Image

റവ. ബില്ലി ഗ്രഹാമിന്റെ ചെറുമകന് കോവിഡ്; നില ഗുരുതരം

Published on 27 July, 2021
റവ. ബില്ലി ഗ്രഹാമിന്റെ ചെറുമകന് കോവിഡ്; നില ഗുരുതരം
ലോക പ്രശസ്ത  സുവിശേഷ പ്രസംഗകനായിരുന്ന റവ. ബില്ലി ഗ്രഹാമിന്റെ ചെറുമകൻ ജോനാഥൻ ലോട്സിന്  കോവിഡ് ബാധിച്ച് ചികിത്സയിൽ. നില ഗുരുതരമാണെന്ന് കുടുംബം അറിയിച്ചു. 1994 -2002 വരെ ലോട്സും മതകാര്യങ്ങളുമായി ബന്ധപ്പെട്ട്  മുത്തശ്ശനൊപ്പം  പ്രവർത്തിച്ചിരുന്നു. ഇയാൾ ഏത് ആശുപത്രിയിലാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. 

 2018 ലാണ് ഇരുപതാം നൂറ്റാണ്ടിൽ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുന്നതിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ റവ. ബില്ലി ഗ്രഹാം അന്തരിച്ചത്.185 രാജ്യങ്ങളിൽ നിന്ന് 215 മില്യൺ ജനങ്ങൾക്കിടയിൽ അദ്ദേഹം ക്രിസ്‌തീയ മതപ്രചരണം നടത്തിയിരുന്നു. 

തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മകനെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടാകാതെ ഓക്‌സിജൻ ലെവൽ കൂടാൻ പ്രാർത്ഥിക്കണമെന്ന് ലോട്സിന്റെ അമ്മയും റവ.ബില്ലി ബ്രഹാമിന്റെ അഞ്ചു മക്കളിൽ ഒരാളുമായ ആൻ ഗ്രഹാം ലോട്സ് അഭ്യർത്ഥിച്ചു. അർബുദത്തെ അതിജീവിച്ച ഇവർ, നോർത്ത് കരോലിനയിലെ ഏഞ്ചൽ മിനിസ്ട്രീസിന്റെ സ്ഥാപക കൂടിയാണ്. മകന്റെ ജീവൻ ക്രിസ്തുവിന്റെ കരങ്ങളിൽ അർപ്പിച്ചിരിക്കുകയാണെന്നും  ആൻ പറഞ്ഞു.

കോവിഡ്  തട്ടിപ്പാണെന്ന് പറഞ്ഞ 28-കാരൻ കോവിഡ് ബാധിച്ച് മരിച്ചു; ഏവരും വാക്സിൻ സ്വീകരിക്കണമെന്ന് അയാളുടെ കുടുംബം 

അലബാമ : കർട്ട് കാർപെന്റർ എന്ന 28 കാരൻ കോവിഡ് -19 വെറും തട്ടിപ്പാണെന്ന വിശ്വാസത്തിൽ, രോഗത്തിന് ഗൗരവം കല്പിക്കാതിരുന്നതിന് വിലയായി നൽകേണ്ടി വന്നത് സ്വന്തം ജീവനാണ്. കോറോണവൈറസ് ബാധിച്ച് 51 ദിവസങ്ങൾ  ബർമിങ്ഹാമിലെ  ഗ്രാൻഡ്‌വ്യൂ  മെഡിക്കൽ സെന്ററിന്റെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ശേഷമാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്. 
ശ്വാസം കിട്ടാതെ മകൻ നന്നായി പ്രയാസപ്പെട്ടിരുന്നെന്നും, ജീവനോടെ അവൻ ഉണ്ടായിരുന്നെങ്കിൽ രോഗത്തിന്റെ ഗൗരവം മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുമായിരുന്നെന്നും മാതാവായ ക്രിസ്റ്റി കാർപെന്റർ അഭിപ്രായപ്പെട്ടു. മകന്റെ അനുഭവം ഒരു പാഠമായി ഉൾക്കൊണ്ട് ഏവരും കഴിയുന്നത്ര വേഗം കോവിഡ് വാക്സിൻ സ്വീകരിച്ച് സുരക്ഷിതരാകണമെന്നും അവർ മാധ്യമങ്ങളിലൂടെ ലോകത്തോട് പറഞ്ഞു. ഇത് തട്ടിപ്പല്ലെന്നും യാഥാർഥ്യമാണെന്നും മകൻ ഒടുവിൽ മനസ്സിലാക്കിയിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
മറ്റു രോഗങ്ങൾ അലട്ടാത്ത 28 കാരനെപ്പോലും കീഴ്പ്പെടുത്തുന്നത്ര ഭീകരനാണ് കോവിഡ് എന്നും ആ അമ്മ വേദനയോടെ ഓർമ്മപ്പെടുത്തുന്നു. 
നിലവിൽ അമേരിക്കയിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിതരാകുന്നവരിൽ 97 ശതമാനവും മരണപ്പെടുന്നതിൽ 99.5 ശതമാനവും വാക്സിൻ സ്വീകരിക്കാത്ത ആളുകളാണെന്ന് സിസിസി ഡയറക്ടർ റോഷൽ വാലൻസ്കി വ്യക്തമാക്കി. മറ്റൊരു തരംഗം തടയണമെങ്കിൽ ആളുകൾ വേഗം പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് വാലൻസ്കി മുന്നറിയിപ്പ് നൽകി.

കോവിഡ്: ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 

 ന്യൂയോർക്കിലെ 75 ശതമാനം മുതിർന്നവർക്കും  കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്സിൻ ലഭിച്ചിട്ടുണ്ട്,  സംസ്ഥാനത്തൊട്ടാകെ 22 മില്യണിലധികം വാക്സിൻ ഡോസുകൾ നൽകി. എന്നാൽ, മുതിർന്നവരിൽ നാലിലൊന്ന് ഇപ്പോഴും വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നത് ദുഃഖകരമാണ്. ഏകദേശം 3.5 മില്യൺ ആളുകൾ വാക്സിൻ നേടാത്തവരുടെ  ഈ പട്ടികയിലുണ്ട് . ന്യൂയോർക്കിൽ ഉഗ്രവ്യാപനശേഷിയുള്ള  ഡെൽറ്റ വേരിയന്റ് പടരുന്ന സാഹചര്യത്തിൽ, രോഗം ഇവരിലേക്ക് പടരുമെന്ന ആശങ്ക കനക്കുന്നു.
പുതിയ കേസുകളുടെ എണ്ണം ഒരു മാസം മുമ്പുള്ളതിനേക്കാൾ അഞ്ചിരട്ടിയായി ഉയർന്നിരിക്കുകയാണ്. ന്യൂയോർക്കിലെ പുതിയ കേസുകളിൽ 72 ശതമാനവും ഡെൽറ്റ വേരിയന്റ് മൂലമാണ്. ഡെൽറ്റ വേരിയന്റിൽ നിന്ന് സ്വയം സംരക്ഷണം നേടാൻ ഏവരും എത്രയും വേഗം  വാക്സിനേഷൻ നേടണമെന്ന് അഭ്യർത്ഥിക്കുന്നു.

* കോവിഡ്ബാധിതരായി ആശുപത്രിയിൽ പ്രവേശിച്ചവരുടെ എണ്ണം 546 ആണ്.  56,868 പരിശോധനകളിൽ 1,296 പേരുടെ ഫലം പോസിറ്റീവായി.പോസിറ്റിവിറ്റി നിരക്ക്:2.28 ശതമാനമാണ്. 7 ദിവസത്തെ  ശരാശരി പോസിറ്റിവിറ്റി നിരക്ക് 1.88 ശതമാനമായിരുന്നു. ഐസിയുവിൽ ഇന്നലെ 123 രോഗികളുണ്ടായിരുന്നു, മരണസംഖ്യ:: നാല്.

*  സിഡിസിയുടെ കണക്ക്  പ്രകാരം,ന്യൂയോർക്കിലെ 74.6 ശതമാനം പേർക്കും കുറഞ്ഞത് ഒരു വാക്സിൻ ഡോസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 22,912 ഡോസുകൾ നൽകി. ഇന്നുവരെ, ന്യൂയോർക്ക് ആകെ 22,055,646 ഡോസുകൾ നൽകി, ന്യൂയോർക്കിലെ 68.0 ശതമാനം പേർ വാക്സിൻ സീരീസ് പൂർത്തിയാക്കി.

* കുറഞ്ഞ വാക്സിനേഷൻ നിരക്കുകളുള്ള പ്രദേശങ്ങളിൽ വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുന്നതിന് സംസ്ഥാനം കമ്മ്യൂണിറ്റി ഓർഗനൈസേഷനുകൾക്ക് 15 മില്യൺ ഡോളർ അനുവദിച്ചു. ഹിസ്പാനിക് ഫെഡറേഷൻ, ഫെഡറേഷൻ ഓഫ് പ്രൊട്ടസ്റ്റന്റ് വെൽഫെയർ ഏജൻസീസ്, ന്യൂയോർക്ക് ഇമിഗ്രേഷൻ കോളിഷൻ, ഏഷ്യൻ അമേരിക്കൻ ഫെഡറേഷൻ, ചാൾസ് ബി. വാങ് കമ്മ്യൂണിറ്റി സെന്റർ, എപിച കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നീ  ഗ്രൂപ്പുകൾക്ക് ധനസഹായം  ലഭിക്കും.

* ന്യൂയോർക്ക് വാടക ദുരിതാശ്വാസ(റെന്റ് റിലീഫ്) പ്രോഗ്രാം അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കുന്നു.  ജൂലൈ 27 മുതൽ ഇത് പ്രാബല്യത്തിൽ വരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക