Image

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി തിരിച്ചിറക്കി

Published on 31 July, 2021
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി തിരിച്ചിറക്കി
തിരുവനന്തപുരം: സൗദി അറേബ്യയിലെ ദമാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തിരിച്ചറിക്കയിത്. വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍ കണ്ടെത്തിയതോടെയാണ് വിമാനം തിരിച്ചിറക്കിയതെന്ന് വിമാനത്താവള അധികൃതര്‍ പിന്നീട് അറിയിച്ചു. 

എയര്‍ ഇന്ത്യ വക്താവും ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നു രാവിലെ 7.51ന് പുറപ്പെട്ട വിമാനമാണ് അര മണിക്കൂറിനുള്ളില്‍ തിരിച്ചിറക്കിയത്. വിന്‍ഡ് ഷീല്‍ഡിലെ വിള്ളല്‍ പൈലറ്റ് തിരിച്ചറിഞ്ഞതോടെ 8.50നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള വിലക്ക് ഉള്ളതിനാല്‍ വിമാനത്തില്‍ യാത്രക്കാരില്ലായിരുന്നു. എട്ട് ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന പൈലറ്റ് ഉള്‍പ്പടെ എട്ട് ജീവനക്കാരും സുരക്ഷിതരാണെന്ന് തിരുവനന്തപുരം വിമാനത്താവള ഡയറക്ടര്‍ സി. വി. രവീന്ദ്രന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. 

വിമാനം പുറപ്പെടുന്നതിന് മുന്‍പ് വിള്ളല്‍ കണ്ടെത്താന്‍ സാധിച്ചിരുന്നെങ്കില്‍ തകരാറ് പരിഹരിച്ച ശേഷം മാത്രമെ യാത്ര തിരിക്കുകയുള്ളു. സൗദിയില്‍ വന്ദേ ഭാരത്​ മിഷന്റെ ഭാഗമായി ദമാമില്‍ നിന്ന്​ യാത്രക്കാരുമായി തിരികെ വരാനിരുന്ന വിമാനമാണ് യാത്ര റദ്ദാക്കി തിരിച്ചിറക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക