Image

ജാര്‍ഖണ്ഡിലെ ജില്ലാ ജഡ്‌ജിയുടെ മരണം ; സര്‍ക്കാരിനോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

Published on 30 July, 2021
ജാര്‍ഖണ്ഡിലെ ജില്ലാ ജഡ്‌ജിയുടെ മരണം ; സര്‍ക്കാരിനോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ജില്ലാ ജഡ്ജിയുടെ കൊലപാതകത്തില്‍ സ്വമേധയാ കേസെടുത്ത ശേഷം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനത്തോടാവശ്യപ്പെട്ട് സുപ്രീം കോടതി. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോട് കോടതി ആവശ്യപ്പെട്ടത്.ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് കൊലപാതകത്തില്‍ സ്വമേധയാ കേസെടുത്തത്.

വ്യാഴാഴ്ച നടന്ന സംഭവത്തില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍, ഹൈക്കോടതിയുടെ പരിഗണനയിലുള്ള നടപടികളില്‍ ഇടപെടാന്‍ നീക്കമില്ലെന്നും കോടതി നിരീക്ഷിച്ചു ഹൈക്കോടതി സംഭവം ഗൗരവമായി കാണുകയും കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് ധന്‍ബാദിലെ ജില്ലാ അഡീഷണല്‍ ജഡ്ജി ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച്‌ കൊല്ലപ്പെട്ടത് .വീടിന് അര കിലോമീറ്റര്‍ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു പോലീസിന്റെ പ്രാഥമിക വെളിപ്പെടുത്തല്‍ . എന്നാല്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടിയത് .

ബുധനാഴ്ച രാവിലെ അഞ്ചു മണിയോടെ ജഡ്ജിയെ മനപ്പൂര്‍വം ഇടിച്ചുവീഴ്ത്തിയശേഷം ഓട്ടോറിക്ഷ നിര്‍ത്താതെ ഓടിച്ചുപോകുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. അപകടമുണ്ടാക്കിയ ഓട്ടോ ഡ്രൈവറെയും കൂട്ടാളിയെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ലഖന്‍ കുമാര്‍ വര്‍മ, രാഹുല്‍ വര്‍മ എന്നിവരാണ് സംഭവത്തില്‍ പിടിയിലായത്. ഇവര്‍ കുറ്റംസമ്മതിച്ചതായി പോലീസ് വെളിപ്പെടുത്തി . തനിക്ക് 80,000 രൂപയുടെ ലോട്ടറിയടിച്ചതായി ഡ്രൈവര്‍ ലഖന്‍കുമാര്‍ വീട്ടില്‍ പറഞ്ഞതായി കുടുംബാംഗങ്ങള്‍ മൊഴി നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക