Image

നമ്മിലെ സീത (സായിസുമതി.വി.മേനോൻ, രാമായണ ചിന്തകൾ 11)

Published on 27 July, 2021
നമ്മിലെ സീത (സായിസുമതി.വി.മേനോൻ, രാമായണ ചിന്തകൾ 11)
കർക്കിടകം ന്നു പറയുമ്പോ പഞ്ഞമാസം ന്നാ അച്ഛമ്മേം അമ്മമ്മേം ഒക്കെ പറയാറ്. പക്ഷേ എന്റെ കുട്ടിക്കാലത്ത് കർക്കിടകം നല്ല സുഖമുള്ള മാസമായിരുന്നു.
കർക്കിടകം തുടങ്ങുമ്പോ കൈയ്യിലും കാലിലും നിറച്ചും മൈലാഞ്ചി ഇടുo. ഇഡ്ഡലീം ദോശേം രണ്ടും ഒന്നിച്ച് ആ ദിവസം കഴിക്കാൻ സാധിക്കും.
രാമായണ പാരായണം പലരീതീല് ചൊല്ലുന്നത് കേൾക്കാം.
പിന്നെ അന്നന്നാള് വായിക്കുന്ന ഭാഗത്തെ കഥയും കേട്ട് നല്ല മഴയത്ത് പുതച്ചുമൂടി കിടന്നുറങ്ങാം.

വളരെ ചെറുപ്പം തൊട്ടേ രാമായണ കഥകൾ കേട്ടു വളർന്ന എനിക്കുണ്ടായ ശക്തമായ തോന്നലുകളാണ് ഞാനിന്ന് ഇവിടെ എഴുതുന്നത്.

രാമായണം എന്ന ഈ ഇതിഹാസത്തിന്റെ പേര് സത്യത്തിൽ
സീതായനം എന്നാണ് വേണ്ടീരുന്നത്.
കാരണങ്ങൾ അനവധിയുണ്ട് അവയിൽ ചിലത് എഴുതാം

കൊട്ടാരത്തില്‍ നിന്നും കൊടുങ്കാട്ടിലേക്കുള്ള യാത്രയെ സധൈര്യം സ്വീകരിച്ച സീതയെന്ന സ്ത്രീയിൽ
എന്തു വന്നാലും നേരിടാനുളള ആർജ്ജവം ആവോളം ഉണ്ടായിരുന്നു  

അതേ പോലെ ധർമം പരിപാലിക്കുന്നതിൽ പുരുഷോത്തമനായ ശ്രീരാമനേക്കാളും ഒരു ഇഞ്ച് മേലേയല്ലേ സീത എന്ന്,  പലഘട്ടങ്ങളിലും നമുക്കേവർക്കും തോന്നി പോവും.

സീതയുടെ പെരുമാറ്റം വിമർശനവിധേയമാകാറുള്ള രണ്ട് സന്ദർഭങ്ങളുണ്ട് രാമായണത്തിൽ.

1) സ്വർണമാനിനെ വേണമെന്ന് വാശി പിടിക്കുന്ന സീത,
അതിന് മുതിർന്ന രാമന് അപകടം സംഭവിച്ചു എന്ന ധാരണയിൽ അവിടേക്കു പോകാൻ മടിക്കുന്ന ലക്ഷ്മണനോട് കടുത്ത വാക്കുകൾ പറഞ്ഞ് രാമസവിധത്തിലേക്ക് അയക്കുന്നു.
2)രാമനെത്തേടി പുറപ്പെടുന്നതിനുമുമ്പ് സീതയുടെ സുരക്ഷയ്ക്കായി ലക്ഷ്മണൻ വരച്ച  അതിർത്തിരേഖ മറി കടന്നു അതിഥിയായി വന്ന സന്ന്യാസിയെ ഉപചരിക്കുന്നു. അങ്ങിനെ സീതാപഹരണം സംഭവിക്കുന്നു.

ഈ രണ്ട് സംഭവങ്ങളാണ് രാമായണത്തിലെ സീതയെ അഥവാ അതിലൂടെ സ്ത്രീകളെ ഇന്നും കുറ്റപ്പെടുത്തുന്നത്.
പക്ഷേ,സീതയുടെ ഈ പെരുമാറ്റത്തിന്റെ പിന്നിലും ധർമഭ്രംശമല്ല
ധർമനിഷ്ഠയാണ് എന്ന് ഉറപ്പിച്ചു പറയാൻ രാമായണ കഥ ശ്രദ്ധാപൂർവ്വം മനനം ചെയ്ത ആർക്കും സാധിക്കും.

സ്വന്തം ഭർത്താവിന് അപായംപറ്റിയെന്ന് ധരിക്കുന്ന സീത,സഹായത്തിനുപോകാൻ മടികാണിക്കുന്ന ലക്ഷ്മണനെ കുറ്റപ്പെടുത്തി കടുത്ത വാക്കുകൾ പറഞ്ഞുവെങ്കിൽ,അത് ഭർത്തൃസ്നേഹത്തിന്റെയും രാമന് അപായമുണ്ടായോ എന്ന,അതീവ ദുഃഖത്തിന്റേയും ഉത്കണ്ഠയുടെയും പ്രകട ഭാവമാണ്.
ഭർത്താവിന്റെ ജീവനെ സ്വന്തം ജീവനുമുപരിയായി സ്നേഹിക്കുന്ന ഒരു ഭാര്യയുടെ സ്വാഭാവികമായ ഹൃദയവികാരം തന്നെയാണത്.
പിന്നെ,ലക്ഷ്മണരേഖ ലംഘിച്ചു എന്നിങ്ങനെ നാം കുറ്റപ്പെടുത്തി പറയുന്ന മൈഥിലി, ഭിക്ഷയാചിച്ചു വന്ന  താപസ രൂപത്തെ ആദരപൂർവ്വം സത്കരിക്കുകയെന്ന ആതിഥേയമര്യാദ നിറവേറ്റുകയാണ് ചെയ്തത്.
ജാനകിയുടെ ധർമ്മമനുഷ്ഠിക്കാനുള്ള സഹജവാസനയാണ് അത് എന്ന് നമ്മൾ ഇനിയെങ്കിലും മനസ്സിലാക്കണം.

രാവണനാൽ അപഹരിക്കപ്പെട്ട സീതയിലെ സ്ത്രീ
ആ ദുരന്തയാത്രയിലും,ഭയം കൊണ്ട് തെല്ലും വിറക്കാതെ,
കരഞ്ഞ് നെടുവീർപ്പിടാതെ തന്റെ വിധിയെ പഴിചാരാതെ , അസാമാന്യമായ ധീരത പ്രകടിപ്പിക്കുന്നുണ്ട്.
അതു മാത്രമല്ല ശ്രീരാമപ്രഭുവിനോട് തന്റെ വൃത്താന്തമെല്ലാം പറഞ്ഞിട്ടേ നിന്റെ ജീവൻ പോകൂ  എന്ന് രാവണൻ പക്ഷങ്ങളരിഞ്ഞ് മുറിവേൽപ്പിച്ച ജടായുവിനേ പ്രാർത്ഥനാപൂർവ്വം അനുഗ്രഹിക്കുന്നുമുണ്ട്
അതൊന്നും പോരാതെ രാവണൻ ബന്ദിയാക്കി ആകാശമാർഗ്ഗേണ കൊണ്ടുപോകുന്നതിനിടയിൽ, അന്വേഷണത്തിന് ഒരു തുമ്പ് കൊടുക്കാനായി, ആഭരണങ്ങളഴിച്ച് ഉത്തരീയത്തിൽ കെട്ടി രാമന് കാണാൻ യോഗം വരട്ടെ എന്ന് പ്രാർഥിച്ച് താഴേക്ക് നിക്ഷേപിക്കാനും വിവേകവതിയായ സീത  ആർജ്ജവം കാട്ടുന്നു.
ഇത്തരത്തിലുള്ള അനവധി സന്ദർഭങ്ങളിലൂടെ സ്ത്രീകൾക്കു സ്ഥിരം നൽകി വരുന്ന ചപല അബല ലേബലുളെ തിരുത്തിയെഴുതുന്ന,
ഈ ഭൂമീപുത്രി സ്വന്തം അഭിപ്രായവും
കാര്യപ്രാപ്തിയും തെളിയിക്കുന്ന മറ്റൊരു സന്ദർഭം
വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ രാമനാൽ ഉപേക്ഷിക്കപ്പെട്ട ഗർഭാവസ്ഥയിലും-ശേഷവും
മക്കൾക്ക് വേണ്ടത് വേണ്ടതുപോലെ നല്കി വളർത്തിയ ഇരട്ട കുട്ടികളുടെ അമ്മയാണ്. ഇങ്ങിനെ സ്വധർമാനുഷ്ഠാന നിഷ്ഠയിലൂടെ മനുഷ്യന് എങ്ങനെ ദിവ്യത്വം പ്രാപ്യമാകുമെന്നതിന്റെ
നിത്യദർശനമാണ്.ഈ രാമയാണ മഹശ്ചരിതം
അഥവാ അയോനിജയുടെ യാനം...

ഈ ഭൂപുത്രി ഇന്നും ആയിരമായിരം സീതമാരായി നമുക്കു ചുറ്റും ഇന്നും പരിലസിക്കുന്നുണ്ട്. അതുകൊണ്ട് ഇതിനു പേർ രാമായനം എന്നല്ല
സീതായനം എന്നു തന്നെയാണ് വേണ്ടത്.

ഈ സീതായനം എല്ലാ ദിവസങ്ങളിലും മനനം ചെയ്ത്,ആത്മവിശ്വാസം ആത്മധൈര്യം എന്നിവയെ  ഉണർത്തി ഉജ്വലമായ ഒരു ജീവിതം കാഴ്ചവെക്കാൻ എല്ലാ സ്ത്രീ ശക്തികൾക്കും സാധിക്കട്ടെ .

Join WhatsApp News
Aniltechno 2021-07-28 15:06:30
❤️❤️🙏🙏
Aniltecno 2021-07-28 15:10:01
സീതായനം🙏🙏❤️❤️
Arun Menon 2021-07-28 17:20:18
Excellent 👏👏🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക