്‍ ഉപയോഗപ്പെടുത്തുന്നില്ല. ആര്‍.ടി.പി.സി.ആറിനെക്കാള്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. മിക്കജില്ലകളിലും ആര്‍.ടി.പി.സി.ആര്‍. -റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് അനുപാതം 80: 20 ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഗാര്‍ഹിക നിരീക്ഷണത്തില്‍ വീഴ്ചയുണ്ടായി, അതാണ് രോഗവ്യാപനത്തിന് കാരണമായതെന്നാണ് സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡവ്യ, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക