Image

റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി വേണം; കൊട്ടിയൂര്‍ കേസിലെ പെണ്‍കുട്ടി സുപ്രീം കോടതിയില്‍

Published on 31 July, 2021
റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി വേണം; കൊട്ടിയൂര്‍ കേസിലെ പെണ്‍കുട്ടി സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പോക്‌സോ കേസില്‍ ശിക്ഷിക്കെപ്പട്ട് ജയിലില്‍ കഴിയുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി ഇരയായ പെണ്‍കുട്ടി കോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നു പെണ്‍കുട്ടി ഹര്‍ജിയില്‍ പറയുന്നു.

തനിക്കും കുഞ്ഞിനും റോബിനൊപ്പം കഴിയാന്‍ അവസരമൊരുക്കണമെന്നും വിവാഹത്തിനായി റോബിനു ജാമ്യം അനുവദിക്കണമെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.

ഇരയ്ക്ക് ഇപ്പോള്‍ 24 വയസായി. കുഞ്ഞിന് നാലു വയസുമായി. കുഞ്ഞിനെ സ്‌കൂളില്‍ ചേര്‍ക്കുന്ന സാഹചര്യം വന്നുകൊണ്ടിരിക്കെ പിതാവിന്റെ പേര് കൂടി ബന്ധപ്പെട്ട കോളത്തില്‍ ചേര്‍ക്കണമെന്ന താല്‍പ്പര്യത്തിന്റെ പുറത്താണ് തന്റെ ആവശ്യമെന്നാണ് പെണ്‍കുട്ടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതേ ആവശ്യം ഉന്നയിച്ച്‌ നേരത്തെ ഹൈക്കോടതിയെ സമീപിച്ച റോബിന്‍, ഇരയെയും കുഞ്ഞിനെയും സംരക്ഷിക്കാമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധം നടന്നതെന്നും വിവാഹത്തിന് പെണ്‍കുട്ടിയുടെ സമ്മതമുണ്ടെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും റോബിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചത്.

കൊട്ടിയൂര്‍ കേസില്‍ റോബിന്‍ വടക്കുംചേരിക്കു 60 വര്‍ഷത്തെ കഠിനതടവും മൂന്നു ലക്ഷം രൂപയുമാണ് തലശേരി പോക്സോ കോടതി ശിക്ഷ വിധിച്ചത്. മൂന്നു വകുപ്പുകളിലായാണു ശിക്ഷ വിധിച്ചത്. എന്നാല്‍ മൂന്നുംകൂടി ഒരുമിച്ച്‌ 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതി.

2016 ലാണ് കേസിനാസ്പദമായ സംഭവം. വൈദികനായിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടി പ്ലസ് ടു വിദ്യാര്‍ഥിനി ആയിരിക്കെയായിരുന്നു സംഭവം.

വിദേശത്തേക്കു പോകുന്നതിനായി കൊച്ചിയിലേക്കു യാത്ര ചെയ്യവെ 2017 ഫെബ്രുവരി 27 നാണ് റോബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയാകുമ്ബോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നുവെന്ന് വിചാരണക്കോടതി കണ്ടെത്തിയിരുന്നു. 

റോബിനെ പുരോഹിത പദവിയില്‍നിന്ന് പിന്നീട കത്തോലിക്കാ സഭ നീക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക