Image

അടുത്ത മൂന്ന് ആഴ്ച കേരളത്തിന് നിര്‍ണായകം; ആള്‍ക്കൂട്ടം ഒഴിവാക്കിയേ മതിയാകൂ- ആരോഗ്യമന്ത്രി

Published on 29 July, 2021
അടുത്ത മൂന്ന് ആഴ്ച കേരളത്തിന് നിര്‍ണായകം; ആള്‍ക്കൂട്ടം ഒഴിവാക്കിയേ മതിയാകൂ- ആരോഗ്യമന്ത്രി


തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് അടുത്ത മൂന്നാഴ്ച വളരെ പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രണ്ടു മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണം, ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളില്‍ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നത്. പരമാവധി പേരെ പരിശോധന നടത്തി രോഗികളെ കണ്ടെത്തി അവരെ ക്വാറന്റൈനിലാക്കുകയും അവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്യുന്നു. ബുധനാഴ്ചയാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. പോസിറ്റീവായ ഒരാളെപ്പോലും വിട്ടുപോകാതിരിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ വകുപ്പുകളും വളരെ ഏകോപനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ പൊതു സമൂഹം വളരെ പിന്തുണയാണ് നല്‍കുന്നതെന്നും മന്ത്രി കൂട്ടച്ചേര്‍ത്തു.

കോവിഡ് പ്രതിരോധം സംബന്ധിച്ച് കേരളം സ്വീകരിച്ചിട്ടുള്ള രീതികളെ ദേശീയതലത്തില്‍ വിദഗ്ധര്‍ നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ ഇതുവരെ സന്ദര്‍ശനം നടത്തിയ കേന്ദ്ര സംഘങ്ങള്‍, ഏതാനും ആഴ്ചകള്‍ മുന്‍പ് സന്ദര്‍ശനം നടത്തിയവര്‍ വരെ അത്തരം അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. രണ്ടാം തരംഗത്തില്‍ കേരളത്തിലെ കോവിഡ് കേസുകള്‍ കൂടുമെന്നത് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ കോവിഡ് വ്യാപനത്തെ കുറിച്ചുള്ള കേന്ദ്ര വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത് ഡെല്‍റ്റാ വൈറസാണ്. രണ്ടാം തരംഗത്തില്‍ കുതിച്ചുയരാമായിരുന്ന ടി.പി.ആറിനെ വളരെ ദിവസം 10 ശതമാനത്തില്‍ തന്നെ നിര്‍ത്തിയിരുന്നു. ഇപ്പോള്‍ ടി.പി. ആര്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്ക വേണ്ട. കേസിന്റെ കാര്യത്തില്‍ ഏപ്രില്‍ പകുതിയോടെയാണ് രണ്ടാം തരംഗം ഇവിടെ ആരംഭിച്ചത്. 

സംസ്ഥാനത്ത് ചികിത്സ കിട്ടാതെയും ഓക്‌സിജന്‍ കിട്ടാതേയും ആരും ബുദ്ധിമുട്ടിയിട്ടില്ല. രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഐ.സി.യു.വിലും വെന്റിലേറ്ററിലും കഴിയുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണ്. കൂടുതല്‍ പേര്‍ വാക്‌സിന്‍ എടുത്തതിനാല്‍ അവര്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നില്ല എന്നതാണ് കാണിക്കുന്നത്. കേന്ദ്ര സംഘം നാളെ വൈകുന്നേരം സംസ്ഥാനത്ത് വരുമെന്നറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക