EMALAYALEE SPECIAL

ഒരു അവാര്‍ഡ് കഥ: അപമാനം പിന്നെ ഒരു കള്ളന്റെ പേരും (പി.ടി പൗലോസ്-ആഴത്തിലുള്ള ചിന്തകള്‍)

Published

on

പി.ടി.പൗലോസ്

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശി. 1968 മുതല്‍ കാല്‍ നൂറ്റാണ്ടുകാലം കല്‍ക്കട്ട ആയിരുന്നു പ്രവര്‍ത്തന മണ്ഡലം. പിന്നീട് പതിനഞ്ച് വര്‍ഷം കൊച്ചിയില്‍. 2010 മുതല്‍ ന്യൂയോര്‍ക്ക് ലോംങ്ങ്ഐലന്റിലെ ഫ്രാങ്ക്‌ലിന്‍ സ്‌ക്വയറില്‍ കുടുംബവുമായി താമസിക്കുന്നു.

രണ്ടര പതിറ്റാണ്ട് നീണ്ട കല്‍ക്കട്ട ജീവിതത്തില്‍ പത്രപ്രവര്‍ത്തനരംഗത്തും നാടകപ്രവര്‍ത്തനരംഗത്തും മറ്റ് കലാ-സാഹിത്യ-സാമൂഹ്യ- സാംസ്‌ക്കാരിക മേഖലകളിലും സജീവ പങ്കാളിത്തമുണ്ടായിരുന്നു. നാടകനടന്‍, സംവിധായകന്‍ എന്ന നിലകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇന്‍ഡ്യയിലെ അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകളിലെ അറിയപ്പെടാത്ത പല കഥകളും വിവിധ പ്രാദേശിക പത്രങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചു. അതിന്റെ പേരില്‍ വധഭീഷണിവരെ നേരിട്ടിട്ടുണ്ട്. കല്‍ക്കട്ട മലയാളി അസ്സോസിയേഷന്‍ സ്ഥാപകാംഗവും പ്രസിഡണ്ടുമായിരുന്നു.

ബംഗാള്‍ റാഷണലിസ്റ്റ് അസ്സോസിയേഷന്‍ സ്ഥാപക സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചു. ആര്‍ട്ട്‌സ് സെന്റര്‍ കല്‍ക്കത്ത എന്ന നാടക സമിതിയിലും ഏറെക്കാലം പ്രവര്‍ത്തിച്ചു. മൂവാറ്റുപഴ താലൂക്ക് ലൈബ്രററി കൗണ്‍സില്‍ മെമ്പറായി പ്രവര്‍ത്തിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്.

നാടകങ്ങളും കഥകളും ലേഖനങ്ങളും ആയി ആറ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇപ്പോള്‍ അച്ചടി-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കഥകളും ലേഖനങ്ങളും ഏഴുതുന്നതോടൊപ്പം ന്യൂയോര്‍ക്ക് സര്‍ഗ്ഗവേദിയുടെ അമരക്കാരില്‍ ഒരാളായിപ്രവാസ സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ സജീവം.

1. ഇമലയാളിയിലെ പുരസ്‌ക്കാരം പ്രതീക്ഷിച്ചിരുന്നോ? അവാര്‍ഡ് നിങ്ങള്‍ക്ക് ലഭിച്ചുവെന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായ വികാരം?
ഉ. ഒട്ടും പ്രതീക്ഷിച്ചില്ല. വിവരം അറിഞ്ഞപ്പോള്‍ ഉണ്ടായ വികാരം സന്തോഷം മാത്രം. ഒരെഴുത്തുകാരന്‍ ആണെന്നുള്ള അംഗീകാരം എന്നിലെ എഴുത്തുകാരന്റെ ഉത്തരവാദിത്വം കൂട്ടി എന്ന് വിശ്വസിക്കുന്നു.

2. ഇമലയാളി പതിവായി വായിക്കുന്നുണ്ടാകുമല്ലൊ. ഇ മലയാളിയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ?
ഉ. ഞാന്‍ ഇമലയാളി കഴിയുന്നതും മുടങ്ങാതെ വായിക്കുന്നുണ്ട്. ഇമലയാളി ഓരോ വര്‍ഷവും മെച്ചപ്പെട്ടുകൊണ്ട് തന്നെ വരുന്നുണ്ട്. ഉള്ളടക്കം ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയും എന്നത് ഇ മലയാളിയുടെ എടുത്തു പറയേണ്ട പ്രത്യേകകതളിലൊന്നാണ്. വായന കുറഞ്ഞുവരുന്ന ഈ കാലത്ത് എല്ലാം എല്ലാവരും വായിക്കുന്നുണ്ടോ എന്ന് സംശയമാണ്. ഓരോ ആര്‍ട്ടിക്കിളും എത്ര പേര്‍ വായിക്കുന്നു എന്നറിയാന്‍ ഒരു സംവിധാനമുണ്ടെങ്കില്‍നന്നായിരുന്നു. അതെങ്ങനെ സാധിക്കും എന്നെനിക്ക് നിശ്ചയമില്ല. ഇവിടത്തെ പ്രാദേശിക വാര്‍ത്തകള്‍ക്കു കൂടി പ്രാധാന്യം കൊടുത്താന്‍ നന്നായിരിക്കും. തലക്കെട്ട് മാത്രം വായിച്ചിട്ട് ഉള്ളടക്കം വായിക്കാതെ കമന്റ് എഴുതുന്ന പലരെയും ഞാന്‍ ഇ മലയാളിയില്‍ കാണാറുണ്ട്. നിഷ്പക്ഷമായി കമന്റ് എഴുതുന്ന ഒരു സംസ്‌ക്കാരം കൂടി ഇമലയാളിയില്‍ ഉണ്ടാകേണ്ടതുണ്ട് എന്നാണ് എന്റെ എളിയ തോന്നല്‍.

3. അമേരിക്കന്‍ മലയാള സാഹിത്യത്തെ എങ്ങനെ വിലയിരുത്തുന്നു? നിങ്ങളുടെ രചനകള്‍ അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയെ എങ്ങനെ സഹായിക്കും?
ഉ. അമേരിക്കന്‍ മലയാള സാഹിത്യം എന്ന ഒന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മലയാള സാഹിത്യം ഒന്നല്ലേയുള്ളൂ? പിന്നെ നാട്ടില്‍ എഴുതുന്നവരും അമേരിക്കയില്‍ എഴുതുന്നവരും തമ്മില്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാം. എന്നിരുന്നാലും ്അമേരിക്കന്‍ എഴുത്തുകാരുടെ സംഭാവന മലയാളസാഹിത്യത്തിന്റെ കൂടി മുതല്‍ കൂട്ടാണ്.

4. ഒരു എഴുത്തുകാരനാകുക എന്നത് നിങ്ങളുടെ ബാല്യകാല സ്വപ്നമായിരുന്നോ? ആ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്നോ? ഇ മലയാളിയുടെ താളുകള്‍ അതിന് നിങ്ങള്‍ക്ക് സഹായകമായോ? അറിയപ്പെടുന്ന ഒരെഴുത്തുകാരന്‍ എന്നതാണോ നിങ്ങളുടെ സ്വപ്നം? എന്തുകൊണ്ട് നിങ്ങള്‍ എഴുതുന്നു?

ഉ. അങ്ങനെ ഒരു ബാല്യകാല സ്വപ്നമൊന്നും എനിക്കില്ലായിരുന്നു. ഞാന്‍ ചെറുപ്പത്തില്‍ വായിച്ച പുസ്തകങ്ങളിലെ നന്മനിറഞ്ഞ നായകന്മാര്‍ ഭാവിയില്‍ ഞാനായിരിക്കണം എന്ന് ആശിച്ചിട്ടുണ്ട് അല്ലെങ്കില്‍ വ്യാമോഹിച്ചിട്ടുണ്ട്. അത് എന്റെ മാനുഷികമായ ബലഹീനത ആയിരിക്കാം. അറിയപ്പെടുന്ന എഴുത്തുകാരന്‍ ആകണം എന്ന സ്വപ്നമൊന്നും എനിക്കില്ലായിരുന്നു.
സമൂഹത്തില്‍ കണ്ട പൊരുത്തക്കേടുകള്‍ക്കെതിരെ ഞാന്‍ ശീലിച്ച ശൈലിയില്‍ എഴുതിയപ്പോള്‍ എന്റെ ആശയങ്ങളോട് സമാനതയുള്ള വായനക്കാര്‍ പറഞ്ഞു ഞാനും ഒരെഴുത്തുകാരനാണെന്ന്. യോജിക്കാത്തവര്‍ എന്നെ തള്ളിപ്പറയുകയും ചെയ്തു. അമേരിക്കയില്‍ എത്തിയശേഷം എന്നിലെ അഗ്നികെടാതെ സൂക്ഷിച്ചത് ഇ മലയാളിയുടെ താളുകളാണെന്ന് നിസ്സംശയം പറയാം.
എന്തുകൊണ്ട് എഴുതുന്നു എന്നതിന് ഉത്തരമില്ല. സമൂഹത്തെ അത്ര പെട്ടെന്ന് നന്നാക്കാമെന്ന വ്യാമോഹവുമില്ല. പ്രതികരണശേഷി നഷ്ടപ്പെടാത്തോളം കാലം എഴുതിക്കൊണ്ടേയിരിക്കും, വായനക്കാര്‍ കുറയുന്ന വര്‍ത്തമാനകാലത്ത് എഴുതുവാനുള്ള ഉള്‍വലിവ് ഉണ്ടെങ്കിലും.

5. എഴുത്തുകാര്‍ക്ക് അവാര്‍ഡ്/ അംഗീകാരം കൊടുക്കുന്നതിനെ അമേരിക്കന്‍ മലയാളികള്‍ എതിര്‍ക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നുണ്ടല്ലോ അതെക്കുറിച്ച് എന്ത് പറയുന്നു? പ്രസ്തുത മനോഭാവമുള്ള ഒരു സമൂഹത്തില്‍ ഇത്തരം അംഗീകാരങ്ങള്‍ നിരസിക്കണമെന്ന് തോന്നിയിട്ടുണ്ടോ?

ഉ. എഴുത്തുകാര്‍ക്ക് അവാര്‍ഡ് കൊടുക്കുന്നതിനെ അമേരിക്കന്‍ മലയാളികള്‍ വിമര്‍ശിക്കുന്നതിന്റെ കാരണം എനിക്കറിയില്ല. എന്നാല്‍ ഒന്നറിയാം അവാര്‍ഡുകള്‍/അംഗീകാരങ്ങള്‍ എപ്പോഴും എഴുത്തുകാര്‍ക്ക് പ്രചോദനമാണ്. അതവര്‍ക്ക് പ്രോത്സാഹനമാകുന്നു. എന്നാല്‍ കൊടുക്കുന്ന സംഘടനകളുടെ/ സ്ഥാപനങ്ങളുടെ ഉദ്ദേശങ്ങള്‍ക്ക് ശുദ്ധിയുണ്ടാകണം ആത്മാര്‍ത്ഥത ഉണ്ടായിരിക്കണം. ഇത് പറയാന്‍ കാരണം ഞാന്‍ അമേരിക്കയില്‍ ചൂടുവെള്ളത്തില്‍ ചാടിയ ഒരു പൂച്ചയാണ്. നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ ഒരു പ്രമുഖ സംഘടന അവരുടെ സാഹിത്യത്തിനുള്ള ദേശീയ അവാര്‍ഡിന് എന്നെ തെരഞ്ഞെടുത്തു. അവരുടെ ക്ഷണമനുസരിച്ച് ന്യൂയോര്‍ക്കില്‍ നിന്ന് പതിനേഴ് മണിക്കൂര്‍ ഡ്രൈവ് ചെയ്ത കുടുംബസമേതം പുരസ്‌ക്കാരവേദിയായ ചിക്കാഗോയില്‍ അവര്‍ പറഞ്ഞ തിയതിക്കും സമയത്തും എത്തി. അവിടെ ചെന്നപ്പോള്‍ അറിഞ്ഞു സാഹിത്യത്തിനുള്ള പുരസ്‌ക്കാര വിതരണം പ്രോഗ്രാമില്‍ തിരുത്തല്‍ വരുത്തി തലേദിവസം നടത്തിയെന്ന്.
സംഘടനാ പ്രസിഡണ്ടിന്റെ കരുണാര്‍ദ്രമായ ഇടപെടല്‍ മൂലം എനിക്ക് തരാനിരുന്ന അവാര്‍ഡ് എവിടെനിന്നോ തപ്പിയെടുത്ത് അടുത്ത ദിവസം നടക്കുന്ന പൊതു സമ്മേളനത്തില്‍ തരാമെന്നേറ്റു. ഞാനും കുടുംബവും സ്വന്തം ചിലവില്‍ അന്ന് ഹോട്ടലില്‍ തങ്ങി. പിറ്റെദിവസത്തെ പൊതുസമ്മേളനത്തില്‍ ഞാനും കുടുംബവും ടിക്കറ്റെടുത്ത് കയറി. തിങ്ങിനിറഞ്ഞ സദസ്സില്‍ ഞാന്‍ അവാര്‍ഡ് സ്വീകരിച്ചു. പക്ഷെ, എനിക്ക് തന്ന ഫലകത്തില്‍ അവാര്‍ഡ് ജേതാവിന്റെ പേര് പി.റ്റി. പൗലോസ് എന്നതിന് പകരം പി.ഡി. പൗലോസ്എന്ന് ആലേഖനം ചെയ്തിരുന്നു.
എന്നെ അപമാനിച്ചെങ്കിലും ആ സംഘടനയെ അപമാനിക്കാതെ മാന്യതയോടെ ഞാന്‍ അവാര്‍ഡ് സ്വീകരിച്ചു.തന്നെയുമല്ല എന്നെ അവാര്‍ഡിന് തെരഞ്ഞെടുത്ത വിശിഷ്ട വ്യക്തികളോടുള്ള ബഹുമാനവും ഞാന്‍ കാണിക്കണമല്ലോ. സ്റ്റേജില്‍ നിന്നറിങ്ങി താഴെനിന്ന ഒരു സംഘടനാ പ്രവര്‍ത്തകനോട് ഞാന്‍ പറഞ്ഞു. എന്റെ പേര് തെറ്റായിട്ടാണ് എഴുതിയിരിക്കുന്നത്. അപ്പോള്‍ അദ്ദേഹം പറഞ്ഞത്: അതെങ്കിലും കിട്ടിയല്ലോ. കിട്ടിയതില്‍ സന്തോഷിച്ച് പൊയ്ക്കോളൂ.
ഞാനിത് എഴുതാന്‍ കാരണം അവാര്‍ഡ് കൊടുക്കുന്നവര്‍ അവാര്‍ഡ് ജേതാവിന്റെ പേരെങ്കിലും തെറ്റാതെ എഴുതാനുള്ള ശ്രദ്ധയും ആത്മാര്‍ത്ഥതയും കാണിക്കണം. ഇതിനോടനുബന്ധമായി പറയട്ടെ. ആരാണ് പി.ഡി.പൗലോസ്? 1960 കളില്‍ ഞങ്ങളുടെ നാട്ടില്‍ ചിട്ടിക്കമ്പനി നടത്തി ലക്ഷക്കണക്കിന് രൂപയുമായി നാട്ടുകാരെ വെട്ടിച്ച് നാട് വിട്ട് ഇന്നും പിടികിട്ടാപുള്ളിയായി കഴിയുന്ന ഒരു കള്ളനാണ് പി.ഡി.പൗലോസ്. ആ കാട്ടുകള്ളന്റെ നാമത്തില്‍ എനിക്ക്് അവാര്‍ഡ് കിട്ടിയത് തികച്ചും യാദൃശ്ചികമാകാം.
ഇ മലയാളി എന്നും എന്റെ എഴുത്തിനേയും സാഹിത്യ പ്രവര്‍ത്തനങ്ങളേയും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. അതുകൊണ്ട് ഇമലയാളി അവാര്‍ഡ് ആദരവോടെ സ്വീകരിക്കേണ്ടത് എന്റെ കടമ കൂടിയാണ്.

6. ഒരെഴുത്തുകാരന്‍/കാരിയാകണമെന്ന് സ്വയം തോന്നിയതെപ്പോള്‍? ആദ്യത്തെ രചന എപ്പോള്‍ നടത്തി? എവിടെ പ്രസിദ്ധീകരിച്ചു?

ഉ. ഒരു പത്രപ്രവര്‍ത്തന ഭൂതകാലമുണ്ടായിരുന്നു എനിക്ക്. അടിയന്തിരാവസ്ഥ സമയത്ത് കല്‍ക്കട്ടയില്‍ ബ്രിട്ടീഷ് ഗവര്‍മെന്റ് 'ലോര്‍ഡ്' പദവി നല്‍കി ആദരിച്ച ലോര്‍ഡ് സിന്‍ഹയുടെ ഇളയ മകന്റെ ഭാര്യയായ ഒരു ആംഗ്ലോ ഇന്‍ഡ്യന്‍ പെണ്‍കുട്ടി കല്‍ക്കട്ടയിലെ അവരുടെ വീട്ടിലെ അടുക്കളയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. അത് ഒരു കൊലപാതകമായിരുന്നു. അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ പത്രക്കാരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. അടിയന്തരാവസ്ഥ കാലമായതിനാല്‍ അതിന് കൂടുതല്‍ പ്രാധാന്യവും കിട്ടി. ഞാനെഴുതിയ ആ കേസിന്റെ പുരോഗതിയും കോടതിവിചാരണയും 'ബന്ധങ്ങള്‍ ബന്ധനങ്ങള്‍' എന്ന തലക്കെട്ടില്‍ ഒരു പരമ്പരയായി പന്ത്രണ്ട് ആഴ്ചകളോളം ചില പ്രാദേശിക മലയാള പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. അത് ഒരു നീണ്ടകഥ പോലുണ്ടെന്ന് അന്ന് വായിച്ച പലരും പറഞ്ഞു. അതാണ് എന്റെ ആദ്യത്തെ സര്‍ഗ സൃഷ്ടിയും എഴുത്തിന്റെ വഴിയിലേക്കുള്ള പ്രചോദനവും.

7. നിങ്ങള്‍ക്കിഷ്ടമുള്ള സാഹിത്യകൃതി? ഏത് ഏഴുത്തുകാരന്‍? നിങ്ങളുടെ അഭിപ്രായത്തില്‍ അമേരിക്കന്‍ മലയാള സാഹിത്യം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ പുരോഗതി എവിടെ എത്തിനില്‍ക്കുന്നു? അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ ആരുടെ രചനയൊക്കെ നിങ്ങള്‍ വായിച്ചിട്ടുണ്ട്. അവയില്‍ നിങ്ങള്‍ക്കിഷ്ടമായവ ഒരു ദിവസത്തെ ആയുസ്സില്‍ അവയെല്ലാം വിസ്മരിക്കപ്പെട്ടു പോകാതെ എങ്ങനെ അവയെ അമേരിക്കന്‍ മലയാള സാഹിത്യ ഭണ്ഡാരത്തില്‍ സൂക്ഷിക്കാം?

ഉ. ഇഷ്ടമുള്ള ഒരു സാഹിത്യകൃതിയെ പറ്റിമാത്രം പറയാന്‍ പറ്റില്ല. എങ്കിലും കേശവദേവിന്റെ 'ഓടയില്‍നിന്ന് ', തകഴിയുടെ 'ചെമ്മീന്‍', ബിമല്‍ മിത്രയുടെ'വിലയ്ക്കുവാങ്ങാം' അങ്ങനെ പലതും. അമേരിക്കന്‍ മലയാളി സാഹിത്യം എന്ന് ഒന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്ന് തുടക്കത്തിലേ പറഞ്ഞു. ഇവിടെ പലരുടെയും രചനകള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കാറുണ്ട്. എല്ലാവരുടെയും പേരെടുത്തു പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പലരുടെയും എഴുത്തിന്റെ ശൈലിയും ആശയങ്ങളും എപ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുന്നവയാണ്.

8. നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരന്‍? എന്തുകൊണ്ട് ആ സ്വാധീനം നിങ്ങളില്‍ ഉണ്ടായി? ഇപ്പോള്‍ ആ സ്വാധീനത്തില്‍ നിന്നും മുക്തനായി സ്വതന്ത്രമായി ഒരു ശൈലി രൂപപ്പെടുത്തിയെടുത്തുവെന്ന് കരുതുന്നുണ്ടോ?

ഉ. പ്രത്യേകമായി ഒരെഴുത്തുകാരനും എന്നെ സ്വാധീനിച്ചിട്ടില്ല. പക്ഷെ അവരുടെയൊക്കെ കൃതികളുടെ ഉള്ളടക്കങ്ങളില്‍ നിന്നും പലപ്പോഴായി പുതിയ ആശയങ്ങള്‍ എന്നില്‍ രൂപപ്പെട്ടിട്ടുണ്ടാകാം.

9. നിങ്ങളുടെ രചനകളെക്കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ടോ? അനുകൂലവും പ്രതികൂലവും ആയ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?

ഉ. ശ്രദ്ധാപൂര്‍വ്വം കേള്‍ക്കാറുണ്ട്. അനുകൂലവും പ്രതികൂലവും ആയി അഭിപ്രായം പറയുന്നവരോട് വ്യവസ്ഥകളില്ലാതെ നന്ദി രേഖപ്പെടുത്താറുണ്ട്. പ്രതികൂലമായ അഭിപ്രായങ്ങളില്‍ നിന്ന് എനിക്കെന്തെങ്കിലും ഉള്‍ക്കൊള്ളാനുണ്ടോ എന്നുകൂടി പരിശോധിക്കും.

10 അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ എഴുതണം. എങ്കില്‍ മാത്രമേ സാഹിത്യത്തില്‍ ഒരു സ്ഥാനം ലഭിക്കൂവെന്ന ചില എഴുത്തുകാരുടെയും പൊതുജനങ്ങളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നോ?

ഉ. ഈ ചോദ്യത്തിന് ഉത്തരം പറയുമ്പോള്‍ ഒരു പഴയ സംഭവകഥ ഓര്‍മ്മവരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കോട്ടയത്ത് വൈ.എം.സി.എ. ഹാളില്‍ നടന്ന സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ ഒരു യോഗത്തില്‍ മുണ്ടശ്ശേരി മാഷ് മുട്ടത്തുവര്‍ക്കിയോടായി പറഞ്ഞു. നമ്മുടെ നോവല്‍ രചയിതാക്കള്‍ വിശ്വസാഹിത്യകാരന്മാരായ ടോള്‍സ്റ്റോയി, ദസ്തയേവ്സ്‌കി എന്നിവരെയൊക്കെ മാതൃകയാക്കി വിശ്വസാഹിത്യം ഉള്‍ക്കൊണ്ടിട്ടുവേണം നോവല്‍ രചിക്കാന്‍.
അതിന് മുട്ടത്തുവര്‍ക്കി കൊടുത്ത മറുപടി: എനിക്ക് മുട്ടത്തുവര്‍ക്കി ആകാനേ കഴിയൂ. എന്റെ ഇണപ്രാവുകളും മൈലാടുംകുന്നുമെല്ലാം മുഷിഞ്ഞ കവര്‍ച്ചട്ടയുമായി കേരളത്തിലെ വായനശാലകളില്‍ സജീവമാണ്. വിശ്വസാഹിത്യകാരന്മാരെ ഉള്‍ക്കൊണ്ട് മുണ്ടശ്ശേരി മാഷ് എഴുതിയ പുസ്തകങ്ങള്‍ വായനക്കാരില്ലാതെ വെട്ടിത്തിളങ്ങുന്ന പുറംചട്ടയോടെ മാസ്റ്ററിന്റെ മച്ചിന്‍ പുറത്ത് അട്ടിയിട്ട് വച്ചിരിക്കുന്നു.

പിന്നീട് വര്‍ക്കിസാറിനെ സാഹിത്യപ്രവര്‍ത്തകസഹകരസംഘത്തിന്റെ ഗ്രൂപ്പിലേ കണ്ടിട്ടില്ല. ഞാനൊരു ഉദാഹരണം പറഞ്ഞന്നേയുള്ളൂ. നാട്ടിലെപ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നവരേക്കാള്‍ കഴിവുള്ള എഴുത്തുകാര്‍ അമേരിക്കയില്‍ ഉണ്ട്. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ ഒരു രണ്ടാംതരക്കാരാണ് എന്ന അപകര്‍ഷതാ ബോധവും മനഃപൂര്‍വ്വമല്ലാതെ അമേരിക്കന്‍ എഴുത്തുകാരിലുണ്ട്. അതുകൊണ്ട് അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ സ്വയംപരിശോധന നടത്തി ആത്മധൈര്യ കൈവരിക്കണം.

മലയാള സാഹിത്യത്തിന് ദിശാമാറ്റം വന്നപ്പോള്‍ കേരളത്തിലും ഇതുണ്ടായിരുന്നു. 'മാതൃഭൂമിയി' ലോ ചുരുങ്ങിയപക്ഷം 'മലയാളനാടിലോ' എഴുതിയില്ലെങ്കില്‍ സാഹിത്യകാരന്മാരല്ല എന്ന ദിശ മാറ്റിയവര്‍ പ്രചരിപ്പിച്ചിരുന്നു. നാട്ടില്‍ നിന്ന് എഴുത്തുകാര്‍ ഇവിടെ വന്ന് ആഘോഷിച്ച് തിരിച്ചുപോകുമ്പോള്‍ അവരില്‍ നിന്ന് നമുക്ക് എന്ത് കിട്ടി എന്നു കൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അവര്‍ നാട്ടില്‍ തിരിച്ചുചെന്ന് നമ്മെ വീണ്ടും രണ്ടാം തരക്കാരാക്കുന്നു.

11. ഇതുവരെ എത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു? അല്ലെങ്കില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നു? നിങ്ങള്‍ പൂര്‍ണ്ണമായ എഴുത്തുകാരനോ/എഴുത്തുകാരിയോ അതോ സമയമുളളപ്പോള്‍ കുത്തിക്കുറിക്കുന്നയാളോ? എഴുത്തിനെ ഗൗരവമായി കാണുന്നുണ്ടോ? അതോ ജോലിത്തിരിക്കില്‍ നിന്നും വീണു കിട്ടുന്ന സമയം സാഹിത്യത്തിനുപയോഗിക്കാമെന്ന ചിന്തയാണോ?

ഉ. ആറ് 6) പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അതില്‍ നാടകങ്ങളും കഥകളും ലേഖനങ്ങളും ഉള്‍പ്പെടും. ഇ-മലയാളിയില്‍ എഴുതിയ കുറെ കഥകളും ലേഖനങ്ങളും കൂടിയുണ്ട്. അത് താമസിയാതെ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നു. ഞാനൊരു മുഴുവന്‍ സമയ എഴുത്തുകാരനല്ല. പക്ഷേ, എഴുത്തിനെ ഗൗരവമായി തന്നെ കാണുന്നു. എഴുതാനുള്ള വിഷയത്തെക്കുറിച്ച് ഗ്രഹപാഠം ചെയ്തിട്ടേ എഴുതാറുള്ളൂ.

12. പ്രതിദിനം അമേരിക്കന്‍ മലയാളികളില്‍ പുതിയ പുതിയ എഴുത്തുകാര്‍ ചിലരൊക്കെ അറുപതും എഴുപതും കടന്നവര്‍ പ്രത്യക്ഷപ്പെടുന്നു. അവരൊക്കെ ശരിക്കും സര്‍ഗ്ഗപ്രതിഭയുള്ളവരായിരിക്കുമോ? അത്തരക്കാരുടെ കടന്നാക്രമണംസാഹിത്യത്തെ ദുഷിപ്പിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും?

ഉ. വൈകിയാണെങ്കിലും അവരുടെ വരവിനെ ഒരു കടന്നാക്രമണം എന്ന് പറയേണ്ടതില്ല. സര്‍ഗ്ഗപ്രതിഭയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും അവരെയും സാഹിത്യലോകത്തേക്ക് സ്വാഗതം ചെയ്യേണ്ടതുണ്ട് എന്നാണ് എന്റെ എളിയ അഭിപ്രായം. അതൊരിക്കലും സാഹിത്യത്തെ ദുഷിപ്പിക്കുകയില്ല. അവരുടെ അനുഭവങ്ങള്‍ ഒരു പരിധിവരെ സാഹിത്യത്തിന് ഗുണം നല്‍കിയേക്കാം.

13. നിങ്ങള്‍ ഒരു നല്ല വായനക്കാരനാണോ? ഒന്നില്‍ കൂടുതല്‍ പ്രാവശ്യം നിങ്ങള്‍ വായിച്ച കൃതിയേത്? ഒരു പുസ്തകത്തെപ്പറ്റി ഒരു നിരൂപകനും ഒരു കൂട്ടം വായനക്കാരും പറയുന്ന അഭിപ്രായം നിങ്ങളെ സ്വാധീനിക്കാറുണ്ടോ? അതോ നിങ്ങള്‍ നിങ്ങളുടേതായ അഭിപ്രായം രൂപീകരിക്കാറുണ്ടോ?

ഉ. ഒരു നല്ല വായനക്കാേേരനേ ഒരു നല്ല എഴുത്തുകാരനാകാന്‍ സാധിക്കുകയുള്ളൂ. അഭിപ്രായരൂപീകരണത്തില്‍ ഞാന്‍ എന്നോട് തന്നെ കടപ്പെട്ടിരിക്കുന്നു. ഒന്നില്‍ കൂടുതല്‍ വായിച്ചകൃതി എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ കേശവദേവിന്റെ ഓടയില്‍നിന്ന് , ബന്യാമിന്റ് ആടുജീവിതം.

14. അവാര്‍ഡുകള്‍, അംഗീകാരങ്ങള്‍, അനുമോദനങ്ങള്‍ ഇവ നേടിയവരെ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നു. അതവര്‍ അര്‍ഹിക്കുന്നില്ല. അര്‍ഹിക്കുന്നവര്‍ വേറെ ചിലരാണ് എന്ന് തോന്നിയിട്ടുണ്ടോ? ഒരുദാഹരണം സാഹിത്യ അക്കാദമി അവാര്‍ഡ്.

ഉ. അവാര്‍ഡ് നേടിയവരെ കൊട്ടിഘോഷിക്കുന്നത്് മാധ്യമങ്ങളുടെ നിലനില്‍പിന്റെ ഭാഗമാണ്. അര്‍ഹതയുള്ളവരാണോ അവാര്‍ഡിനര്‍ഹരായവര്‍ എന്ന് മാദ്ധ്യമങ്ങള്‍ക്ക് അറിയേണ്ടതുമില്ല. അര്‍ഹിക്കുന്നവര്‍ വേറെ ചിലരാണ് എന്ന് എനിക്ക് വ്യക്തിപരമായി തോന്നിയാല്‍ ആ തോന്നലിനും പ്രസക്തിയില്ല. അക്കാഡമി അവാര്‍ഡുകള്‍ക്ക് അതാതു കാലത്തെ ഭരണകക്ഷിക്കള്‍ക്ക് ഇഷ്ടപ്പെട്ടവരോട് ഒരു ചായ്‌വ് ഉണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത.്

15. ഇവിടത്തെ വെള്ളക്കാരുടെയും, കറുത്തവരുടെയും സ്പാനിഷ്‌കാരുടെയും ജീവിതം കുത്തഴിഞ്ഞ പുസ്തകം പോലെയെന്ന ഒരു ധാരണ മലയാളികള്‍ വച്ചു പുലര്‍ത്തുന്നുണ്ട്. അതെക്കുറിച്ച് പൊടിപ്പും തൊങ്ങലും വച്ച് എഴുതുന്നതാണോ അമേരിക്കന്‍ പശ്ചാത്തലത്തില്‍ എഴുതുന്ന കഥകള്‍? സംസ്‌കാര സംഘര്‍ഷമനുഭവിക്കുന്ന പുതിയ തലമുറയുടെ ധര്‍മ്മസങ്കടങ്ങള്‍ ഒരു എഴുത്തുകാരനോ അല്ലെങ്കില്‍ ഒരു ചിത്രകാരനോ അവരുടെ ഭാവനയില്‍ പകര്‍ത്താന്‍ മാത്രമുണ്ടെന്ന നിങ്ങള്‍ കരുതുന്നുണ്ടോ?

ഉ. സംസ്‌ക്കാരങ്ങളുടെ സംഘര്‍ഷമനുഭവിക്കുന്നവരുടെ ധര്‍മ്മസങ്കടങ്ങള്‍ ദയനീയവും പെട്ടെന്നുള്ള പരിഹാരങ്ങള്‍ക്കൊക്കെ അപ്പുറത്തുമാണ്. അതിനെ സത്യസന്ധമായി ആത്മാര്‍ത്ഥതയോടെ എഴുത്തുകാരന്‍ എഴുതണം. അ്ല്ലെങ്കില്‍ ചിത്രകാരന്‍ വരയ്ക്കണം. പൊടിപ്പും തൊങ്ങലും വച്ച് എഴുതുമ്പോള്‍ എഴുത്തില്‍ സത്യമില്ലാതാകുന്നു. എഴുത്തുകാരന്‍ സത്യസന്ധനല്ലാതാകുന്നു.

16. നിങ്ങള്‍ ആദ്യമായി എഴുതിയ രചന ഏത്? എപ്പോള്‍? അതെക്കുറിച്ച് ചുരുക്കമായി പറയുക? ഒരെഴുത്തുകാരനാകാന്‍. നിങ്ങള്‍ക്ക് കഴിയുമെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ആനന്ദം പങ്കുവയ്ക്കുക.

ഉ. ഇതിനുത്തരം ഞാനാദ്യമെവിടെയോ പറഞ്ഞു കഴിഞ്ഞു. എന്റെ പത്രപ്രവര്‍ത്തനകാലത്തെ ന്യൂസ് റിപ്പോര്‍ട്ടിങ്ങില്‍ നിന്നാണ് എനിക്ക് എഴുതുവാനും ആരുടെയും സ്വാധീനമില്ലാതെ എന്റെ തന്നെ ഒരു ശൈലി കണ്ടെത്തുവാനും സാധിച്ചത്. ഞാന്‍ ആദ്യം പിന്നീട് പ്രസിദ്ധീകരിച്ച സാഹിത്യരചന 'കുഡോസ്' എന്ന നാടകമാണ്, എണ്‍പതുകളുടെ തുടക്കത്തില്‍. രംഗവേദിയില്‍ അതൊരു പരീക്ഷണമായിരുന്നു. കല്‍ക്കട്ടയിലും കേരളത്തിലുമായി ഒട്ടനവധി വേദികളില്‍ അരങ്ങേറി. അനേകം പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അക്കാലത്ത് ആ നാടകത്തൈ തേടിയെത്തി.

17. ഒരു എഴുത്തുകാരന്റെ വളര്‍ച്ചക്ക് അവന്റെ കുടുംബവും സമൂഹവും കൂട്ടുനില്‍ക്കുന്നുവെന്ന് പറയാറുണ്ട്. അമേരിക്കന്‍ മലയാളി എഴുത്തുകാരെ നിര്‍ദ്ദയം പുശ്ചിക്കുന്ന അമേരിക്കന്‍ മലയാളി സമൂഹം എഴുത്തുകാര്‍ക്ക് ദ്രോഹം ചെയ്യുന്നുവെന്ന് ചിന്തിക്കുന്നുണ്ടോ?

ഉ. ആദ്യം കാണുമ്പോള്‍ ഏത് പള്ളീലാണ് പോകുന്നത് എന്ന് ചോദിക്കുന്ന സങ്കുചിത ചിന്താഗതിയുള്ള ഭൂരിപക്ഷം അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സര്‍ഗ്ഗചൈതന്യം വിവിധ പള്ളികളിലും പള്ളിപ്രവര്‍ത്തനങ്ങളിലുമാണ്. തികച്ചും സാഹിത്യ സൃഷ്ടിയായ ബൈബിള്‍ ഒരിക്കലും വായിക്കാനിടയില്ലാത്ത അല്ലെങ്കില്‍ വായിക്കാന്‍ താല്‍പര്യമില്ലാത്ത അവര്‍ക്ക് വിശുദ്ധ പുസ്തകവും സ്വവര്‍ഗ്ഗത്തിലേക്കുള്ള വഴികാട്ടിയുമാണ്. മറ്റ് മതസ്ഥര്‍ അവരുടേതായ സങ്കുചിത ലോകത്തിലും. ഇതിന് കാരണം ചികഞ്ഞ് ചെല്ലുമ്പോള്‍ നമ്മള്‍ കണ്ടെത്തും ഇതെല്ലാം നിലനില്‍പിന്റെ ഭാഗമാണെന്ന്. മതചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ കൊടുക്കുന്ന അമേരിക്കന്‍ മലയാളിസമൂഹത്തില്‍ മതേതര ചിന്തയും സാഹിത്യവുമെല്ലാം രണ്ടാം സ്ഥാനത്തായിരിക്കും. അവര്‍ മലയാള സാഹിത്യത്തിന് ഉപദ്രവം ചെയ്യില്ലെങ്കിലും ഉപകാരം ചെയ്യുമെന്ന് തോന്നുന്നില്ല. പുതിയ തലമുറയില്‍ അല്പം പ്രതീക്ഷയുണ്ട്. പക്ഷെ, അവര്‍ക്ക് മലയാളം അറിയില്ലല്ലോ.

18. എഴുത്തുകാര്‍ അവരുടെ രചനകള്‍ വിവിധ മാധ്യമങ്ങളില്‍ ഒരേ സമയം കൊടുക്കുന്നത് നല്ല പ്രവണതയാണോ? എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു?

ഉ. നല്ല പ്രവണതയല്ല. മാധ്യമങ്ങളാരും പ്രതിഫലം കൊടുക്കാത്തതുകൊണ്ടായിരിക്കാം അങ്ങനെ ചെയ്യുന്നത്. പ്രതിഫലം കൊടുത്ത് എഴുതിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഇന്നത്തെ സ്ഥിതിയില്‍ സാധിക്കുകയുമില്ല. പിന്നെ എല്ലാ എഴുത്തുകാരും കൂടുതല്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണല്ലൊ.

19. അംഗീകാരങ്ങള്‍/ വിമര്‍ശനങ്ങള്‍/ നിരൂപണങ്ങള്‍/ പരാതികള്‍/ അഭിനന്ദനങ്ങള്‍ ഇവയില്‍ അതാണ് നിങ്ങളുടെ അഭിപ്രായത്തില്‍ ഒരു എഴുത്തുകാരന് പ്രോത്സാഹനമാകുക? എന്തുകൊണ്ട്?

ഉ. ഇവയെല്ലാം എഴുത്തുകാരനെ എഴുത്ത് ഗൗരവമായി എടുത്ത് കൂടുതല്‍ ശക്തിയോടെ മുന്നോട്ട് പോകാന്‍ പ്രോത്സാഹിപ്പിക്കും.

20. അമേരിക്കന്‍ മലയാളികള്‍ ഇവിടത്തെ കഥകള്‍ എഴുതണം. അവര്‍ വിട്ടിട്ട് പോന്ന നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വമല്ല എന്ന് പറയുന്നതിനോട് യോജിക്കുന്നുണ്ടോ?

ഉ. അമേരിക്കന്‍ മലയാളികള്‍ ഇവിടത്തെ കഥകള്‍ മാത്രം എഴുതണം എന്ന് നിര്‍ബന്ധമില്ല. ഇവിടെയാണെങ്കിലും എവിടെയാണെങ്കിലും ജീവിക്കുന്ന സാമൂഹ്യ സാഹിത്യങ്ങളിലെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് എഴുതുവാനുള്ള വിഷയം വന്നുപെടുകയാണ്. പിന്നെ ജനിച്ചു വളര്‍ന്ന്നാടിന്റെ ഗ്രഹാതുരത്വം മനസ്സില്‍ നിന്നും മായില്ല. അത് എഴുത്തില്‍ അറിഞ്ഞും അറിയാതെയും വന്നുകൊണ്ടേയിരിക്കും.ചിലപ്പോള്‍ അത് ജനിച്ച നാടിന്റെ ഗ്രഹാതുരത്വം മാത്രം നിറഞ്ഞ കഥയാകാം. മറ്റു ചിലപ്പോള്‍ അത് ജനിച്ച നാടിനെയും ഇപ്പോള്‍ ജീവിക്കുന്ന നാടിനെയും ബന്ധിപ്പിക്കുന്ന കഥയാകാം. ജീവിക്കുന്ന നാട്ടിലെ ജീവിത സാഹചര്യത്തില്‍ നിന്നും മാത്രമുള്ള കഥയുമാകാം.

read alsoFacebook Comments

Comments

  1. Sudhir Panikkaveetil

    2021-07-25 16:35:53

    ശ്രീ പൗലോസ് സാർ അഭിനന്ദനങ്ങൾ ! അമേരിക്കൻ മലയാള സാഹിത്യം എന്നൊന്നില്ലെന്ന് വിശ്വസിക്കുന്നു എന്ന് താങ്കൾ എഴുതിയതിലെ ധീരത ഇഷ്ടപ്പെട്ടു. പലരും അത് ഉറച്ചു പറയാൻ വിഷമിക്കുന്നത് കാണാൻ രസമാണ്.

  2. Harinath

    2021-07-25 06:10:51

    നല്ല ചോദ്യങ്ങളും അതിനുളള പക്വതയാർന്ന ഉത്തരങ്ങളും ; ശരിക്കും താങ്കളുടെ നിലപാടു സുവ്യക്തമാണ് , തീർത്തും യുക്തിസഹവും . അഭിനന്ദനങ്ങൾ പൗലൊസ്‌ സാർ !

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വിശ്വാസത്തിലെ അന്ധത: ചില വ്യക്തിഗത വിചാരങ്ങൾ (തമ്പി ആന്റണി)

മാതാപിതാക്കളെ ഒന്നു ശ്രദ്ധിക്കു, ഇവരുടെ നൊമ്പരങ്ങൾ (ഗിരിജ ഉദയൻ മുന്നൂർക്കോട്)

അബ്ബജാനും' 'ഖബറിസ്ഥാനും' തെരഞ്ഞെടുപ്പു രാഷ്ട്രീയ കുടിലതയും (ദല്‍ഹികത്ത് : പി.വി.തോമസ്)

ആഗോള സൈബർ യുദ്ധ ഭീഷണി (ജോസഫ് പൊന്നോലി)

പാലാ മെത്രാന്‍ പ്രസ്താവന പിന്‍വലിക്കണോ? (ബാബു പാറയ്ക്കല്‍-നടപ്പാതയില്‍ ഇന്ന്- 9)

സംഗീതമെ ജീവിതം (ലേഖനം: സാം നലമ്പളളില്‍)

ഏഴു തലമുറകളുടെ വികാരം (മോഹന്‍ ജോര്‍ജ്)

വാക്‌സിനും മതവും, ഏതാണ് ശരി? (ജോര്‍ജ് തുമ്പയില്‍)

ഗാര്‍ഡിയന്‍സ് ഓഫ് ദ ഡാര്‍ക്ക് സ്‌കൈ -(കുഞ്ഞൂസ്)

പ്രണവോപാസന (ലേഖനം: വാസുദേവ് പുളിക്കല്‍)

ശ്രീ നാരായണ ഗുരുവിന്റ്റെ മഹാ സമാധി ദിനത്തില്‍ നമുക്ക് ഗുരുവിനെ സ്മരിക്കാം (വെള്ളാശേരി ജോസഫ്)

തേനിൽ മുങ്ങട്ടെ വാക്കുകൾ (മൃദുമൊഴി -26: മൃദുല രാമചന്ദ്രൻ)

ഇരിക്കട്ടെ ഒരു സല്യൂട്ട്! (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 8)

ദൈവം കേൾക്കാൻ ഒരു ആത്മഗതം! (മാനസി)

എണ്‍പത്തൊന്നിന്റെ നിറവില്‍ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ലക്ഷ്മി കുറുപ്പ് (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

പാലാ ഒരു പ്രശ്നമാണ് ! (ഡോ. മാത്യു ജോയിസ്) 

കെ.എം. റോയ് ; വിടവാങ്ങിയ വഴികാട്ടി നക്ഷത്രം : ആൻസി സാജൻ

അമേരിക്കയുടെ അനാവശ്യ യുദ്ധങ്ങള്‍ (സാം നിലമ്പള്ളില്‍)

പെഗസസ്: സുപ്രീം കോടതിയുടെ ഇടപെടല്‍ മോദി-ഷാ വാട്ടര്‍ ഗെയിറ്റിന്റെ രഹസ്യം തുറക്കുമോ?- (ദല്‍ഹികത്ത് : പി.വി.തോമസ്)

Dum Spiro Spero... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 12 -അവസാനഭാഗം: ഷാജു ജോൺ)

മലയാളികളുടെ വംശനാശം! (തമ്പി ആന്റണി)

വിസ നമ്പറുകളുടെ ലഭ്യത-ഒക്ടോബർ 2021

കാറ്റ് ഒരു ഭീകര കാമുകനാണ് (മായ കൃഷ്ണൻ-രാഗമഥനം)

പാലാ ബിഷപ്പും നാര്‍ക്കോട്ടിക് ജിഹാദും (തോമസ് കൂവള്ളൂര്‍)

ചിയേഴ്‌സ്; കൂട്ടത്തില്‍ ഒരു ആമ്മീനും- (രാജു മൈലപ്രാ)

കോവിഡ് -19 ബൂസ്റ്റർ ഡോസ് ആർക്കൊക്കെ, എപ്പോൾ ലഭിക്കും? (ജോർജ് തുമ്പയിൽ)

പ്രത്യേക ഫീസ് അടച്ചാൽ ഗ്രീൻ കാർഡ് ലഭിക്കുന്ന ബിൽ ആദ്യ കടമ്പ കടന്നു 

പാലാ മെത്രാനും നാർക്കോട്ടിക് ജിഹാദും (നടപ്പാതയിൽ ഇന്ന്- 7: ബാബു പാറയ്ക്കൽ)

മതേതരത്വം വളർത്തുക ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല (വെള്ളാശേരി ജോസഫ്)

ഉറക്കകുറവ് പരിഹരിക്കാം ആയുര്‍വേദത്തിലൂടെ...(അബിത് വി രാജ്)

View More