Image

കുഞ്ഞാലിക്കുട്ടിക്കെതിരെ പാര്‍ട്ടിയില്‍ കലാപം

ജോബിന്‍സ് Published on 01 August, 2021
കുഞ്ഞാലിക്കുട്ടിക്കെതിരെ പാര്‍ട്ടിയില്‍ കലാപം
മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കലാപമുയരുന്നു. ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് എന്ന പ്രചരണം നടത്തി എംപിയായി ഡല്‍ഹിയ്ക്ക് പോയശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരിച്ചെത്തിയതാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനങ്ങളുയരാന്‍ കാരണം. ലീഗിന്റെ നേതൃയോഗത്തില്‍ കെ.എം.ഷാജിയും കെ.എസ്. ഹംസയും ഇക്കാര്യം ഉയര്‍ത്തിക്കാട്ടി കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ത്തിയത്. 

മറ്റു പല നേതാക്കള്‍ക്കുമുള്ള അതൃപ്തി കൂടിയാണ് ഇവരിലൂടെ പുറത്തു വന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ അധികാരത്തില്‍ എത്തുമെന്ന ധാരണയില്‍ കേന്ദ്രമന്ത്രിസ്ഥാനം ലക്ഷ്യമിട്ട് ഡല്‍ഹിക്ക് പോയെന്നും എന്നാല്‍ അവിടെ മന്ത്രി സ്ഥാനം ലഭിക്കാത്ത സാഹചര്യത്തില്‍ കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിയാകാന്‍ തിരിച്ചെത്തിയെന്നും നേതാക്കള്‍ തന്നെ അടക്കം പറയുന്നു. ഇത് പാര്‍ട്ടിയെ സമൂഹമധ്യത്തിലും സമൂഹമാധ്യമങ്ങളിലും അപഹാസ്യമാക്കിയെന്നും എതിരാളികള്‍ക്ക് അടിക്കാന്‍ വടി കൊടുക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. 

കുഞ്ഞാലിക്കുട്ടിയുടെ ഈ പ്രവര്‍ത്തി തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്നും കെ.എം. ഷാജി ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചു. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട സാമ്പത്തീക ആരോപണം പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ത്തെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

തന്നെ ലീഗ് നേതൃത്വം മനപൂര്‍വ്വം വെട്ടിലാക്കുകയായിരുന്നെന്നും ഷാജി പറഞ്ഞു. പാര്‍ട്ടി കൂടി പറഞ്ഞിട്ടാണ് പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ തന്നെ അഴിക്കോട് നിര്‍ത്തി തോല്‍പ്പിക്കുകയായിരുന്നെന്നും ഷാജി പറഞ്ഞു. 

ചരിത്രത്തിലിതുവരെ ഉണ്ടായിട്ടില്ലാ സംഭവമാണ് പാണക്കാട്ട് വീട്ടില്‍ അന്വേഷണ ഏജന്‍സികള്‍ കയറുക എന്നത്. എന്നാല്‍ ചന്ദ്രികയിലെ ലീഗ് നേതാക്കളുടെ സാമ്പത്തിക ക്രമക്കേടുകള്‍ കാരണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടെയന്നും ഇത് കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ കാരണമാണെന്നും വിമര്‍ശനമുയര്‍ന്നു.

കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ച് സംസാരിച്ചത് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ് മാത്രമാണ്. എന്നാല്‍ പാര്‍ട്ടിയില്‍ ഭാരവാഹിത്വമില്ലാതെ യൂത്ത് ലീഗ് പ്രസിഡന്റ് സ്ഥാനം മാത്രമുള്ള ഫിറോസിന് ഈ യോഗത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലായിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഫിറോസ് എത്തിയതെന്നാണ് വിവരം.


 പി.എംഎ സലാമിനെ ആക്ടിംഗ് സെക്രട്ടറിയാക്കിയതിനെതിരെയും ശക്തമായ എതിര്‍പ്പാണ് യോഗത്തില്‍ ഉയര്‍ന്നത്. തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാന്‍ പ്രത്യേക സമതിക്കും പാര്‍ട്ടി രൂപം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക