Image

ഐ.പി.സി. 124-എ: പൂച്ചയ്ക്ക് ആര് മണികെട്ടും? (ദല്‍ഹി കത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 29 July, 2021
ഐ.പി.സി. 124-എ: പൂച്ചയ്ക്ക് ആര് മണികെട്ടും? (ദല്‍ഹി കത്ത് : പി.വി.തോമസ് )
2021 ജൂലൈ പതിനഞ്ചാം തീയതി സുപ്രീം കോടതി വളരെ നിര്‍ണ്ണായക ഒരു നിരീക്ഷണം നടത്തി. കേന്ദ്ര ഗവണ്‍മെന്റിന് നല്‍കിയ ശക്തമായ ഒരു സന്ദേശവും മുന്നറിയിപ്പും ആയിരുന്നു. ഇത് ഒരു വിധി ആയിരുന്നില്ല. രാജ്യദ്രോഹനിയമം റദ്ദാക്കപ്പെടേണ്ടതിന്റെ ആവശ്യകതയെകുറിച്ചുള്ള ഒരു പൊതു താല്‍പര്യ ഹര്‍ജ്ജി കേള്‍ക്കവെ ആണ് മുഖ്യ ന്യായാധിപന്‍ എന്‍.വി. രമണയും ന്യായാധിപന്മാരായ എ.എസ്. ബോണപ്പയും ഋഷികേശ് റോയിയും അടങ്ങിയ മൂന്നംഗ ബഞ്ച് ഇങ്ങനെ ഒരു ചോദ്യം ഉന്നയിച്ചത്. എന്തുകൊണ്ട് ഇന്‍ഡ്യ ഇനിയും മഹാത്മാഗാന്ധിക്കും ലോകമാന്യ തിലകനും എതിരെ ഉപയോഗിച്ച സാമ്രാജ്യത്വ അവശിഷ്ടമായ രാജ്യദ്രോഹനിയമം (ഐ.പി.സി.124 എ) ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തില്‍ സൂക്ഷിക്കണം? ഇത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ആണ് ഇന്നത്തെ ഇന്‍ഡ്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍. കാരണം തീവ്രദേശീയതയും അതിതീവ്രദേശഭക്തിയും ആണ് വ്യാഖ്യാനങ്ങളോ അതിര്‍വരമ്പുകളോ ഇല്ലാതെ അന്ധമായി ഇന്ന് ഇവിടെ നടമാടുന്നത്. ഈ ചോദ്യത്തിന് ഒരു മറുപടി നല്‍കുവാനായി സുപ്രീം കോടതി കേന്ദ്ര ഗവണ്‍മെന്റിന് ജൂലൈ 27 വരെ സമയവും നല്‍കി. ഗവണ്‍മെന്റിന്റെ മറുപടിയും അതിന്റെ വിശദാംശങ്ങളും വെളിയില്‍ വരുമ്പോള്‍ അത് വളരെ ശ്രദ്ധേയം  ആയിരിക്കും. കാരണം രാജ്യദ്രോഹനിയമം സ്വതന്ത്രചിന്തയെയും സ്വതന്ത്ര അഭിപ്രായപ്രകടനത്തെയും ഇന്‍ഡ്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെ തന്നെയും ചോദ്യം ചെയ്തിരിക്കുകയാണ്. ഒട്ടേറെ സ്വതന്ത്രചിന്തകരും റിബലുകളും ആക്ടിവിസ്റ്റുകളും ഇതിന്റെ ഇരയായി ജയിലില്‍ കിടക്കുന്നുണ്ട്. സ്റ്റാന്‍ സ്വാമിയെ പോലുള്ളവര്‍ ജയിലില്‍ മരിച്ചിട്ടുണ്ട്. ഈ കരി നിയമത്തിന്റെ 'ചില്ലിങ്ങ് ഇഫക്ടി'ല്‍ സ്വതന്ത്ര ഇന്‍ഡ്യ മരവിക്കുകയാണ്.

2010 മുതല്‍ ഈ കരിനിയമത്തിന്റെ ഫലമായി 10, 938 ഇന്‍ഡ്യക്കാര്‍ 816 രാജ്യദ്രോഹകുറ്റകേസുകളിലായി പിടിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ 65 ശതമാനം പേരും അറസ്റ്റു ചെയ്യപ്പെട്ടത് ബി.ജെ.പി. അധികാരത്തില്‍ വന്നതിനുശേഷം ആണ്(2014). ഇതില്‍ 65 ശതമാനം കേസുകളും ബീഹാര്‍, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക എന്നീ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഝാര്‍ഖണ്ട്, തമിഴ്‌നാട് എന്നീ പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളിലും ആണ്. ജനകീയ പ്രക്ഷോഭണങ്ങളില്‍ പങ്കെടുക്കുന്നവര്‍, ഭരണാധികാരികളെ വിമര്‍ശിക്കുന്നവര്‍ തുടങ്ങിയവരാണ് പ്രധാനമായും 124-എയുടെ നോട്ടത്തില്‍ രാജ്യദ്രോഹിയായി ജയിലില്‍ കിടന്ന് നരിക്കുന്നത്.

മുഖ്യ ന്യായാധിപന്‍ ജസ്റ്റീസ് രമണയുടെ ചോദ്യം വളരെ ലളിതം ആയിരുന്നു. ഒരു തടിവെട്ടുകാരന് അല്ലെങ്കില്‍ മരണപ്പണിക്കാരന് ഒരു അറക്കവാള്‍ ഗൃഹോപരണങ്ങള്‍ നിര്‍മ്മിക്കുവാനായി നല്‍കിയാല്‍ അയാള്‍ ആ ഉപകരണം ഒരു വനത്തെ മുഴുവന്‍ നശിപ്പിക്കുവാന്‍ ഉപയോഗിച്ചാല്‍ എന്ത് ചെയ്യും? ഇതാണ് രാജ്യദ്രോഹ നിയമത്തിന്റെ അവസ്ഥ, ജസ്റ്റീസ് രമണ പറഞ്ഞു. അത് ഇഷ്ടം പോലെ ഉപയോഗിക്കുകയാണ് ഭരണകൂടത്തെയും ഭരണാധികാരിയെയും വിമര്‍ശിക്കുന്നവര്‍ക്കെതിരായിട്ട്. രാജ്യദ്രോഹകേസുകളില്‍ പിടിക്കപ്പെടുന്നവരെ ശിക്ഷിക്കുന്നത് വളരെ വിരളം ആണ്. ഈ നിയമം വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കും ഒരു ഭീഷണി ആണ്. ജസ്റ്റീസ്  രമണ ഗവണ്‍മെന്റിനോട് ചോദിച്ചു: നിങ്ങള്‍ ഒട്ടേറെ തുരുമ്പിച്ച നിയമങ്ങളെ എടുത്ത് കളയുന്നുണ്ട് എങ്കില്‍ എന്തുകൊണ്ട് ഈ നിയമത്തെയും അങ്ങനെ ചെയ്യുന്നില്ല? ഇതിന് മറുപടി ആയി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞത് സുപ്രീം കോടതിക്ക് ഉചിതമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി ഈ നിയമത്തെ നിയന്ത്രിക്കാം എന്നാണ്. ഇത് ഒരു പ്രതിവിധി ആണോ ഈ കരിനിയമത്തിന്റെ ദുരുപയോഗം തടയുവാന്‍? അനുഭവം പഠിപ്പിക്കുന്നു ഒട്ടും പര്യാപ്തമല്ല ഈ നിയന്ത്രണങ്ങള്‍ എന്ന്. കാരണം ഗവണ്‍മെന്റിന്റെ ഉന്നത തലം മുതല്‍ പോലീസ് കോണ്‍സ്റ്റബിള്‍ വരെ 124-എ സൗകര്യാനുസരണം ദുരുപയോഗപ്പെടുത്തുന്നു എന്നതാണ് സത്യം. അധികാരികള്‍ ഈ നിയമം ഉപയോഗിക്കുന്നത് രാജ്യരക്ഷയെ വിമര്‍ശകര്‍ ബാധിക്കുന്നു എന്ന കാരണം പറഞ്ഞാണ്. ഇതിന് ഒരു കാരണവും ആരെയും ബോധിപ്പിക്കേണ്ട കാര്യം ഇല്ല. എവിടെ വച്ചും എപ്പോള്‍ വേണമെങ്കിലും ആരെയും 124-എ പ്രകാരം അറസ്റ്റ് ചെയ്യാം ജയിലില്‍ അടക്കാം. ഇത് ഒരു ജനാധിപത്യത്തിന് ചേര്‍ന്നതാണോ? ഇത് അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള ഒരു ഭരണഘടനക്ക് യോജിച്ചതാണോ? ഒരിക്കലും അല്ല. സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ നിയമം ഏതായാലും അത് രാജ്യത്തെ സംരക്ഷിക്കുവാന്‍ മാത്രമെ ഉപയോഗിക്കാവൂ. ഭരണാധികാരിയുടെ പക ഒതുക്കുവാന്‍ ആയിരിക്കരുതെന്ന് സാരം.

സുപ്രീം കോടതിയുടെ ഈ സമീപനം സ്വാഗതാര്‍ഹം തന്നെ. പക്ഷേ, ഇതിനുമുമ്പും സുപ്രീം കോടതി ഇതു പോലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ, ഒന്നു സംഭവിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റു ചെയ്തു തടവറയിലടച്ചപ്പോള്‍ ഇത് പല തവണ പറഞ്ഞിട്ടുണ്ട് സുപ്രീം കോടതിയും കീഴ്‌ക്കോടതികളും. പക്ഷേ 124-എ ഇപ്പോഴും അതീവ ശക്തിയോടെ വിരാജിക്കുന്നു. ഉദാഹരണമായി, മെയ് മുപ്പതിന് രണ്ട് ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തപ്പോഴും സുപ്രീംകോടതി മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യദ്രോഹ നിയമത്തെ പുനഃപരിശോധിക്കണമെന്ന് പറഞ്ഞു. പക്ഷേ, ഒന്നും സംഭവിച്ചില്ല. 124-എ.യുടെ പരിധികള്‍ വ്യാഖ്യാനിക്കണമെന്നും പറഞ്ഞു. ഒന്നും സംഭവിച്ചില്ല. ജൂണ്‍ മൂന്നാം തീയതി മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരായ രാജ്യദ്രോഹകുറ്റം തള്ളിക്കളഞ്ഞു കൊണ്ട് സുപ്രീം കോടതി പറഞ്ഞു ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ രാജ്യദ്രോഹികളായി കുറ്റം ചുമത്തി അറസ്റ്റു ചെയ്തുകൂട എന്ന്. എന്നിട്ടും ഒന്നും സംഭവിച്ചില്ല. എന്തുകൊണ്ട് ? അതാണ് ഈ പംക്തി പറഞ്ഞു വരുന്നത്: പൂച്ചക്ക് ആര് മണികെട്ടും? വിനോദ് ദുവ എന്ന മാധ്യമപ്രവര്‍ത്തകര്‍ ചെയ്ത ഒരേ ഒരു തെറ്റ് അദ്ദേഹം മോദി ഗവണ്‍മെന്റ് 2020 മാര്‍ച്ച് 25- അര്‍ദ്ധരാത്രിയില്‍ വെറും 5 മണിക്കൂറിന്റെ നോട്ടീസുമാത്രം നല്‍കി കൊറോണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും അതുമൂലം ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്കുണ്ടായ ജീവന്മരണ പ്രതിസന്ധിയെ എടുത്തുകാട്ടിയതും ആണ്. സുപ്രീം കോടതി ആ കേസ് എടുത്ത് പുറത്തെറിഞ്ഞു. അത് ശരി തന്നെ. പക്ഷേ, 124-എ, നിലനില്‍ക്കുന്നു ഇപ്പോഴും. എന്തുകൊണ്ട്? മാര്‍ച്ച് മൂന്നിന് സുപ്രീം കോടതി മുന്‍ ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി. ഫറൂക്ക് അബ്ദുള്ളയെ രാജ്യദ്രോഹകുറ്റത്തില്‍ നിന്നും വിമോചിപ്പിച്ചുകൊണ്ട് പറഞ്ഞു അഭിപ്രായ വിയോജിപ്പ് രാജ്യദ്രോഹകുറ്റം അല്ല എന്ന്. ഇതെല്ലാം കഴിഞ്ഞിട്ടും ഇന്നും ഒട്ടേറെപ്പേര്‍ 124-എയുടെ അടിസ്ഥാനത്തില്‍ ജയിലില്‍ ആണ്. ചിലര്‍ വിമോചിതരായി. ഇവരില്‍ പ്രൊഫ. സായികുമാറും, സുധ ഭരദ്വാജും, വരവരറാവുവും, ദിശ രവിയും മുനാവര്‍ ഫറൂക്കിയും അനുരാഗ് കശ്യപും, കന്നയ്യകുമാറും, ഉമര്‍ ഫാലിദും, സിദ്ദിഖ് കാപ്പനും, ഡോ. ഫെഫീല്‍ ഖാനും ഉള്‍പ്പെടുന്നു. നിങ്ങള്‍ ഇവരുടെ ചരിത്രം ഒന്നു പരിശോധിച്ചു നോക്കുക. അപ്പോള്‍ മനസിലാകും ഇവര്‍ രാജ്യദ്രോഹികള്‍ ആണോ അതോ രാജ്യസ്‌നേഹികളായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആണോ എന്ന്. ഇവര്‍ ഉള്‍പ്പെട്ട കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ ഇവിടെ പ്രവേശിക്കുന്നില്ല.

 സുപ്രീം കോടതിയും കീഴ്‌ക്കോടതികളും ഇത്രയേറെ തള്ളിപ്പറഞ്ഞ ഈ ജനദ്രോഹ നിയമം എന്തുകൊണ്ട് ഇന്നും ഇപ്പോഴും ഇന്‍ഡ്യയുടെ നിയമപുസ്തകത്തില്‍ നിലനില്‍ക്കുന്നു? 1870-ല്‍ ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്തുവാന്‍ പടച്ചുവിട്ട ഒരു കരിനിയമം ആണ് ഇത്. 1962-ല്‍ സുപ്രീം കോടതി ഇതിനെ നിയമപുസ്തകത്തില്‍ നിന്നും തുടച്ചുനീക്കുവാന്‍ വിസമ്മതിച്ചു. രാജ്യരക്ഷയുടെ പേരില്‍. പക്ഷേ കോടതി പറഞ്ഞു ഗവണ്‍മെന്റിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്താല്‍ മാത്രമെ ഇത് രാജ്യദ്രോഹം ആവുകയുള്ളൂ. വെറും പ്രതിഷേധം രാജ്യദ്രോഹം അല്ല. പക്ഷേ, ഇതാണ് ഇന്ന് ഇവിടെ നിരന്തരം ദുര്‍വ്യാഖ്യാനം ചെയ്തു ദുരുപയോഗപ്പെടുത്തികൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അറ്റോര്‍ണി ജനറല്‍ വേണുഗോപാലിന്റെ നിര്‍ദ്ദേശമായ മാര്‍ഗ്ഗനിര്‍ദ്ദേശ പട്ടിക സുപ്രീംകോടതി നല്‍കുക എന്നത് തികച്ചും സ്വീകാര്യം അല്ലാത്തതും. 1962-ലെ ഈ സുപ്രീം കോടതി വിധിയാണ് രാജ്യദ്രോഹനിയമം ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തില്‍ നിന്നും തുടച്ചു നീക്കുവാനും ജനങ്ങളുടെ അഭിപ്രായ, വിമര്‍ശന സ്വാതന്ത്ര്യം സംരക്ഷിക്കുവാനും ഉള്ള തടസം. ഒരു അഞ്ച് അംഗ ബഞ്ച് ആണ് ഈ വിധി പുറപ്പെടുവിച്ചത്. ഇതില്‍ നിര്‍ണ്ണായകമായ ഒരു തീരുമാനം എടുക്കുവാന്‍ സുപ്രീം കോടതി മറ്റൊരു അഞ്ചംഗ ബഞ്ചിനെയോ നിയമിച്ച് വിധി പറയേണ്ടിയിരിക്കുന്നു. ഇത് സാദ്ധ്യം ആണോ സുപ്രീം കോടതിക്ക് ? വെറുതെ തീവ്രപരാമര്‍ശനങ്ങള്‍ നടത്തിയിട്ട് യാതൊരു ഫലവും ഇല്ല.

സുപ്രീം കോടതിയില്‍ നിന്നും ഇത് പ്രതീക്ഷിക്കാമോ? പ്രതീക്ഷിക്കാം. പ്രതീക്ഷിക്കണം. കാരണം അതാണ് മനുഷ്യാവകാശത്തിന്റെയും പൗര-അഭിപ്രായ സ്വതന്ത്ര്യത്തിന്റെയും അവസാനത്തെ അഭയം. ഇതിന് വിപരീതമായ ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ട്. ഉദാഹരണമായി അടിയന്തിരാവസ്ഥ കാലത്ത്. 1976-ല്‍ ഹേബിയസ് കോര്‍പ്പസ് കേസില്‍ മൗലീകാവകാശവും ജീവനുള്ള അവാകാശവും റദ്ദാക്കി ഇന്ദിരാഗാന്ധിയുടെ എസിസ്റ്റ് താളത്തിനൊപ്പം തള്ളിയത്, 1994 ല്‍ റ്റാട(ടെററിസ്റ്റ് ആന്റ് ഡിസ്‌റപ്റ്റീവ് ആക്ടിവിസ്റ്റ് ആക്ട്) നിലനിര്‍ത്തിയത്, 1996-ല്‍ എ.എഫ്.എസ്.പി.എ.(ആര്‍മസ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട്) സംരക്ഷിച്ചത് 2004-ല്‍ പോട്ട(പ്രിവന്‍ഷന്‍ ഓഫ് ടെററിസ്റ്റ് ആക്ട്) ശരിവച്ചത് ഇപ്പോള്‍ യു.എ.പി.എ.ക്ക് (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) ചുക്കാന്‍ പിടിക്കുന്നത് തുടങ്ങിയവ.

സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് എന്തെങ്കിലും അര്‍ത്ഥം ഉണ്ടെങ്കില്‍ അത് പുതിയ ഒരു ബഞ്ച് രൂപീകരിച്ചത് ഈ ജനവിരുദ്ധ കരിനിയമം ഉന്മൂല നാശനം ചെയ്യുകയാണ് വേണ്ടത്. കാരണം രാഷ്ട്രീയക്കാരില്‍ നിന്നും അവര്‍ അടക്കിവാഴുന്ന പാര്‍ലിമെന്റില്‍ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ഈ കരിനിയമത്തെ തള്ളിപ്പറയും. അധികാരത്തില്‍ വരുമ്പോള്‍ ഇതിന്റെ മറവില്‍ വിമതസ്വരം അടിച്ചമര്‍ത്തും. ഇത് കോണ്‍ഗ്രസ് മുതല്‍ ജനതപാര്‍ട്ടി, നാഷ്ണല്‍ ഫ്രണ്ട്, യുണൈറ്റഡ് ഫ്രണ്ട്, ഇപ്പോള്‍ ബി.ജെ.പി. വരെ സത്യം ആണ്.

 കമ്മ്യൂണിസ്റ്റുകാരനായ(സി.പി.ഐ.) ഇന്ദ്രജിത് ഗുപ്ത ആഭ്യന്തരമന്ത്രി ആയിരുന്നപ്പോള്‍ പോലും ഒന്നും ഇക്കാര്യത്തില്‍ ചെയ്തില്ല. 124-എ ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തില്‍ നിന്നും എത്ര വേഗം തുടച്ചു നീക്കുന്നുവോ അത്രയും നല്ലതെന്ന് പറഞ്ഞത് ആദ്യത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു. 1964 വരെ അദ്ദേഹം ഇന്‍ഡ്യ ഭരിച്ചിട്ടും ഇതിനായി ഒന്നും ചെയ്തില്ല. അദ്ദേഹത്തിന്റെ പ്രിയപുത്രി ഇന്ദിരപ്രിയദര്‍ശിനി അടിയന്തിരാവസ്ഥ കാലത്ത് 124 -എ അടിച്ചമര്‍ത്തല്‍ സുഖം ആവോളം ആസ്വദിച്ചു. ഇന്നിതാ ഫാസിസ്റ്റുകളെന്ന് ആരോപിക്കപ്പെടുന്ന മോദിയും ഷായും. 124-എ എന്ന പൂച്ചക്ക് ആര് മണികെട്ടും? രാഷ്ട്രീയക്കാരോ ഭരണാധികാരികളോ അത് ചെയ്യുകയില്ല. ജനാധിപത്യ ബോധമുള്ള പൗരാവകാശത്തിലും മനുഷ്യാവകാശത്തിലും വിശ്വസിക്കുന്ന ഒരു സുപ്രീംകോടതിക്ക് മാത്രമെ അത് സാധിക്കൂ. അതാണ് രാഷ്ട്രം കാത്തിരിക്കുന്നത്. സുപ്രീം കോടതി ഈ കരിനിയമത്തെ ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തില്‍ നിന്ന് തുടച്ചു നീക്കുന്നദിനം സ്വതന്ത്ര ഇന്‍ഡ്യയുടെ പൗരാവകാശ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ എഴുതപ്പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക