Image

ഇറ്റലിയിലും ഡെല്‍റ്റ വകഭേദം കൂടുന്നു; ഓഗസ്റ്റ് ആറു മുതല്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കി

Published on 31 July, 2021
ഇറ്റലിയിലും ഡെല്‍റ്റ വകഭേദം കൂടുന്നു; ഓഗസ്റ്റ് ആറു മുതല്‍  ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കി
റോം: ഇറ്റലിയില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കുന്നു. ചെറിയൊരു ഇടവേളയ്ക്കുശേഷം രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറ്റലിയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്.

പ്രധാനമന്ത്രി മരിയോ ദ്രാഗി അവതരിപ്പിച്ച പുതിയ ഉത്തരവനുസരിച്ച് ഓഗസ്റ്റ് ആറിനുശേഷം റസ്റ്ററന്റുകള്‍,   മ്യൂസിയങ്ങള്‍, സിനിമാശാലകള്‍. ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം ഗ്രീന്‍ പാസുള്ളവര്‍ക്കു മാത്രമായിരിക്കും. ഗ്രീന്‍ പാസ് നിബന്ധനകള്‍ ലംഘിക്കുന്ന ഉടമയ്ക്കും ഉപഭോക്താവിനും 400 മുതല്‍ 1000 യൂറോവരെ പിഴ ചുമത്തും. മൂന്ന് വ്യത്യസ്ത ദിവസങ്ങളില്‍ നിയമലംഘനം ആവര്‍ത്തിച്ചാല്‍, ഒന്നു മുതല്‍ 10 ദിവസം വരെ ബിസിനസ്സ് സംരംഭം അടച്ചുപൂട്ടുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

റസ്റ്ററന്റുകള്‍ക്കു പുറത്ത് ഔട്ട്‌ഡോര്‍ ടേബിളുകളില്‍ ഭക്ഷണമോ പാനീയമോ കഴിക്കുന്നതിനോ ബാറില്‍ നില്‍ക്കുന്നതിനോ പാസ് ആവശ്യമില്ല. പ്രാദേശിക  ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലോ ആഭ്യന്തര വിമാന സര്‍വീസുകളിലോ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കിയിട്ടില്ല.

ജോലിസ്ഥലങ്ങളില്‍ പാസ് ആവശ്യമാണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഗ്രീന്‍ പാസ് നിബന്ധനകള്‍  ബാധകമല്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക