Image

സിഡിസി വീണ്ടും ഇൻഡോർ മാസ്ക് മാൻഡേറ്റ് ഏർപ്പെടുത്തുന്നു

Published on 28 July, 2021
സിഡിസി വീണ്ടും ഇൻഡോർ മാസ്ക് മാൻഡേറ്റ് ഏർപ്പെടുത്തുന്നു
 സിഡിസി ചൊവ്വാഴ്‌ച പുറത്തുവിട്ട പുതുക്കിയ കോവിഡ് മാനദണ്ഡം അനുസരിച്ച് സ്കൂളുകളിൽ ഉൾപ്പെടെ വീണ്ടും ഇൻഡോർ മാസ്ക് മാൻഡേറ്റ് ഏർപ്പെടുത്താൻ ശുപാർശ ചെയ്തു. വാക്സിൻ സീരീസ് പൂർത്തിയാക്കിയവർ മാസ്ക് ധരിക്കേണ്ടെന്ന് മുൻപ്  പ്രഖ്യാപിച്ചിരുന്നെങ്കിലും, ഡെൽറ്റ വ്യാപനം തടുക്കുന്നതിനാണ് മാർഗനിർദേശത്തിൽ മാറ്റം വരുത്തിയതെന്ന് ഏജൻസി അറിയിച്ചു. രോഗവ്യാപനതോത് വർദ്ധിച്ച ഇടങ്ങളിലെ സ്‌കൂളുകളിലാണ് വാക്സിൻ സ്വീകരിച്ചവരും മാസ്ക് ധരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ളതെന്ന് സിഡിസി ഡയറക്ടർ ഡോ. റോഷൽ വാലെൻസ്കി വ്യക്തമാക്കി. കോവിഡ് മുൻകരുതലുകൾ പാലിച്ചുകൊണ്ട് ഉടനെ ഇൻ-പേഴ്സൺ സ്‌കൂളിങ്ങിലേക്ക്  പൂർണമായും മാറാൻ സാധിക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു.
നിലവിൽ, രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 83 ശതമാനവും ഡെൽറ്റ വകഭേദം മൂലമാണ്. കോവിഡ് വാക്സിൻ നേടുന്നതിന് അനുമതി ലഭിക്കാത്ത  കുട്ടികൾക്കും അലർജി പോലുള്ള ബുദ്ധിമുട്ടുകൾ കൊണ്ട് അത് സാധിക്കാത്ത വിഭാഗത്തിനും സുരക്ഷ ഉറപ്പാക്കാൻ വേണ്ടി ഏവരും മാസ്ക് ധരിച്ച് സഹകരിക്കണമെന്ന് വലൻസ്കി അഭിപ്രായപ്പെട്ടു.

അവനവന് രോഗം പിടിപ്പെടാതിരിക്കുന്നതു പോലെ മറ്റുള്ളവരിലേക്ക് പടരാതിരിക്കാനും ആളുകൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സിഡിസി ഡയറക്ടർ കൂട്ടിച്ചേർത്തു.നിലവിൽ അമേരിക്കയിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ  തേടുന്നവരിൽ 97 ശതമാനവും മരണപ്പെടുന്നതിൽ 99.5 ശതമാനവും, വാക്സിൻ സ്വീകരിക്കാത്തവരാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി .

രാജ്യത്തെ ആരോഗ്യരംഗത്തെ മാറ്റങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചും കാര്യകാരണങ്ങൾ വിലയിരുത്തിയും ജനങ്ങളെ സുരക്ഷിതരാക്കാനുള്ള മാറ്റങ്ങൾ നിർദ്ദേശിക്കുക എന്നതാണ് സിഡിസി യുടെ ചുമതലയെന്നും ഇപ്പോൾ കോവിഡ് മാനദണ്ഡത്തിൽ ഭേദഗതി വരുത്തിയത് അതിന്റെ  ഭാഗമായാണെന്ന് ആളുകൾ മനസ്സിലാക്കണമെന്നും വൈറ്റ് ഹൗസ് വക്താവ് ജെൻ സാക്കി വിശദീകരിച്ചു.
 വൈറസിനെ പരാജയപ്പെടുത്താനുള്ള യാത്രയിലെ മറ്റൊരു ചുവടുവയ്‌പ്പെന്നാണ് പുതിയ മാർഗ്ഗരേഖയെ പ്രസിഡന്റ്  ജോ  ബൈഡൻ വിശേഷിപ്പിച്ചത്.
സിഡിസി യുടെ പുതിയ മാർഗ്ഗനിർദ്ദേശം വരുന്നതിന് മുൻപേ തന്നെ ലോസ് ആഞ്ചലസ്‌ ഉൾപ്പെടെ ഏതാനും നഗരങ്ങൾ മാസ്ക് മാൻഡേറ്റ് ഉത്തരവ് പുനഃസ്ഥാപിച്ചിരുന്നു.
ന്യൂയോർക്ക് സിറ്റിയിൽ മാസ്ക് മാൻഡേറ്റ് വീണ്ടും ഏർപ്പെടുത്താൻ പദ്ധതി ഇല്ലെന്നാണ് മേയർ ഡി ബ്ലാസിയോയുടെ  പ്രസ്താവന. വാക്സിൻ തന്നെയാണ് കോവിഡിനെതിരെയുള്ള ഏറ്റവും വലിയ ആയുധമെന്ന് അദ്ദേഹം പറഞ്ഞു. 
സിഡിസി യുടെ ശുപാർശ  പിന്തുടരണോ എന്ന് ആരോഗ്യ വിദഗ്ധരുടെ സഹായത്തോടെ  വിശദമായി പഠിച്ച ശേഷം തീരുമാനിക്കുമെന്ന് ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ അറിയിച്ചു.

ഫെഡറൽ ജീവനക്കാർക്ക്  വാക്സിൻ നിർബന്ധമാക്കുന്ന കാര്യം  പരിഗണനയിൽ : ബൈഡൻ 

വാഷിംഗ്ടൺ, ജൂലൈ 28: എല്ലാ ഫെഡറൽ ജീവനക്കാരും നിർബന്ധമായും കോവിഡ് വാക്സിൻ നേടിയിരിക്കണമെന്ന്  നിഷ്കർഷിക്കുന്ന കാര്യം ഭരണകൂടത്തിന്റെ പരിഗണനയിലുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.കൂടുതൽ ജനങ്ങളിലേക്ക് വാക്സിൻ എത്തിക്കാനുള്ള പുതിയ പദ്ധതി വ്യാഴാഴ്‌ച പ്രഖ്യാപിക്കുമെന്നും ബൈഡന്റെ പ്രസ്താവനയിൽ പറയുന്നു.

എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ ആകെ 4 മില്യൺ ജീവനക്കാരുണ്ട്.ചർച്ച ചെയ്യപ്പെടുന്ന വാക്സിൻ ഉത്തരവ് സൈനിക അംഗങ്ങൾക്കും  ബാധകമാകും. 

ഡെൽറ്റ വേരിയന്റിന്റെ വ്യാപനം ഭീഷണി ഉയർത്തിയതോടെ  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാക്സിനേഷൻ നിരക്ക്  ഉയർത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ട്.
ഷോട്ടുകളുടെ വ്യാപകമായ ലഭ്യത ഉണ്ടായിരുന്നിട്ടും രാജ്യത്ത്  ഫലപ്രദമായി മരുന്ന് വിതരണം നടത്താതിരുന്നതാണ് ഡെൽറ്റ വേരിയന്റിന്റെ വ്യാപനത്തിനും തുടർന്നുള്ള  ആശങ്കയ്ക്കും വഴിവച്ചത്. കോവിഡ് കേസുകൾ വർദ്ധിച്ചതോടെ പ്രതിരോധ കുത്തിവയ്പ്പിന്റെ നിരക്ക് ഉയർത്തി ആശങ്ക പരിഹരിക്കാനുള്ള തയ്യാറെടുപ്പും നടത്തിയിട്ടുണ്ട്.

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ചൊവ്വാഴ്ച വാക്സിനേഷൻ‌ സീരീസ് പൂർത്തിയാക്കിയവർക്കും സ്‌കൂളുകളിൽ ഉൾപ്പെടെ ഇൻഡോർ മാസ്ക് മാൻഡേറ്റ് ഏർപ്പെടുത്തിക്കൊണ്ട് പുതിയ മാർഗരേഖ പുറത്തുവിട്ടത് ജനങ്ങൾ പിന്തുടരണമെന്നും ബൈഡൻ അഭ്യർത്ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക