Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 31 July, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)
ജമൈക്കന്‍ താരം എലൈന്‍ തോംസണ്‍ വേഗറാണി. ഒളിംമ്പിക്‌സ് വനിതകളുടെ 100 മീറ്ററില്‍ സ്വര്‍ണ്ണം നേടിയാണ് എലൈന്‍ തോംസണ്‍ വേഗറാണിയായത്. ഈ ഇനത്തില്‍ വെള്ളിയും വെങ്കലവും ജെമയ്ക്കയ്ക്ക് തന്നെയാണ്.10.61 സെക്കന്റിലാണ് എലൈന്‍ ലക്ഷ്യം കണ്ടത്. ഷെല്ലി ആന്‍ ഫ്രേസര്‍ വെള്ളി നേടി 10.74 ആണ് സമയം. ഷെറീക്ക ജാക്‌സണ്‍ 10.76 സെക്കന്റില്‍ ഫിനീഷ് ചെയ്ത് വെങ്കലം നേടി. ഒളിമ്പിക്‌സ് റെക്കോര്‍ഡ് തിരുത്തിയതോടെ ഇന്ന് ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വേഗം കൂടിയ വനിതയായി എലൈന്‍ മാറി. 
****************************
സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ് 167579 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 
***************************
കോതമംഗലത്ത് മാനസയെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക് വാങ്ങിയത് ബിഹാറില്‍ നിന്നെന്ന് പോലീസ്. സുഹൃത്തിനൊപ്പം ബിഹാറില്‍ പോയ രഖില്‍ എട്ട് ദിവസം അവിടെ തങ്ങിയിരുന്നു. ഇന്റര്‍നെറ്റിലൂടെയാണ് ബിഹാറില്‍ തോക്ക് കിട്ടുമെന്ന് രഖിലിന് വിവരം കിട്ടിയത്. മാനസയുടെ മൃതദേഹം പോസ്‌ററ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. രഖിന്റെ മൃതദേഹം ഇന്നു വൈകിട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
***************************
ടോക്യോ ഒളിമ്ബിക്സില്‍ വനിതകളുടെ ബാഡ്മിന്റണില്‍ ഇന്ത്യന്‍ സെന്‍സേഷനായിരുന്ന പി.വി. സിന്ധുവിന് പരാജയം. ചൈനീസ് തായ്‌പേയ് താരം തായ് സൂ യിംഗാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്.  കഴിഞ്ഞ തവണ റിയോയില്‍ സിന്ധു വെള്ളി നേടിയിരുന്നു. വനിതാ ബോക്‌സിംഗില്‍ പൂജാ റാണിയും പുറത്തായി
************************************
കൊട്ടിയൂര്‍ പോക്സോ കേസില്‍ ശിക്ഷിക്കെപ്പട്ട് ജയിലില്‍ കഴിയുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി ഇരയായ പെണ്‍കുട്ടി കോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നു പെണ്‍കുട്ടി ഹര്‍ജിയില്‍ പറയുന്നു. തനിക്കും കുഞ്ഞിനും റോബിനൊപ്പം കഴിയാന്‍ അവസരമൊരുക്കണമെന്നും വിവാഹത്തിനായി റോബിനു ജാമ്യം അനുവദിക്കണമെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
***********************************
സര്‍ക്കാരിനെതിരെ വിഡി സതീശന്‍. പണം നീക്കിവയ്ക്കാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് പറ്റിക്കലാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലുള്ള അശാസ്ത്രീയമായ ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. 
******************************************
കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് കോവിഡ് ഇല്ലെന്നുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ ഫലം കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം. വ്യാപനം രൂക്ഷമായ കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോയി മടങ്ങിവരുന്നവരും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി.
***********************************
പാലക്കാട് -തൃശൂര്‍ പാതയിലെ യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കി കുതിരാന്‍ തുരങ്കം ഇന്ന് തുറക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പരിശോധനകള്‍ക്ക് ശേഷം കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണ് തുരങ്കം ഇന്ന് തുറക്കുമെന്ന് മന്ത്രി നിധിന്‍ ഗഡ്കരി അറിയിച്ചത്. ഗതാഗതയോഗ്യമായ ഒരു തുരങ്കമാണ് ഇന്ന് തുറന്നു കൊടുക്കുന്നത്. എന്നാല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാവില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക