Image

സ്മാരകങ്ങളുടെ നാട്ടിൽ (ഹംപിക്കാഴ്ചകൾ 1: മിനി വിശ്വനാഥൻ)

Published on 28 July, 2021
സ്മാരകങ്ങളുടെ നാട്ടിൽ (ഹംപിക്കാഴ്ചകൾ 1: മിനി വിശ്വനാഥൻ)
വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു പ്രകൃതിയുടെ സമ്മാനമായ ബദാമി ഗുഹകളും ഹംപിയിലെ ചരിത്രസ്മാരകങ്ങളും കാണണമെന്നത് . ഇതിഹാസവും ചരിത്രവും കഥകളും ഇഴ ചേർന്നു നിൽക്കുന്ന ഹംപി പലപ്പോഴും മോഹിപ്പിച്ചു കൊണ്ടേയിരുന്നു.

ഒരു പാട് കൊതിച്ചിട്ടും അയൽ സംസ്ഥാനങ്ങളിലൊന്നിലായിട്ടു പോലും ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ലോക പൈതൃകപ്പട്ടികയിലിടം നേടിയ ഹംപി എന്ന പുരാതന നഗരം എന്റെ കാഴ്ചപ്പിടിയിലൊതുങ്ങിയത്.

വായിച്ചും കേട്ടും വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി എന്ന അതിസമ്പന്നവും നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ കൃത്യമായി ആസൂത്രണം ചെയ്തുണ്ടാക്കിയ പുരാതന നഗരം സ്വപ്നങ്ങളിൽ കടന്ന് വന്ന് എന്നെ മാടി വിളിക്കാൻ തുടങ്ങിയിട്ട് കാലമേറെയായിരുന്നു.

ഒരു കർക്കിടകപ്പെയ്ത്തിനിടെ അപ്രതീക്ഷിതമായി തരമായ ആ യാത്ര  കാര്യമായ മുന്നൊരുക്കങ്ങളൊന്നുമില്ലാതിരുന്നിട്ടും പരിപൂർണ്ണമായതിനു കാരണം കിട്ടുന്ന പണത്തേക്കാൾ ആതിഥ്യത്തിന് മുൻതൂക്കം കൊടുക്കുന്ന  നാട്ടുകാരനായ ജഗദീഷ് എന്ന ഓട്ടോ ഡ്രൈവറായിരുന്നു. പുരാതന കാലം മുതൽ അതിഥികളെ ദേവൻമാരായിക്കണ്ട രാജ പാരമ്പര്യത്തിന്റെ
പിൻമുറക്കാരായിരുന്നു അവിടത്തെ സ്വദേശവാസികൾ എന്നതിനൊരു തെളിവും കൂടിയായി ആ പച്ച മനുഷ്യൻ. തന്റെ നാടിന്റെ പ്രൗഢ ഗാംഭീര്യം അല്പം പോലും നഷ്ടപ്പെടാതെ സന്ദർശകരിലെത്തിക്കാൻ അവിടെ പരിചയപ്പെട്ട ഓരോ വഴികാട്ടിയും ശ്രമിക്കുന്നുണ്ടായിരുന്നു. അവരെ സംബന്ധിച്ച് ഈ കെട്ടിടാവശിഷ്ടങ്ങൾ വെറുമൊരു ചരിത്രം മാത്രമല്ല, തങ്ങളുടെ പൂർവ്വികരുടെ സംസ്കാര സമൃദ്ധിയിലുള്ള അഭിമാനം കൂടിയാണ്.

വിജയനഗരസാമ്രാജ്യത്തിന്റ രാജകീയ പ്രഭാവം അതിന്റെ ചരിത്രാവശിഷ്ടങ്ങളിൽ ഇന്നും നിലനിൽക്കുന്നു. യുദ്ധാധിനിവേശങ്ങളാൽ തകർന്നു പോയ അവിടത്തെ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും  ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നതിന്റെ പ്രധാന കാരണം കല്ലിൽ വിരിഞ്ഞ വിസ്മയങ്ങൾ കൂടിയാണ്. അതി സൂക്ഷ്മമായ കൊത്തുപണികളാൽ അലങ്കരിക്കപ്പെടാത്ത ഒരു കൽക്കഷണം  പോലും
ഈ ചരിത്രസ്മാരകങ്ങൾക്കിടയിലുണ്ടായിരുന്നില്ല.

കൂട്ടത്തിൽ തുമ്പിക്കൈകൾ നഷ്ടപ്പെട്ട ഗജവീര കൽപ്രതിമകളും, കണ്ഠഛേദം ചെയ്യപ്പെട്ട മനോഹര വിഗ്രഹങ്ങളും കാഴ്ചക്കാരിൽ വേദനയുണർത്തുകയും ചെയ്തു. ഒരു മനോഹര ശില്പത്തിനു പിറകിലുള്ള ശില്പിയുടെ ആത്മ സമർപ്പണത്തിനു നേരിട്ട അപമാനം കൂടിയാണീ തകർക്കപ്പെട്ട ശില്പങ്ങൾ.

ഞങ്ങളുടെ ഹംപി സന്ദർശനത്തിന്റെ ആദ്യ ദിവസം വീരചരിത്രകഥകൾക്കും, ക്ഷേത്ര
പുരാണങ്ങൾക്കും അതിനോടനുബന്ധിച്ച കാഴ്ചകൾക്കുമായി മാറ്റി വെച്ചു. ക്ഷേത്രങ്ങളുടെ വൈവിദ്ധ്യത്തോടൊപ്പം കൽമണ്ഡപങ്ങളുടെയും ക്ഷേത്ര ഗോപുരങ്ങളുടെയും ശില്പചാരുതയും കൺ നിറയെ കാണാൻ ഒന്നു രണ്ടു ദിവസങ്ങൾ തന്നെ വേണ്ടി വരും.

ഹംപി എന്ന ചെറു നഗരം  ചിതറിക്കിടക്കുന്ന വൻ പാറക്കെട്ടുകളും ഉരുളൻ കല്ലുകളുമാൽ സമൃദ്ധമായിരുന്നു. അവയെ സംബന്ധിക്കുന്ന മിത്തുകളും കഥകളും ജഗദീഷ് യാത്രക്കിടെ പറഞ്ഞു തുടങ്ങി.

രാമായണത്തിൽ കിഷ്കിന്ധാകാണ്ഡത്തിൽ വർണ്ണിക്കുന്ന ബാലി സുഗ്രീവൻമാരുടെ രാജ്യമാണിത്. ബാലിസുഗ്രീവ യുദ്ധത്തിനിടെ വാനരൻമാർ പരസ്പരമെറിഞ്ഞ കല്ലുകളാണ് അവിടെ
ചിതറിക്കിടക്കുന്നതെന്നും, അടുത്തദിവസം നമ്മൾ യാത്ര പോവുന്നത് രാമായണ കഥയിലെ കഥാസന്ദർഭങ്ങൾ നടന്ന പ്രദേശങ്ങൾ കാണാനാണെന്നും അയാൾ പറഞ്ഞപ്പോൾ കൗതുകം ഏറി.

ഹംപിയിലെ ചരിത്രസ്മാരകങ്ങളെക്കുറിച്ചല്ലാതെ രാമകഥയിലെ കിഷ്കിന്ധയുമായി വിജയനഗരത്തിന് ബന്ധമുള്ള കാര്യം ഇതിനു മുൻപ് ആരും പറഞ്ഞിരുന്നില്ല.

ഭൂമിദേവിയുടെ ജന്മദേശമാണ് ആനെഗുഡി മലനിരകൾ എന്നൊരു വിശ്വാസമുണ്ട്. രാമായണ കഥയിലെ കിഷ്കിന്ധയും ഇതു തന്നെയാണ്. കുറ്റിക്കാടുകളും ചെറുപർവ്വതങ്ങളും നിറഞ്ഞ ഈ മലനിരകൾ വാനരരാജാക്കൻമാരായ ബാലി സുഗ്രീവൻമാരുടെ ഭരണത്തിൻ കീഴിലായിരുന്നു. ഹനുമാന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കുന്ന അഞ്ജനാദ്രിയും ഇതിനടുത്തു തന്നെയാണ്.
ആനെഗുഡി കുന്നുകൾക്ക് മുന്നിലൂടെ ഒഴുകുന്ന തുംഗഭദ്രാനദിയാണ് പുരാണപ്രസിദ്ധമായ പമ്പാസരോവർ എന്നറിയപ്പെടുന്നത്.  ശിവനും പമ്പയുമായി വിവാഹം നടന്ന ഇടമാണിതെന്നും ഒരു ഐതിഹ്യകഥ പറഞ്ഞു കേട്ടു . ഈ വിവാഹാഘോഷത്തിന്റെ ഓർമ്മ പുതുക്കലാണ് വർഷത്തിലൊരിക്കൽ അവിടെ നടക്കുന്ന ഉത്സവത്തിന്റെ ചരിത്രം .

ഹംപി യാത്രയുടെ വിശദമായ കഥകളുമായി ഈ യാത്ര തുടങ്ങാം.
സ്മാരകങ്ങളുടെ നാട്ടിൽ (ഹംപിക്കാഴ്ചകൾ 1: മിനി വിശ്വനാഥൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക