Image

രാമായണ പുണ്യം (രാമായണ ചിന്തകൾ 10: അംബിക മേനോൻ)

Published on 26 July, 2021
രാമായണ പുണ്യം (രാമായണ ചിന്തകൾ  10: അംബിക മേനോൻ)
ഭാരതത്തിന്റെ സംഭാവനയായ ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം. രാമന്റെ അയനം(യാത്ര) എന്നാണ്‌ രാമായണത്തിനർത്ഥം.  അയോദ്ധ്യാധിപതിയായിരുന്ന ശ്രീരാമന്റെ ജീവചരിത്രമാണ് രാമായണം. വാത്മീകിമഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുളള ആദ്യ കൃതിയാണ്‌. അതിനാൽ
ഇത് ആദിമഹാകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും രാവണ വധവുമാണ് രാമകഥാസംക്ഷേപസാരം.

ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും, ഭരതനേയും പോലുളള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുളള സന്ദേശമാണ്‌ വാത്മീകിരാമായണത്തിൽ നിന്ന് ലഭിക്കുന്നത്. രണ്ടാം നുറ്റാണ്ടിലാണ് വാത്മീകി രാമായണം പ്രചാരത്തിൽ വരുന്നത്. അതിനു മുൻപ് തന്നെ രാമായണ കഥ ഭാരതത്തിൽ വാമൊഴിയിലുടെ പലർക്കും
അറിവുണ്ടായിരുന്നു.

ഇരുപത്തിനാലായിരം(24000) ശ്ലോകങ്ങളിലായാണ് വാത്മീകി രാമായണം എഴുതിയിരിക്കുന്നത്. 24 അക്ഷരങ്ങളില്‍ കൂടിപ്രകടമാകുന്ന ഗായത്രീമന്ത്രം 24000 ശ്ലോകങ്ങളായി വിസ്‍തൃതമായതാണ് രാമായണമെന്നു പറയാം. കാരണം ഓരോ 1000 ശ്ലോകത്തിന്റേയും തുടക്കം വേദമൂലമായ ഗായത്രീമന്ത്രത്തിന്റെ ആദ്യാക്ഷരങ്ങളാലാണ്. ഇതുമൂലം രാമായണത്തിന് ഗായത്രീരാമായണമെന്ന
വിശേഷണവുമുണ്ട്. സാരോപദേശങ്ങളും തത്ത്വദര്‍‍ശനങ്ങളും കൊണ്ട്‍ സമ്പുഷ്‍ടമാണ് ഈ കൃതി.
അതുകൊണ്ടുതന്നെയാണിത്‍ നിത്യപാരായണത്തിനായി വീടുകളില്‍‌ ഉപയോഗിച്ചുവന്നത്.

അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) ആറു പ്രധാനഭാഗങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ശ്രീരാമന്റെ ജനനവും ബാല്യവും ബാലകാണ്ഡത്തിലും, രാമന്റെ വനവാസത്തിലേയ്ക്കു നയിക്കുന്ന സംഭവവികാസങ്ങൾ
അയോദ്ധ്യാകാണ്ഡത്തിലും, ആരണ്യകത്തിലെ ജീവിതവും സീതാപഹരണവും ആരണ്യകാണ്ഡത്തിലും, സുഗ്രീവാദികളുമായുളള സൌഹൃദവും ബാലീനിഗ്രഹവും കിഷ്കിന്ദാകാണ്ഡത്തിലും, ഹനുമാന്റെ ലങ്കാപ്രവേശവും ലങ്കാദഹനവും സുന്ദരകാണ്ഡത്തിലും, രാമൻ രാവണനെ ജയിക്കുന്നത് യുദ്ധകാണ്ഡത്തിലുമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു.

ഇതിനു ശേഷവും രാമായണ കഥ തുടരുന്നുണ്ട്, അതാണ്‌ ഉത്തര രാമായണം. എന്നാല്‍ പൊതുവേ ആ കഥ ആരും വായിക്കാറില്ല, കാരണം വീടുകളിലിരുന്ന് അത് വായിക്കുന്നത് ദുഃഖം പ്രദാനം ചെയ്യുമെന്നാണ്‌ സങ്കല്‍പ്പം. അതിനാല്‍ തന്നെ യുദ്ധകാണ്ഡത്തിനൊടുവില്‍ ശ്രീരാമപട്ടാഭിഷേകം വായിച്ച ശേഷം,
ഒരിക്കല്‍ കൂടി ശ്രീരാമജനനം വായിച്ച് പാരായണം അവസാനിപ്പിക്കുകയാണ്‌ പതിവ്.
പഴയ തലമുറയില്‍‍ രാമായണം പാരായണം ചെയ്യുന്നത്‍ ഒഴിച്ചുകൂടാന്‍‍ പറ്റാത്ത സംഗതിയായിരുന്നു. വിവാഹാവസരങ്ങളിലും മരണശയ്യയ്‍ക്കു സമീപവും രാമായണംപകുത്തുവായിക്കലൊരു ചടങ്ങാണ്. പ്രത്യേക ചടങ്ങുകളില്‍‍ താലത്തിനോടൊപ്പം രാമയണവും വെയ്‍ക്കുന്ന പതിവുണ്ടായിരുന്നു. രാമായണത്തിലെ എല്ലാ സ്തുതികളും നിത്യജപത്തിനുളള നാമങ്ങളാണ്.

ദേശിയോദ്‍ഗ്രഥനത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു രാമായണം. രാമായണം എഴുതപ്പെടാത്തതോ, തര്‍‍ജ്ജമ ചെയ്യപ്പെടാത്തതോ ആയി ഒരൊറ്റഭാഷയും ഭാരതത്തിലില്ല. ആദ്യം പ്രൌഢഭാഷയായ സംസ്‍കൃതത്തിലൊതുങ്ങി നിന്ന രാമായണം ക്രമേണ എല്ലാ പ്രാദേശികഭാഷകളിലേക്കും ഭാഷാന്തരം ചെയ്യപ്പെടുകയുണ്ടായി. ശ്രീരാമന്റെ കഥ ഭാരതീയരുടെ മനസ്സില്‍ രൂഢമൂലമായതുകൊണ്ട്‌ വാത്മീകി
രാമായണത്തെ അടിസ്ഥാനമാക്കി കാഷ്മീര്‍ മുതല്‍ കന്യാകുമാരിവരെ ജനങ്ങളുടെ വിവിധഭാഷകളില്‍ രാമായണം വീരചരിതമായി. അതില്‍ വടക്കേ ഇന്ത്യയില്‍ തുളസിദാസ രാമായണം, ബംഗാളില്‍ കൃത്തിവാസ രാമായണം, തമിഴില്‍ കമ്പരാമായണവും പ്രധാനപ്പെട്ട രാമായണങ്ങളാണ്‌. തെക്കെ ഇന്ത്യയില്‍ ഭക്തിയ്ക്ക്‌ പ്രാധാന്യമുള്ള അധ്യാത്മരാമായണത്തിനാണ്‌ പ്രചുരപ്രചാരം. അദ്ധ്യാത്മ
രാമായണത്തിന്റെ മലയാള പരിഭാഷ എന്നുപോലും പറയാവുന്ന എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടാണ്‌ മലയാളികള്‍ക്ക്‌ പ്രിയങ്കരം.

രാമായണകഥയെ ഉപജീവിച്ചുകൊണ്ട് എണ്ണമറ്റ കലാരൂപങ്ങളുടലെടുത്തു. കഥയിലും കവിതയിലും ചിത്രത്തിലും ശില്പത്തിലുമൊക്കെയെന്ന പോലെ നൃത്തത്തിലും രാമായണകഥയ്‍ക്കുള്ള സ്ഥാനം അദ്വിതീയമാണ്. സീതാദേവിയുടെ ജന്മസ്ഥലം നേപ്പാളിലാണ്, രാവണവധം കഴിഞ്ഞുവരുന്ന രാമന്‍‌
ഗംഗാനദിയിലെ വെളളംകൊണ്ട് രാമേശ്വരം ക്ഷേത്രത്തില്‍‍ അഭിക്ഷേകം നടത്തുന്നുണ്ട്. ശബരിമലയില്‍‍ ശ്രീരാമപാദവും, ജടായു രാവണനെ എതിരിട്ട് മരണമടഞ്ഞ ജടായുമംഗലം ചടയമംഗലമെന്ന പേരിലിന്നുമുണ്ട്, ഉത്തര്‍‍പ്രദേശിലെ സരയൂനദി ഇന്നും നമുക്കു ദൃശ്യമാണ്. ലങ്കയിലേക്കുള്ള പാലം
നിര്‍മ്മിച്ചതിന്റെ അവശിഷ്‍ടം നമുക്കിന്നും കാണാന്‍‍ കഴിയുന്നു. വയനാട്ടില്‍‌ ലവകുശന്‍‌മാര്‍‌ ജനിച്ചു വളര്‍‌ന്ന സ്ഥലം പ്രസിദ്ധമാണ്.

നൂറ്റാണ്ടുകളായിട്ട് രാമായണം എന്ന ചരിത്ര സംഭവത്തെ അനേകം വിശ്രുതപണ്ഡിതന്മാര്‍ തങ്ങളുടെ നിശിതമായ ഗവേഷണബുദ്ധി പ്രയോഗിച്ച് നൂതനങ്ങളായ പല ദര്‍ശനനങ്ങളും നല്‍കിയിട്ടുണ്ട്.
 രാമായണകാലത്തെ ഭൂപടങ്ങള്‍ പോലും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. രാമായണ കഥാ സന്ദര്‍ഭങ്ങളെ ഉള്‍ക്കൊള്ളിച്ച് ചില ചരിത്ര വസ്തുതകൾ ഇന്നും ശ്രീരാമന്റെ യാത്രാപഥങ്ങളിൽ  ദ്രിശ്യമാണ്. "21" ദിവസം വേണ്ടി വന്നു ശ്രീലങ്കയില്‍ നിന്നും അയോദ്ധ്യയില്‍ എത്താന്‍.

രാമനാമം താരകമന്ത്രമാണ്.  ജപിക്കുന്നവനെ രക്ഷിക്കുന്ന മന്ത്രം. ഈ മന്ത്രം ആർക്കും ഏതൊരു സമയത്തും ജപിക്കാവുന്നതാണ്. വിഷ്ണുസഹസ്രനാമം ജപിക്കുന്നതുകൊണ്ടുള്ള ഫലം മുഴുവൻ ഒരു തവണ രാമനാമം ജപിക്കുന്നതിലൂടെ കൈവരുമെന്ന് പറയുന്നു. ഇത് സാക്ഷാൽ ശ്രീപരമേശ്വരൻ പാർവതിദേവിക്ക് ഉപദേശിച്ചു കൊടുത്ത  രഹസ്യവുമാണ്.

രാമനാമം നിരന്തരമായി ജപിച്ചാണ് കിരാതനായ രത്നാകരൻ വാത്മീകി മഹർഷിയായി
തീർന്നത്. രാമനാമം എല്ലാ ദുഃഖങ്ങളെയും അജ്ഞാനത്തെയും നശിപ്പിക്കുന്നതും,
സർവത്ര  വിജയത്തെ പ്രദാനം ചെയ്യുന്നതുമാണ്. യാത്രപുറപ്പെടുമ്പോഴും, ആപത്തിലകപ്പെടുമ്പോഴും ശത്രുക്കളിൽ നിന്നും, രോഗത്തിൽ നിന്നും എല്ലാം മുക്തി സിദ്ധിക്കുന്നതിനും, വിജയം
കൈവരിക്കുന്നതിനും രാമനാമം ജപിക്കണമെന്ന് പൂർവ്വീകർ പറയുന്നതിന്  കാരണം ഇതാണ്.

ധർമത്തിന്റെ മുർത്തീ ഭാവമാണ് ശ്രീരാമൻ. ഒരു നര ജന്മത്തിന് മോക്ഷമേകാൻ ശ്രീരാമന്റെ ധർമ നിഷ്ഠയും, ഗുരു ഭക്തിയും, ധൈര്യവും, ഏകപത്നീ വ്രതവും, അചഞ്ചലമായ രാഷ്ട്രസ്നേഹവും അനുകരണീയമായ മാതൃകകൾ ആണ്. ഒരു മഹദ് രാഷ്ട്രമായി ഭാരതം ഇന്നും നില നിൽക്കുന്നതിൽ ശ്രീരാമചന്ദ്രദേവനും, രാമായണത്തിനും  ഉള്ള  പ്രസക്തി അനിർവചനീയമാണ് . സ്വജീവിതത്തിൽ പകർത്തേണ്ട ഈ നിഷ്ടകൾ ആണ് രാമായണത്തിന്റെ സന്ദേശം.

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക