നായാട്ടിന്റെ ഹിന്ദി റീമേക്ക് അവകാശം ബോളിവുഡ് നടനും നിര്‍മ്മാതാവുമായ ജോണ്‍ എബ്രഹാം നേടി. അതേസമയം ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് അവകാശം നേടിയിരിക്കുന്നത് അല്ലു അര്‍ജുന്‍ ആണ്. ചിത്രത്തിന്റെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് നല്‍കിയ ഒരു ഇന്റര്‍വ്യൂവിലാണ് വിവരം അറിയിച്ചത്.
നായാട്ട് തമിഴിലും റീമേക്ക് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. തമിഴില്‍ ഇതിന്റെ അവകാശം നേടിയിരിക്കുന്നത് സംവിധായകന്‍ ഗൗതം മേനോനാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല.
വളരെയധികം ജനപ്രീതി നേടിയ ചിത്രം കൂടിയാണ് നായാട്ട്. ന്യൂയോര്‍ക്ക് ടൈംസ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ കാണേണ്ട അഞ്ച് മികച്ച സിനിമകളില്‍ ഒന്നായി നായാട്ടും തെരഞ്ഞെടുത്തിരുന്നു. തീയേറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുകയായിരുന്നു.
ഏപ്രില്‍ 8 നാണ് ചിത്രം റിലീസ് ചെയ്‌തത്. ചാക്കോച്ചനെ കൂടാതെ നിമിഷ സജയന്‍ നായാട്ടില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അന്തരിച്ച അനില്‍ നെടുമങ്ങാട്,ജാഫര്‍ ഇടുക്കി,ഹരികൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തിയിരുന്നു