Image

കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ഉടന്‍ ; എംപിമാര്‍ക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

Published on 27 July, 2021
കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ഉടന്‍ ; എംപിമാര്‍ക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്
ഡല്‍ഹി : കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു എംപിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരിം എംപിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. എംപിമാരായ ബിനോയ് വിശ്വം, എം വി ശ്രേയാംസ്‌കുമാര്‍, സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, എ എം ആരിഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മികച്ച രീതിയില്‍ കോവിഡ് വാക്‌സിനേഷന്‍ നടത്തിവരുന്ന സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. ഊഴമനുസരിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുമ്ബോള്‍ കേരളത്തിന് പ്രാമുഖ്യവും പ്രത്യേക പരിഗണയും നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന് കൂടുതല്‍ ഡോസ് വാക്‌സീന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് മാസത്തിനുള്ളില്‍ കേരളത്തിന് 60 ലക്ഷം ഡോസ് വാക്‌സിന്‍ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കേ പരമാവധി ആളുകളില്‍ ഒരു ഡോസ് വാക്‌സീന്‍ എങ്കിലും നല്‍കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കിയേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക