Image

'ട്രമ്പ് വാക്‌സിന്‍' എല്ലാവരും സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി സാറാ ഹക്കബി സാന്റേഴ്‌സ്

പി.പി.ചെറിയാന്‍ Published on 26 July, 2021
'ട്രമ്പ് വാക്‌സിന്‍' എല്ലാവരും സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി സാറാ ഹക്കബി സാന്റേഴ്‌സ്
അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് സംസ്ഥാനത്തിലെ എല്ലാവരും 'ട്രമ്പ് വാക്‌സിന്‍' സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി മുന്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്കബി.

മാസങ്ങള്‍ക്കു മുമ്പു തന്നെ ഞാന്‍ 'ട്രമ്പ് വാക്‌സിന്‍' സ്വീകരിച്ചതായി ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സാറാ അവകാശപ്പെട്ടു. ട്രംപും കുടുംബവും വാക്സിൻ സ്വീകരിച്ചതാണ്. അവർക്ക് ആകാമെങ്കിൽ നമുക്കും ആകാം- അവർ പറയുന്നു.

അര്‍ക്കന്‍സാസ് സംസ്ഥാനത്തിലെ 36 ശതമാനം മാത്രമാണ് ഇതുവരെ പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. 11.34 ശതമാനമാണ് ഇപ്പോള്‍ ഇവിടെ പോസിറ്റീവ് റേറ്റ് എന്ന ജോണ്‍സ് ഹോപ്കിന്‍സ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രമ്പിന്റെ വാക്‌സിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രസിഡന്റ് ബൈഡന്‍, കമലഹാരിസ്, ആന്റണി ഫൗച്ചി എന്നിവരെ സാറ ഹക്കബി നിശിതമായി വിമര്‍ശിച്ചു. ട്രമ്പാണ് വാക്‌സിന്‍ കണ്ടെത്താന്‍ മുന്‍കൈ എടുത്തതും അതിന് ആവശ്യമായ യുദ്ധകാലാടിസ്ഥാനത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്നും സാറാ ഹക്കബി  പറഞ്ഞു.

അര്‍ക്കന്‍സാസ് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് ട്രമ്പിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് സാറാ ഹക്കബി മത്സരരംഗത്തെത്തിയിരിക്കുന്നത്. അര്‍ക്കസാസിലെ കോവിഡ് മരണവും, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നതു വാക്‌സിനേറ്റ് ചെയ്യാത്തതിനാലാണെന്നും ഇവര്‍ പറഞ്ഞു. പൗരന്മാരുടെ സുരക്ഷിതത്വത്തിന് വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിച്ചു. ട്രമ്പിന്റെ വാക്‌സിന്‍ കോവിഡിനെതിരെ ഫലപ്രദമാണെന്നും ഇവര്‍ ചൂണ്ടികാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക