മനുഷ്യൻ ഉണ്ടായ കാലം തൊട്ട് ട്രാൻസ് ജെൻഡർ വിഭാഗത്തിൽ പെട്ട മനുഷ്യർ ഉണ്ടായിരുന്നു, ഈജിപ്ഷ്യൻ മമ്മികളിൽ ഒന്നിനെ ട്രാൻസ് ആയി കണ്ടെത്തിയിട്ടുണ്ട്. ബിസി 500 കളിൽ ജീവിച്ചിരുന്നതാണ്. എന്തിന്, പഴയ ഇതിഹാസങ്ങളിലും അറബിക്കഥയിലും ഒക്കെ അവരെ പരാമർശിയ്ക്കുന്നുണ്ട്. പൗരാണിക കാലത്തെ അന്തപുരങ്ങളുടെ കാവൽക്കാർ ട്രാൻസ് ആയിരുന്നു എന്ന് വേണം കഥകളിൽ നിന്ന് മനസിലാക്കാൻ.
അറബിക്കഥയിൽ ഒരിടത്ത് ( സിൻഡ്ബാദിന്റെ കപ്പലോട്ടങ്ങളിൽ ആണെന്നാണ് ഓർമ്മ) ഒരു സ്ത്രീ മജൂട് എന്ന് പേരുള്ള തന്റെ അംഗ രക്ഷകനെ സഹായത്തിനായി വിളിക്കുന്നുണ്ട്. അത് ട്രാൻസ് തന്നെ ആവണം. സ്ത്രീകളുടെ മാത്രം അന്തപുരത്തിലും ഭവനങ്ങളിലും പുരുഷൻമാർക്ക് പ്രവേശനം ഇല്ലല്ലോ .
സ്ത്രീകളുടെ അന്തപുരങ്ങളിൽ കാവൽക്കാർ ,തോഴി,മേക്കപ്പ് ആർട്ടിസ്റ്റ്, കലകൾ അഭ്യസിപ്പിക്കുന്നവർ അങ്ങനെ വിവിധ തൊഴിലാളികളായി അവർ അക്കാലങ്ങളിൽ ഉണ്ടായിരുന്നു . അവർക്ക് അവിടെ തൊഴിലും ജീവിതവും സംരക്ഷണവും കിട്ടിയിരിക്കാം. അവരെ അധിക്ഷേപിക്കുകയോ നിന്ദിക്കുകയോ ചെയ്തില്ല എന്ന് വേണം കരുതാൻ.
മഹാഭാരതത്തിൽ ശിഖണ്ഡിയായും ബ്രുഹന്നളയായും അവർ ഉണ്ട്. ബ്രുഹന്നള ട്രാൻസ്
വുമൺ ആണെങ്കിൽ ശിഖണ്ഡി ട്രാൻസ് മാൻ ആയിരുന്നു. മഹാഭാരതകഥയിൽ അജ്ഞാത വാസക്കാലത്ത് അർജുനൻ ട്രാൻസ് വുമൺ ബ്രുഹന്നള ആയിരുന്നുവത്രേ . അർജുനൻ വിരാട രാജാവിന്റെ കൊട്ടാരത്തിൽ ഉത്തര രാജകുമാരിയുടെ തോഴിയായും അവരെ നൃത്തം പഠിപ്പിച്ചും താമസിച്ചതിന്റെ കാരണം താരതമ്യേന സുരക്ഷിതമായ ഒരു ജീവിതം ആയിരുന്നിരിക്കും ട്രാൻസിന്റേത് എന്നത് കൊണ്ടാവാം .
വൈദ്യ ശാസ്ത്രം അവരുടെ ഭിന്ന ലൈംഗികതയുടെ കാരണം മാനസിക ശാരീരിക ഹോർമോൺ
സവിശേഷതകൾ (തലച്ചോറിന്റെ ഇടപെടൽ ) ആണെന്ന് വിശേഷിപ്പിക്കുന്നു.
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്വാധീനം കൊണ്ട് ട്രാൻസ് ആവുന്നു എന്നാണ് .
പറഞ്ഞു വരുമ്പോൾ, ജ്യോതിഷത്തിൽ നവഗ്രഹങ്ങൾക്കു വരെ ജെൻഡർ ഉണ്ട്. ചൊവ്വ
സൂര്യൻ വ്യാഴം രാഹു പുരുഷൻമാർ എന്നും ശുക്രൻ ചന്ദ്രൻ കേതു സ്ത്രീ ഗ്രഹങ്ങൾ എന്നും ബുധനും ശനിയും ട്രാൻസ് എന്നും. അതിൽ ശനി പുരുഷ ട്രാൻസ് എന്നും ബുധൻ സ്ത്രീ ട്രാൻസ് എന്നും ആണ് ജ്യോതിഷ സംബന്ധമായ ആവശ്യങ്ങൾക്ക് എടുക്കുന്നത്.
ശനിയെയും ബുധനെയും പിടിച്ചു കൊണ്ട് വന്ന് പരിശോധിച്ചോ അല്ലെങ്കിൽ അവിടെ
പോയി നോക്കിയോ അല്ല. അവരുടെ 'സ്വഭാവരീതികൾ ' വച്ചാണത്രെ ജൻഡർ
നിർണ്ണയിച്ചത്. 9 എണ്ണത്തിൽ 4 പുരുഷനും 3 സ്ത്രീകളും 2 പേർ ട്രാൻസും.
ആണും പെണ്ണും അല്ലാതെ മൂന്നാമതൊരു ജെൻഡർ കൂടി ഉണ്ടെന്ന് അന്നത്തെ സമൂഹവും
അംഗീകരിച്ചതിന്റെ ഉദാഹരണം.
ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഹോരാശാസ്ത്ര (ജ്യോതിഷ സംബന്ധമായ വിവരങ്ങൾ ) ത്തിലും ട്രാൻസ് ജനനത്തിന് കാരണങ്ങൾ ഉണ്ടെന്ന് രേഖപ്പെടുത്തുന്നു.
6 പ്രത്യേക രീതികളിൽ ഗ്രഹങ്ങൾ 'നിൽക്കുമ്പോൾ' ഉണ്ടാകുന്ന മനുഷ്യ
ജനനങ്ങൾ ട്രാൻസ് ആവുമത്രേ. അങ്ങനെ അവരുടെ ജനനവും സ്വാഭാവികമാണ് എന്ന്
പറഞ്ഞു വച്ചത് കൊണ്ടാവും അക്കാലത്ത് അവർക്ക് ഇന്നത്തെ അത്രയും ദുരിതം
സഹിയ്ക്കേണ്ടി വരാഞ്ഞത്.
ജ്യോതിഷം ശരിയാണ് എന്നോ ശാസ്ത്രമാണെന്നോ ന്യായീകരിക്കാനോ സാധൂകരിക്കാനോ അല്ല ഇവിടെ പരാമർശിച്ചത് , പിന്നെയോ അത്രയും അശാസ്ത്രീയ കാലത്ത് പോലും ട്രാൻസിനെ അവർ തിരിച്ചറിഞ്ഞു അവരുടെ സ്വത്വം അംഗീകരിച്ചിരുന്നു എന്ന് സൂചിപ്പിക്കാൻ മാത്രം.
LGB അന്നും സമൂഹത്തിൽ ഉണ്ടായിരിക്കും. T യെ കുറിച്ച് മാത്രമേ ഇതിഹാസ കഥകളിൽ പരാമർശിച്ചിട്ടുള്ളു. അന്നത്തെ രാജാക്കന്മാരെ പേടിച്ച് ബാക്കി എഴുതാഞ്ഞതാവും. അല്ലെങ്കിൽ എഴുതിയത് നീക്കം ചെയ്തത് ആവാം. അല്ലെങ്കിൽ താരതമ്യേന അപ്രധാന കഥാപാത്രങ്ങൾ ആയിരുന്നിരിക്കാം.
എന്നിട്ടും, ഇത്രയും പുരോഗമിച്ച ഇക്കാലത്ത് അവരെ അംഗീകരിയ്ക്കാത്തത് അത്ഭുതം തന്നെ.
വിവരവും വിദ്യാഭ്യാസവും പുരോഗമനവും, ശരീരത്തെ കുറിച്ച് ഹോർമോണുകളെ
കുറിച്ച് അറിയുന്ന വൈദ്യശാസ്ത്രവും ഉള്ള ഒരു ആധുനിക സമൂഹത്തിൽ അവർക്ക്
പീഡനവും അവഗണനയും നേരിടുന്നതിൽ ലജ്ജിക്കേണ്ടി വരുന്നു. മനുഷ്യർ അവര്ക്കിഷ്ടമുള്ള ഭാവത്തിൽ സ്ത്രീ ആയോ പുരുഷൻ ആയോ അതല്ല ഇനി രണ്ടും കൂടിയായോ രണ്ടും അല്ലാത്തതായോ ജീവിക്കട്ടെ. മറ്റുള്ളവർക്ക് ശല്യമാകരുത് എന്നത് മാത്രം. ഉടനെ വരും അഭിപ്രായം ഉത്തരേന്ത്യയിൽ അവർ
ശല്യക്കാരാണ് എന്ന് ചിലർ. കേരളത്തിലെ കാര്യമാണ് ഇവിടെ പറയുന്നത്. അനന്യ കേരളത്തിൽ ആയിരുന്നു.
പറഞ്ഞു വന്നത്, ആൾക്കാർ ജനിച്ച പോലെ അങ്ങ് ജീവിച്ചാൽ പോരേ?
എന്തിനാണ് ശരീര ഭാഗങ്ങൾ മുറിക്കുന്നത്? വീട്ടുകാരെയും നാട്ടുകാരെയും ബുദ്ധിമുട്ടിക്കുന്നത് എന്തിന്?
എന്നൊക്കെ ചോദിയ്ക്കുന്നവർ (നിർഭാഗ്യവശാൽ അതിൽ ഡോക്ടർമാരും ഉൾപ്പെടുന്നു
) ഈ രണ്ട് ലോകത്തിലും (പുരാതനവും ആധുനികവും) ഇല്ലാത്ത മനുഷ്യർ ആണോ എന്ന്
തോന്നും. ഇത്രയും സാമ്പത്തികമായും ശാരീരികമായും ക്ലേശങ്ങൾ സഹിച്ചു റിസ്ക്
എടുത്ത്, ഒരു ട്രാൻസ് , സർജറിയ്ക്ക് തയ്യാറാവുന്നതിന് ഒരു കാരണം
സമൂഹത്തിൽ നിന്നുള്ള അവഹേളനങ്ങൾ ആണത്രേ. അപ്പോൾ അവർക്കാണോ
സമൂഹത്തിനാണോ കൗണ്സിലിംഗ് വേണ്ടത്? നമ്മുടെ പൗരബോധം എന്നാണ് ഒരു ആധുനിക സമൂഹത്തിന് ബാധ്യത ആവാത്ത തരത്തിൽ ഉയരുന്നത്?