Image

ഫാ. സ്റ്റാന്‍ സ്വാമിയുടെ അനുസ്മരണ ചടങ്ങില്‍ വിവാദപരാമര്‍ശം നടത്തിയെന്നാരോപണം; തമിഴ്‌നാട്ടില്‍ വൈദികന്‍ അറസ്റ്റില്‍

Published on 24 July, 2021
ഫാ. സ്റ്റാന്‍ സ്വാമിയുടെ അനുസ്മരണ ചടങ്ങില്‍ വിവാദപരാമര്‍ശം നടത്തിയെന്നാരോപണം; തമിഴ്‌നാട്ടില്‍ വൈദികന്‍  അറസ്റ്റില്‍

 തിരുവനന്തപുരം: ഭാരതമാതാവിനെ അപമാനിച്ചെന്ന കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. കന്യാകുമാരി സ്വദേശി ഫാ ജോര്‍ജ് പൊന്നയ്യയെ മധുരയില്‍ വെച്ചാണു പൊലീസ് പിടികൂടിയത്. യു എ പി എ ചുമത്തി തടവില്‍ കഴിയവേ മരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ അനുസ്മരണ ചടങ്ങില്‍ നടത്തിയ പ്രസംഗമാണ് അറസ്റ്റിന് ആധാരം.


 മതസ്പര്‍ധ, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കല്‍, കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്നു യോഗം നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.



കഴിഞ്ഞ ഞായറാഴ്ച കന്യാകുമാരി അരമനയിലായിരുന്നു അനുസ്മരണചടങ്ങ്. ഭാരതമാതാവില്‍നിന്നു രോഗം പകരാതിരിക്കാനാണു ചെരിപ്പും ഷൂസും ഉപയോഗിക്കുന്നതെന്ന പരാമര്‍ശമാണ് വിവാദമാക്കിയത്. 


പ്രധാനമന്ത്രി  മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ഫാ. പൊന്നയ്യ  പ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഹിന്ദുത്വ സംഘടനകള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തെ അപലപിക്കുകയും അറസ്റ്റ് ആവശ്യപ്പെടുകയും ചെയ്തു.


ഹിന്ദുമതത്തെയും വിശ്വാസങ്ങളെയും കുറിച്ച്‌ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് പ്രസംഗത്തിന്റെ ചില ദൃശ്യങ്ങളും പ്രചരിച്ചതോടെ  പ്രതിഷേധം ശക്തമായി. അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബി ജെ പിയും ഹിന്ദു സംഘടനകളും രംഗത്തെത്തി.  


എന്നാല്‍ തന്റെ പ്രസംഗത്തില്‍നിന്ന് ചില ഭാഗങ്ങള്‍ മുറിച്ചെടുത്ത് എഡിറ്റുചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പറഞ്ഞ ഫാ. പൊന്നയ്യ  മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.


'എഡിറ്റുചെയ്ത വിഡിയോ കണ്ടിട്ട് ഞാന്‍ ഹിന്ദു മതത്തിനും വിശ്വാസങ്ങള്‍ക്കും എതിരായി സംസാരിച്ചുവെന്ന് പലരും തെറ്റിദ്ധരിച്ചു. ഞാനും യോഗത്തില്‍ സംസാരിച്ച ആളുകളും അത്തരത്തിലുള്ള ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങളുടെ സംസാരം എന്റെ ഹിന്ദു സഹോദരങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍, ഞാന്‍ പൂര്‍ണഹൃദയത്തോടെ ക്ഷമ ചോദിക്കുന്നു'-അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക