Image

വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് തോമസ് Published on 30 July, 2021
വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)
 കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം കാമുകന്‍ ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലാണ് സംഭവം. കണ്ണൂര്‍ സ്വദേശിനിയായ മാനസ (24)യാണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ സ്വദേശി തന്നെയായ രാഖിനാണ് മാനസയെ കൊലപ്പെടുത്തിയത്. കൊലപാതകശേഷം രാഖിന്‍ സ്വയം വെടിവച്ചു മരിച്ചു.
*********************************
ടോക്കിയോ ഒളിംപിക്സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ. വനിതകളുടെ 69 കിലോ ബോക്സിംഗില്‍ ഇന്ത്യയുടെ ലവ്ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍ പ്രവേശിച്ചതോടെയാണ് ഈ ഇനത്തില്‍ മെഡലുറപ്പായത്. 
ചൈനയുടെ തായ്പേയ് താരത്തെയാണ് ലവ്ലീന പരാജയപ്പെടുത്തിയത്. വനിതാ ബാഡ്മിന്റണില്‍ പി.വി.സിന്ധുവും സെമിയില്‍ പ്രവേശിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയാണ് സിന്ധു സെമിയിലെത്തുന്നത്. ജപ്പാന്റെ അകാനെ യാമാഗുച്ചിയെയാണ് സിന്ധു തോല്‍പ്പിച്ചത്.
*******************************
കോവിഡ് രണ്ടാം തരംഗത്തില്‍ നട്ടം തിരിയുന്ന കേരളജനതയ്ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ്. 5600 കോടി രൂപയുടെ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍ , കൃഷിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് ഗുണം ചെയ്യുന്ന പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാടക,നികുതിയിളവുകള്‍, പലിശ ഇളവുകള്‍, പലിശരഹിത വായ്പ, ലോണ്‍ മോറോട്ടോറിയം എ്ന്നിവയാണ് പാക്കേജിലുള്ളത്.
******************************
സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകളുടെ മുന്നിലെ തിരക്കിന്റെ കാര്യത്തില്‍ വീണ്ടും ഹൈക്കോടതിയുടെ ഇടപെടല്‍. മദ്യവില്‍പ്പനശാലകളുടെ മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാവാത്ത അവസ്ഥയാണെന്ന ഗുരുതരമായ നിരീക്ഷണവും  ഹൈക്കോടതി നടത്തി. ഇവയ്ക്ക് മുന്നിലെ ആള്‍ക്കൂട്ടം സമീപത്ത് താമസിക്കുന്നവര്‍ക്ക് ഭീഷണിയാണെന്നും ഹൈക്കോടതി പറഞ്ഞു.
**********************************
കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ വ്യാപാരികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചു. ടിപിആര്‍ നിരക്ക് അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ അശാസ്ത്രിയമാണെന്നും ഇത് പിന്‍വലിക്കണമെന്നും  ഹര്‍ജിയില്‍ ആവശ്യം
***************************************
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടേണ്ട വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ ചൊല്ലി ഇന്നും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സഭാ നടപടികള്‍ സ്തംഭിച്ചു. മന്ത്രി രാജിവയ്ക്കണം എന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ രാജി ആവശ്യമവുമായി പ്രതിപക്ഷാംഗങ്ങള്‍ എണീറ്റു. എന്നാല്‍ രാജിയിലെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചു നിന്നു. 
************************************
സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു.99.37 ശതമാനമാണ് വിജയം. 12,96,318 കുട്ടികള് ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ 99.67 ശതമാനം പെണ്കുട്ടികളും 99.13 ശതമാനം ആണ്കുട്ടികളും വിജയിച്ചു.
*************************************************************
സംസ്ഥാനത്ത് ഇന്ന് 20772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക