Image

സരിത നില്‍ക്കുന്നത് പോലും ഓര്‍ത്തില്ല, മുകേഷിന്റെ മുഖത്ത് നോക്കി തെറി വിളിക്കേണ്ടിവന്നു; തുളസീദാസ്

Published on 02 August, 2021
സരിത നില്‍ക്കുന്നത് പോലും ഓര്‍ത്തില്ല, മുകേഷിന്റെ മുഖത്ത് നോക്കി തെറി വിളിക്കേണ്ടിവന്നു; തുളസീദാസ്


നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ആയി ഒരുക്കിയ സംവിധായകനാണ് തുളസീദാസ്. സൂപ്പര്‍ താരങ്ങളെ ഉള്‍പ്പെടെയുള്ളവരെ വെച്ച് അദ്ദേഹം സിനിമകള്‍ ചെയ്തു. ഇപ്പോള്‍ നടന്‍ മുകേഷിനെ മിമിക്സ് പരേഡ് എന്ന ചിത്രത്തിലേക്ക് അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. അന്ന് മുകേഷിന്റെ ചില നിലപാടുകള്‍ തന്നെ വേദനിപ്പിച്ചെന്നും അങ്ങനെ അദ്ദേഹത്തെ ആ ചിത്രത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നും തുളസീദാസ് പറയുന്നു.

തുളസീദാസിന്റെ വാക്കുകള്‍:
'മിമിക്സ് പരേഡ് സിനിമയുടെ കഥ ഞാനും കലൂര്‍ ഡെന്നീസും പ്ലാന്‍ ചെയ്ത സമയത്ത് മുകേഷിന്റെ അടുത്താണ് പോയത്. മുകേഷ് സരിതയ്ക്കൊപ്പം എറണാകുളത്ത് ഉണ്ടായിരുന്നു. ഞാന്‍ തന്നെ സംവിധാനം ചെയ്ത കൗതുക വാര്‍ത്തകള്‍ ഷേണായീസില്‍ അമ്പത് ദിവസം കഴിഞ്ഞ സമയമാണ്. അതിലും മുകേഷ് ആയിരുന്നു നായകന്‍. അന്ന് എന്നെ കണ്ട ഉടനെ മുകേഷ് പറഞ്ഞു; 'തുളസി, കൗതുക വാര്‍ത്തകളുടെ പ്രതിഫലം അല്ല കേട്ടോ ഇപ്പോള്‍, പ്രതിഫലമൊക്കെ മാറി.'

ഞാനത് ചോദിച്ചില്ലല്ലോ എന്നായിരുന്നു എന്റെ മറുപടി. പുതിയ പ്രോജക്ടിന് വേണ്ടി സംസാരിക്കാനല്ലെ വന്നതെന്ന് പറഞ്ഞു.  മിമിക്രി താരങ്ങളെ വച്ചുളള കഥയും കോമഡിയുമാണ് സബ്ജക്ട് എന്നും പറഞ്ഞു. അഡ്വാന്‍സ് വാങ്ങിക്കാം, പക്ഷേ ഈ സമയത്ത് സിദ്ധിഖ് ലാലിന്റെ സിനിമ തുടങ്ങുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മുകേഷ് പറഞ്ഞു. അത് തുടങ്ങിയാല്‍ ചിലപ്പോള്‍ താന്‍ പോകുമെന്നും പിന്നെ സത്യന്‍ അന്തിക്കാടിന്റെയും സിനിമ പറഞ്ഞിട്ടുണ്ടെന്നും മുകേഷ് അറിയിച്ചു.

ഇതൊക്കെ കൗതുക വാര്‍ത്തകള്‍ എന്ന സിനിമ ഹിറ്റായതിനു ശേഷമുളള പ്രതികരണമാണ്. എനിക്കത് സഹിച്ചില്ല. അതൊരു എത്തിക്സിന് നിരക്കാത്ത സംഭാഷണമായിരുന്നു. എന്റെ നിര്‍മാതാവിന്റെ കയ്യില്‍ നിന്ന് പൈസ വാങ്ങിയിട്ട് മറ്റൊരു സിനിമയ്ക്ക് വിളിച്ചാല്‍ പോകുമെന്ന് പറഞ്ഞത് തെറ്റല്ലേ. ഞാന്‍ അന്ന് മുകേഷിന്റെ മുഖത്ത് നോക്കി ഒരു തെറി വാക്ക് പറഞ്ഞു. സരിത നില്‍ക്കുന്നത് പോലും ഓര്‍ത്തില്ല. കലൂര്‍ ഡെന്നിസും മുകേഷിനെ വഴക്ക് പറഞ്ഞു.

മുകേഷ് അഭിനയിക്കേണ്ട എന്ന് പറഞ്ഞ് ഞാന്‍ റൂമില്‍ നിന്ന് ഇറങ്ങിപ്പോന്നു. നിര്‍മാതാവിന് ആകെ ടെന്‍ഷനായി. മുകേഷ് വേണ്ടെന്ന് തന്നെ ഞാന്‍ പറഞ്ഞു. അന്ന് 40000 രൂപയാണ് മുകേഷ് കൗതുകവാര്‍ത്തകള്‍ക്കു വേണ്ടി വാങ്ങിയത്. ചിലപ്പോള്‍ 50000 രൂപ വേണമെന്നു പറഞ്ഞാകും മുകേഷ് ഇങ്ങനെയൊക്കെ പറഞ്ഞത്, അല്ലെങ്കില്‍ മിമിക്രി താരങ്ങളുടെ പടം ആയതിനാല്‍ ഒഴിവാക്കിയതുമാകും.

അങ്ങനെ ഞാനും ഡെന്നിസും തിരിച്ച് റൂമിലേയ്ക്ക് പോയി. പിന്നീട് ഈ സംഭവമൊക്കെ അറിഞ്ഞ് നടന്‍ സിദ്ദിഖ് വന്നു. മുകേഷ് അവതരിപ്പിക്കാന്‍ വച്ച വേഷം സിദ്ദിഖ് ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ മുകേഷിനോട് താന്‍ പോയി സംസാരിച്ച് കാര്യങ്ങള്‍ ശരിയാക്കാമെന്നായിരുന്നു സിദ്ദിഖിന്റെ നിലപാട്. മുകേഷ് ഈ സിനിമയില്‍ വേണ്ടന്ന തീരുമാനത്തില്‍ അപ്പോഴും ഞാന്‍ ഉറച്ചുതന്നെ നിന്നു.

പിന്നെ സിദ്ദിഖ്, ജഗദീഷ് തുടങ്ങിയവരാണ് നായകന്മാരായത്. ആ സിനിമ സൂപ്പര്‍ഹിറ്റാവുകയും നൂറ് ദിവസം ഓടുകയും ചെയ്തു. നൂറാം ദിവസാഘോഷത്തിന് മുകേഷിനെ വിളിച്ചെങ്കിലും സരിതയാണ് വന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക