Image

കോവിഡ് വില്ലനായി; ലോട്ടറി സമ്മാനത്തുക കിട്ടിയില്ല; കോടിപതി കടക്കാരനായതു മിച്ചം

Published on 04 August, 2021
കോവിഡ് വില്ലനായി; ലോട്ടറി സമ്മാനത്തുക കിട്ടിയില്ല; കോടിപതി കടക്കാരനായതു മിച്ചം


അയിലൂര്‍: ഒരു ഭാഗ്യക്കുറി കിട്ടിയത് ജീവിതത്തെ ഇത്രമേല്‍ കെണിയിലാക്കുമെന്ന് മണി തിരിച്ചറിഞ്ഞില്ല. സംസ്ഥാനസര്‍ക്കാരിന്റെ 'ഭാഗ്യമിത്ര' ലോട്ടറിയുടെ ഒരു കോടി രൂപയുടെ സമ്മാനമടിച്ച മണിയെ നോക്കി പരിചയക്കാരൊക്കെ പറഞ്ഞു: ''ഭാഗ്യവാന്‍, കോടിപതിയായല്ലോ' 

അയിലൂര്‍ കരിമ്പാറ പട്ടുകാട് സ്വദേശി മണിയ്ക്കാണ് നിനച്ചിരിക്കാതെ കിട്ടിയ ഭാഗ്യക്കുറി കടക്കെണിയൊരുക്കിയത്. ജനുവരി മൂന്നിന് നടത്തിയ നറുക്കെടുപ്പാണ് മണിയെ കോടിപതിയാക്കിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് അയിലൂരിലെ സഹകരണബാങ്കിലും നല്‍കി. സമ്മാനത്തുക കിട്ടിയാല്‍ തിരിച്ചടയ്ക്കാമെന്ന് കരുതി ബാങ്കില്‍നിന്ന് 50,000 രൂപ വായ്പയുമെടുത്തു. എന്നാല്‍, ഏഴുമാസം കഴിഞ്ഞിട്ടും സമ്മാനത്തിനായുള്ള കാത്തിരിപ്പ് നീണ്ടതോടെ മണി ശരിക്കും വെട്ടിലായി. കോടിപതിയായ മണി കടക്കാരനായി മാറി.

സഹകരണബാങ്കില്‍നിന്ന് ഭാഗ്യക്കുറി മാറ്റിനല്‍കാന്‍ സാങ്കേതികമായി പറ്റില്ലെന്ന അറിയിപ്പ് കിട്ടിയതോടെ മണി സമ്മാനാര്‍ഹമായ ടിക്കറ്റ് കേരള ബാങ്കിന്റെ നെന്മാറ ശാഖയില്‍ സമര്‍പ്പിച്ചു. ഭാഗ്യക്കുറിവകുപ്പ് ആവശ്യപ്പെട്ട രേഖകളെല്ലാം കൈമാറിയെങ്കിലും ഭാഗ്യക്കുറി അറിയിപ്പുപോലെ നാളെ നാളെ..യെന്ന് മണിയുടെ കാത്തിരിപ്പ് നീളുകയാണ്. കോടിപതിയെന്ന പേരുവീണതോടെ കൂലിപ്പണിക്ക് പതിവായി വിളിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ വിളിക്കുന്നില്ലെന്ന് മണി പറയുന്നു. അമ്മ കല്യാണിയുടെ ചികിത്സ
യ്ക്കുള്ള തുകപോലും കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്ന് മണി പറഞ്ഞു. ഇനി, മകളുടെ കല്യാണം ഉറപ്പിച്ചാല്‍ അതിനുമുമ്പെങ്കിലും തുക കിട്ടാതിരിക്കില്ലെന്ന് മണി ആശ്വസിക്കുന്നു. ഭാര്യ തങ്കമണി, മകള്‍ ഷീജ, മകന്‍ രഞ്ജിത്ത് എന്നിവരടങ്ങിയതാണ് കുടുംബം. 

ഷീജ നേരത്തെ നെന്മാറയിലെ ടെക്സ്റ്റൈല്‍സില്‍ ജോലിക്ക് പോയിരുന്നെ
ങ്കിലും അടച്ചുപൂട്ടലായതോടെ അതും നിലച്ചു. കോവിഡ് അടച്ചുപൂട്ടലിനെത്തുടര്‍ന്ന് ഭാഗ്യക്കുറിവില്പന തടസ്സപ്പെട്ടതുമൂലമാണ് സമ്മാനത്തുക നല്‍കുന്നതില്‍ കാലതാമസമുണ്ടായതെന്നാണ് ലോട്ടറിവകുപ്പിന്റെ വിശദീകരണം. ഇപ്പോള്‍ മുന്‍ഗണനാക്രമത്തിലാണ് പണം വിതരണമെന്നും ഓണത്തിന് മുന്‍പ് മണിയുടെ സമ്മാനത്തുക നല്‍കുമെന്നും അവര്‍ പറഞ്ഞു 

(ഉറവിടം: മാതൃഭൂമി)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക