Image

ഫോമാ കണ്‍വെന്‍ഷന്‌ കൊടി ഉയരാന്‍ ആഴ്‌ചകള്‍ മാത്രം

ജോയിച്ചന്‍ പുതുക്കുളം Published on 27 June, 2012
ഫോമാ കണ്‍വെന്‍ഷന്‌ കൊടി ഉയരാന്‍ ആഴ്‌ചകള്‍ മാത്രം
വടക്കേ അമേരിക്കയിലെ സാംസ്‌കാരിക സംഘടനാ നേതാക്കളേയും പ്രവര്‍ത്തകരേയും ഫോമയുടെ അഭ്യുദയകാംക്ഷികളേയും പങ്കെടുപ്പിച്ചുകൊണ്ട്‌ നടക്കുന്ന ഫോമയുടെ മൂന്നാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, സെക്രട്ടറി ബിനോയി തോമസ്‌, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, വൈസ്‌ പ്രസിഡന്റ്‌ സ്റ്റാന്‍ലി കളരിക്കമുറി, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്‌ എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നില്‍ നടക്കുന്ന ഫോമാ കണ്‍വെന്‍ഷന്‌ വളരെ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നത്‌. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും ഒട്ടേറെ കുടുംബങ്ങള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞു. വിപുലമായ പരിപാടികളാണ്‌ കണ്‍വെന്‍ഷന്‌ ഫോമാ നേതാക്കള്‍ ഒരുക്കിയിരിക്കുന്നത്‌. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാവരേയും ആനന്ദത്തിലാറാടിക്കുന്ന കലാപരിപാടികള്‍ക്കു പുറമെ ഗ്രാമ സംഗമം, ചിരിയരങ്ങ്‌, നഴ്‌സസ്‌ സെമിനാര്‍, പൊളിറ്റക്കല്‍, റിലീജിയസ്‌ സെമിനാര്‍, ബിസിനസ്‌ സെമിനാര്‍, വനിതാ സമ്മേളനം, ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സ്‌, യുവാക്കള്‍ക്കായി ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌, വോളിബോള്‍ മത്സരം, യൂത്ത്‌ ഫെസ്റ്റിവല്‍, ഫാഷന്‍ ഷോ തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ ഒരുക്കുകയാണ്‌ ഫോമ.

കേരളത്തിലെ രാഷ്‌ട്രീയ-സിനിമാ-കലാ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പ്രഗത്ഭരാണ്‌ ഫോമാ കണ്‍വെന്‍ഷനില്‍ പങ്കുചേരുന്നത്‌. കേരളാ വനംവകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍, സാഹിത്യ രംഗത്തെ അതികായരായ മാനസി, ടി.പി. ശ്രീനിവാസന്‍, ഡോ. ബാബു പോള്‍, ഡോ. എം.വി. പിള്ള തുടങ്ങി ഒട്ടേറെ സാഹിത്യ നായകന്മാരും ഫോമാ കണ്‍വെന്‍ഷനില്‍ പങ്കുചേരുവാന്‍ തയാറായിക്കഴിഞ്ഞു.

ഓഗസ്റ്റ്‌ ഒന്നിന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടു മണിക്ക്‌ അംബര്‍ പാലസ്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്‌ഘാടനത്തോടുകൂടി ഫോമാ കണ്‍വെന്‍ഷന്‌ തിരി തെളിയും. ന്യൂയോര്‍ക്ക്‌ ഗവര്‍ണര്‍, അറ്റോര്‍ണി ജനറല്‍, സെനറ്റര്‍മാര്‍, മേയര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ കേരളത്തിലെ മന്ത്രിമാരും രാഷ്‌ട്രീയ-സാംസ്‌കാരിക-സാഹിത്യ-സിനിമാ രംഗത്തെ അതികായന്മാരും സാക്ഷികളാകും.

അഞ്ചുമണിയോടെ കാര്‍ണിവല്‍ ഗ്ലോറിയ ന്യൂയോര്‍ക്ക്‌ തീരത്തുനിന്നും കാനഡയിലേക്ക്‌ യാത്ര തിരിക്കുമ്പോള്‍ തുടര്‍ന്നുള്ള അഞ്ച്‌ ദിനങ്ങള്‍ അമേരിക്കന്‍ മലയാളികളെ കാത്തിരിക്കുന്നത്‌ മനസ്സില്‍ എന്നെന്നും താലോലിക്കാവുന്ന ഓര്‍മ്മകളായിരിക്കും. പി.ആര്‍.ഒ അനിയന്‍ ജോര്‍ജ്‌ അറിയിച്ചതാണിത്‌. www.fomaa.org
ഫോമാ കണ്‍വെന്‍ഷന്‌ കൊടി ഉയരാന്‍ ആഴ്‌ചകള്‍ മാത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക