Image

ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മകനും അമ്മയും വീണ്ടും അറസ്‌റ്റില്‍

Published on 04 August, 2021
ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മകനും അമ്മയും വീണ്ടും അറസ്‌റ്റില്‍
കോഴിക്കോട്; ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മകനും അമ്മയും വീണ്ടും അറസ്റ്റിലായി.കോഴിക്കോട് രാമനാട്ടുകര നികേതം വീട്ടില്‍ വിബിന്‍ കാര്‍ത്തിക്, അമ്മ ശ്യാമള എന്നിവരെയാണ് ഗുരുവായൂര്‍ ടെമ്ബിള്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാജരേഖ ചമച്ച്‌ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 24 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ് . 14 ലക്ഷത്തിന്റെ കാര്‍ വാങ്ങാനായി ലോണെടുത്ത ശേഷം വിലകുറഞ്ഞ വണ്ടിയെടുക്കുകയും ആര്‍ സി ബുക്ക് തിരുത്തി അതേ വാഹനമാണെന്ന് കാണിച്ച്‌ ബാങ്കിനെ കബളിപ്പിക്കുകയുമായിരുന്നു. പിന്നീട് മറ്റൊരു വാഹനത്തിന് 10 ലക്ഷവും വായ്പ എടുത്തിരുന്നു.ഗുരുവായൂര്‍ എസിപി കെ ജി സുരേഷ്, സിഐ സി പ്രോമാനന്ദ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരേയും അറസ്റ്റ് ചെയ്തത്.

രണ്ട് വാഹനങ്ങളുടേയും തിരച്ചടവ് ഇല്ലാതായതോടെ കഴിഞ്ഞ ഫെബ്രുവരി 26 ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്‍കി. . വിബിന്‍ നേരത്തെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം കാര്‍ത്തിക് വേണു ഗോപാല്‍ എന്ന പേരില്‍ കോഴിക്കോട് വാടക വീടെടുത്ത് താമസിക്കുകയായിരുന്നു. വാഹന പരിശോധനക്കിടെ പൊലീസ് ഗുരുവായൂരില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. 2019 ഒക്ടോബര്‍ 27ന് അമ്മയേയും മകനേയും സമാനമായ കേസില്‍ ടെമ്ബിള്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഗുരുവായൂരിലെ ബാങ്ക് മാനേജരായ കുന്നംകുളം സ്വദേശി സുധയെ കബളിപ്പിച്ച്‌ 97 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലായിരുന്നു അന്ന് അറസ്റ്റിലായത്. പിന്നീട് ഇവര്‍ക്കെതിരെ ബാങ്കുകാര്‍ അടക്കം നിരവധി പേര്‍ പരാതിയുമായെത്തി.

വിബിന്‍ ഐപി.എസ് ഉദ്യോഗസ്ഥനാണെന്ന വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വിവിധ ബാങ്കുകളില്‍ നിന്ന് ആഡംബര കാറുകള്‍ വായ്പയെടുക്കുകയും പിന്നീട് വായ്പ അടച്ച്‌ തീര്‍ന്നതായുള്ള വ്യാജരേഖയുണ്ടാക്കി കാര്‍ മറിച്ച്‌ വില്‍പ്പന നടത്തുകയുമാണ് പതിവ്. തൃശൂര്‍ സിവില്‍ സ്റ്റേഷന്‍ ലോക്കല്‍ഫണ്ട് ഓഡിറ്റ് ഓഫീസര്‍ എന്ന വ്യാജ രേഖയുണ്ടാക്കി ശ്യാമളയാണ് വിബിന് ബാങ്കുകളില്‍ ജാമ്യം നിന്നിരുന്നത്. ഐപിഎസ് പരീക്ഷ പാസായെന്നും ഇന്റര്‍വ്യു മാത്രമാണ് ബാക്കിയുള്ളതെന്നുമാണ് വിബിന്‍ നാട്ടുകാരെ പറഞ്ഞ് ധരിപ്പിച്ചിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക