Image

ഒടുവില്‍ താലിബാന്‍ സമ്മതിച്ചു മുഹമ്മദ് ഖാസയെ ഞങ്ങള്‍ കൊന്നതാണ്

ജോബിന്‍സ് Published on 03 August, 2021
ഒടുവില്‍ താലിബാന്‍ സമ്മതിച്ചു മുഹമ്മദ് ഖാസയെ ഞങ്ങള്‍ കൊന്നതാണ്
ഹാസ്യനടന്‍ മുഹമ്മദ് ഖാസായെ തങ്ങള്‍ വധിച്ചതാണെന്ന് ഒടുവില്‍ താലിബാന്‍ സമ്മതിച്ചു. ഇതുവരെ ഇക്കാര്യം പലവട്ടം നിഷേധിച്ച താലിബാന്‍ വീഡിയോ ദൃശ്യങ്ങളടക്കം നിരവധി തെളിവുകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് ഒടുവില്‍ കുറ്റ സമ്മതം നടത്തിയത്. ആഗോളതലത്തില്‍ ശക്തമായ പ്രതിഷേധമാണ് വിഷയത്തില്‍ ഉയരുന്നത്. 

കോമഡി വീഡിയോകളിലൂടെ പ്രശസ്തനായ വ്യക്തിയായിരുന്നു ഖാസാ സ്വാന്‍ എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് ഖാസ. സിനിമകളിലും മറ്റും അഭിനയിക്കുന്നത് താലിബാന്‍ നിയമത്തിനെതിരായയതിനാല്‍ ഇയാളെ പിടിച്ചുകൊണ്ടു പോയി താലിബാന്‍ കൊന്നുകളയുകയായിരുന്നുവെന്നാണ് വിവരം. 

കഴിഞ്ഞ മാസം അവസാനമാണ് ഇയാള്‍ കൊല്ലപ്പെട്ടത്. മൃതദേഹത്തില്‍ നിന്നും നിരവധി വെടിയുണ്ടകളായിരുന്നു കണ്ടെടുത്തത്. ഇദ്ദേഹത്തെ ബന്ധനസ്ഥനാക്കിയശേഷം അതിക്രൂരമായി മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 

എന്നാല്‍ തങ്ങള്‍ക്ക് മരണത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു അന്ന് താലിബാന്റെ വിശദീകരണം. നാസര്‍ മുഹമ്മദ് കോമഡി നടനല്ലെന്നും അഫ്ഗാന്‍ നാഷണല്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്നുവെന്നും താലിബാന്‍കാരെ ഇദ്ദേഹം തടവില്‍ പീഡിപ്പിച്ചു കൊന്നിട്ടുണ്ടെന്നും ഇതിനാലാണ് പിടികൂടിയതെന്നും രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലുകയായിരുന്നുവെന്നുമാണ് ഇപ്പോള്‍ താലിബാന്‍ പറയുന്നത്. 

എന്നാല്‍ പട്ടാളക്കാര്‍ക്ക് മുന്നില്‍ കോമഡി പരിപാടികള്‍ അവതരിപ്പിക്കുക മാത്രമാണ് ഇദ്ദേഹം ചെയ്തിരുന്നതെന്നാണ് അഫ്ഗാന്‍ സൈന്യം വ്യക്തമാക്കുന്നത്. വധിക്കാന്‍ കൊണ്ടുപോവുകയാണെന്നറിഞ്ഞിട്ടും മര്‍ദ്ദിക്കുമ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക