Image

ആമസോണിനെ  ഇനി  വീടിന്റെ താക്കോൽ ഏൽപ്പിക്കാം (മോ?) 

Published on 26 July, 2021
ആമസോണിനെ  ഇനി  വീടിന്റെ താക്കോൽ ഏൽപ്പിക്കാം (മോ?) 

ഓൺലൈൻ വിപണനരംഗത്ത് നാൾക്കുനാൾ മത്സരം കടക്കുകയാണ്. പ്രതിയോഗികളെക്കാൾ ഒരു മുഴം മുൻപേ എറിഞ്ഞ് നൂതനമായ ആശയങ്ങൾ അവതരിപ്പിച്ചാണ് ആമസോൺ പോലുള്ള ഓൺലൈൻ രംഗത്തെ അതികായർ തങ്ങളുടെ ബ്രാൻഡ്നെയിം നിലനിർത്തുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഉപഭോക്താക്കളിലേക്ക് അവർ ഓർഡർ ചെയ്യുന്ന സാധനം എത്തിച്ചുകൊടുക്കുന്നതാണ് ഈ രംഗത്തെ വിജയമന്ത്രം. 

കസ്റ്റമറുടെ വീട്ടുവാതിൽക്കൽ  ഡെലിവറി ബോയ്  എത്തി വാതിലിൽ മുട്ടുന്നതിന്റെ സമയനഷ്ടം കൂടി പരിഹരിക്കാനുള്ള മാർഗത്തിന്റെ പണിപ്പുരയിലാണ് ആമസോൺ. അതിനാണ് കീ റ്റു ബിസിനസ് എന്ന പുതിയ തന്ത്രം. വീടിന്റെ താക്കോൽ ആമസോണിനു നൽകുക. വീട് തുറന്ന് അവർ സാധനങ്ങൾ അകത്തു വയ്ക്കും. പാക്കേജ് ആരും മോഷ്ടിക്കില്ല.

 2018 ൽ പ്രഖ്യാപിച്ച ഈ  പ്രോഗ്രാം, സുരക്ഷാ ആശങ്കയെത്തുടർന്നാണ് വൈകുന്നത്. പ്രത്യേക ഉപകരണം വീടിന്റെ വാതിലിൽ ഘടിപ്പിക്കുന്നു.  ആ വീട്ടിലേക്കു സ്കാൻ ചെയ്യാനാകുന്ന കോഡുള്ള പാക്കേജുമായി എത്തുമ്പോൾ മാത്രം പ്രവേശനം സാധ്യമാകുന്നു. അല്ലാത്ത സമയത് വാതിൽ തുറക്കാനാവില്ല. 

ഇത് വീടിന്റെ സുരക്ഷയെ ബാധിക്കില്ലെന്നും സാധനങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. 

പശ്ചാത്തലം നന്നായി അന്വേഷിച്ച് മാത്രമേ  ഡെലിവറി ബോയ് ആയി കമ്പനി ആളുകളെ നിയമിക്കൂ എന്നതും സുരക്ഷ കൂട്ടുന്ന ഘടകമായി  അവർ ചൂണ്ടിക്കാട്ടി. വിലാസത്തിലുള്ള ആൾ സ്ഥലത്തില്ലെങ്കിൽ പോലും കൃത്യമായി സാധനം എത്തിക്കാനുള്ള മാർഗ്ഗമാണിതെന്നും കമ്പനി വ്യക്തമാക്കി.

പാക്കേജ് മോഷണം ആണ് ഇപ്പോൾ കമ്പനി നേരിടുന്ന ഒരു വലിയ പ്രശനം. അത് ഇല്ലാതാക്കാൻ ഇതുകൊണ്ട് പറ്റും. 

എന്നാൽ, ഫെഡറൽ ട്രേഡ് കമ്മീഷന്റെ (എഫ് ടി എ ) മുൻ ചീഫ് ടെക്‌നോളജിസ്റ്റും  മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ സീനിയർ ടെക്ക് അഡ്വൈസറും  ആയിരുന്ന അഷ്കൻ സൊൽറ്റാനി ഇതിനെ  എതിർക്കുന്നു. ഏത് ഉപകരണവും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുള്ള ഇന്നത്തെ കാലഘട്ടത്തിൽ, സ്വകാര്യതയെയും സുരക്ഷയെയും ദോഷകരമായി ഈ സംവിധാനം ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 
ഹാക്കിങ്ങിനുള്ള ഈ സാധ്യതയെക്കുറിച്ച് പ്രതികരിക്കാൻ ആമസോൺ തയ്യാറായിട്ടില്ല.

നിലവിൽ, യു എസ് പോസ്റ്റൽ സർവീസിന് മാത്രമാണ് അപാർട്മെന്റ് ബിൽഡിങ്ങുകളിൽ  ജോലിയുടെ ഭാഗമായി പ്രവേശിക്കാൻ സാധിക്കുന്നത്. 

യു എസിലെ ആയിരത്തോളം  അപാർട്മെന്റ് ബിൽഡിങ്ങുകളിൽ ഇതിനകം കമ്പനി പുതിയ ഉപകരണം ഘടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, പ്രത്യേക നമ്പറോ കോഡോ നൽകിയിട്ടില്ല. 

ഉപകരണം ഘടിപ്പിച്ച ഇടങ്ങളേതെന്ന സൂചന ആമസോണിന്റെ ചിഹ്നമായ 'സ്മൈലി ലോഗോ' സ്റ്റിക്കർ ' പതിപ്പിച്ചത് കണ്ട് മനസ്സിലാക്കാം. ന്യൂയോർക്ക് സിറ്റി സ്ട്രീറ്റിൽ 11 കെട്ടിടങ്ങളിൽ മൂന്നെണ്ണത്തിൽ ഇത്തരം സ്റ്റിക്കർ കണ്ടുവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു 

തികച്ചും സൗജന്യമായാണ് ഈ ഉപകരണം ഘടിപ്പിക്കുന്നത് എന്ന് മാത്രമല്ല, 100 ഡോളറിന്റെ ആമസോൺ ഗിഫ്റ് കാർഡും ഇത് ഘടിപ്പിക്കാൻ അനുവദിക്കുന്നവർക്ക് ലഭിക്കും.  

ഈ രീതി ഉപഭോക്താവിന് പ്രത്യേകിച്ച് മെച്ചമൊന്നും കൊണ്ടുവരുന്നില്ലെന്നും കുറഞ്ഞ സമയംകൊണ്ട് ആമസോണിന് തങ്ങളുടെ ജീവനക്കാരെക്കൊണ്ട് കൂടുതൽ ജോലി ചെയ്യിക്കാനുള്ള മാർഗ്ഗമാണിതെന്നുമാണ് സാധാരണക്കാരുടെ പ്രതികരണം. 

Join WhatsApp News
Just a Reader 2021-07-26 18:06:21
The internet has all your information, now they want your key too???What is going on...Eventually, they need your deed of your house too. I have never ever used Amazon and I have almost 'everything' I need. No, thank you!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക