Image

മുറിയുന്ന വീണക്കമ്പികൾ (കവിത: ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)

Published on 28 July, 2021
മുറിയുന്ന വീണക്കമ്പികൾ (കവിത: ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)
ഗാനങ്ങളെത്രയെൻ വീണയിൽ മീട്ടി ഞാൻ
ചേണുറ്റ രാഗമല്ലായിരിയ്ക്കാം !
കാണില്ലയാരും ചെവിക്കൊടുക്കാൻ - ജീവ
ശോണിതമേറെ ലയിച്ച പാട്ടിൽ !!

"അർത്ഥ ''ത്തിൽ മാത്രം " രതി" തേടുവോ രെന്റെ
"അർത്ഥ '' മില്ലാത്തൊരീ യീരടികൾ !
അർത്ഥപൂർണ്ണങ്ങളായ് കാണ്മതില്ലെങ്കിലും
വ്യർത്ഥമായ് തീർന്നേക്കയില്ല മേലിൽ !!

ഞാനെൻ വിപഞ്ചികാ ഞാണഴിയും വരെ-
ഗാനങ്ങളോരോന്നു നെയ്തെടുക്കും !
പാനപാത്രത്തിൻ ലഹരിയിലല്ലയെൻ
ഗാനം മനുഷ്യകഥാനുഗായി ||

 ജീവന്റെ ഓരോ തുടിപ്പിലും സൗഹൃദ -
ഭാവമീ വീണതൻ ഗാനമാകും !
ഉത്സവമാവില്ലൊരിക്കലും ജീവിതം
മത്സരം പൂക്കും നികുഞ്ജമല്ല !!

ആരുമോർക്കാത്തൊരീ ഗാനമിരുളിന്റെ
ഘോരമാ മാഴത്തിലാണ്ടു പോകെ !
ഞാനാശ്വസിയ്ക്ക യാണെന്തെന്തു സ്വപ്നങ്ങൾ
വീണു വിടർന്നിടാ പൂക്കൾ പോലെ !!

രാത്രിയിൽ മാത്രം ചിരിയ്ക്കുന്ന പിച്ചക -
പ്പൂക്കളെയാരുണ്ടു ചേർത്തു പുൽകാൻ ?
രാവിന്റെയന്ത്യ യാമത്തിൽ സ്വജീവനം
നോവിന്റെ രാഗമായ് മൂളുവോർക്കായ് !

ആശാനികുഞ്ജമായ് ആശ്വാസവായുവായ്
വീശും സുഗന്ധമീ കൊച്ചു പൂക്കൾ !
വർണ്ണപ്പൊലിമയിൽ കണ്ണെറിയാത്തൊരീ
വെൺപൂക്കളല്ലേ വിശുദ്ധരോർത്താൽ ?

ആരുമറിയേണ്ട,യെങ്കിലും തന്ത്രികൾ
ഓരോന്നുമിത്ഥം മുറിഞ്ഞുപോട്ടെ !
ആരുമറിയാത്ത നൊമ്പരം പേറി ഞാൻ '.
നേരിൻ കവിതകളാലപിയ്ക്കും!!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക