Image

മരണത്തിന് ശേഷമാണ് മനസിലാക്കിയത് ഞാൻ എത്ര വിഡ്ഢി ആയിരുന്നെന്ന്? ( ശ്രീകുമാർ ഉണ്ണിത്താൻ)

Published on 24 July, 2021
മരണത്തിന് ശേഷമാണ്  മനസിലാക്കിയത്  ഞാൻ  എത്ര വിഡ്ഢി ആയിരുന്നെന്ന്? ( ശ്രീകുമാർ ഉണ്ണിത്താൻ)
ഞാൻ ഒരു വിഡ്ഢിയാണെന്ന് മരിച്ച ശേഷമാണ്  എനിക്ക് മനസിലായത്. ജീവനുള്ള കാലത്ത് ഏറ്റവും വലിയ ബുദ്ധിമാൻ ആണെന്നായിരുന്നു എന്റെ  വിചാരം. ആളുകൾ എന്നെ നോക്കി ചിരിക്കുന്നതും പുകഴ്ത്തി പറയുന്നതുമെല്ലാം  കേട്ട് ഞാൻ സന്തോഷിച്ചു. മറ്റുള്ളവരുടെ മുഖത്ത് നോക്കി ഞാൻ നെഞ്ച് വിരിച്ചു  നടന്നു. ഞാൻ കേമൻ, എന്ന ഭാവത്തിൽ ആണ് ജീവിച്ചത്. എന്തിനും ഏതിനും  ആളുകൾ എന്നെ വിളിക്കുന്നതും എന്റെ അഭിപ്രായങ്ങൾ കേൾക്കുന്നതിലും   ഞാൻ   അഭിമാനം കൊണ്ടിരുന്നു .എനിക്ക്  എന്നോട് തന്നെ  വളരെ സ്‌നേഹവും ആദരവും തോന്നിയിരുന്ന നാളുകൾ ആയിരുന്നു അത്.

അങ്ങനെയിരിക്കെ ഒരു ദിവസം എനിക്ക് ഹൃദയസ്തംഭനം. പിന്നെ മരണം. ഇങ്ങനെ  ഒരു അവസ്ഥ എനിക്ക് ഉണ്ടാകും എന്ന് ഞാൻ ജീവിതത്തിൽ  കരുതിയതേയില്ല . മരണം മറ്റുള്ളവർക്ക് സംഭവിക്കുന്ന  ഒന്നാണ്    എന്നായിരുന്നു എന്റെ ധാരണ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ഞാനാണ്. എൻ്റെ മരണം ലോകത്തിൻ്റെ മരണമായിരിക്കും എന്നുവരെ ഞാൻ ചിന്തിച്ചിരുന്നു. പലരുടെയും മരണ വീടുകളിൽ ഞാൻ തലയുയർത്തി നിന്നിരുന്നു. അത് മറ്റുള്ളവർക്ക്‌ മാത്രം സംഭവിക്കുന്ന കാര്യം  എന്നരീതിയിൽ ഞാൻ അവരെ ആശ്വസിപ്പിച്ചിരുന്നു.

ഞാൻ മരിച്ചു കഴിഞ്ഞപ്പോൾ  കാലൻ  എന്നോട് പറഞ്ഞു, ഞാൻ നിന്നെ നരകത്തിലേക്കാണ്  കൊണ്ട്പോന്നത്. എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തോടായി ചോദിച്ചു, എന്നെ പോലെ നാട്ടിൽ  അറിയപ്പെടുന്നവരെ സ്വർഗ്ഗത്തിലേക്കല്ലേ കൊണ്ടുപോകേണ്ടത്?  കാലൻ   എന്നെ ഓർമ്മപ്പെടുത്തി, നീ ഒരു പമ്പര വിഡ്ഢിയാണ്.    ആയിരക്കണക്കിന്  വിഡ്ഢികളിൽ ഒരുവനാണ് നീയും.

എനിക്ക്   അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഞാൻ കാലനെ  തിരുത്തുവാൻ   ശ്രമിച്ചു. പക്ഷേ  കാലൻ   പറഞ്ഞതിൽ തന്നെ ഉറച്ചു നിന്നു, എന്നിട്ട്  എന്നോട് പറഞ്ഞു നീ എന്ന മനുഷ്യനെ പറ്റി മറ്റുള്ളവരുടെ  ധാരണ എന്താണ് എന്നറിയാൻ മരണത്തിന് ശേഷം  അവിടെയൊക്കെ കുറച്ചു സമയം  ചുറ്റിപറ്റി നിന്നാൽ മതി. കാലൻ എന്നെ എന്റെ മരണ
സ്ഥലത്തേക്ക് കൊണ്ടുപോയി. ഞാൻ പതിയെ എന്റെ ബോഡി കടക്കുന്നേടത്തേക്ക് ഒന്ന് നോക്കി.

എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, എന്റെ ബോഡി വെള്ള തുണിയിൽ പുതപ്പിച്ചു കിടത്തിയിരിക്കുന്നു. ഞാൻ ചുറ്റും നോക്കി അധികം ആളുകൾ ഒന്നും കാണാൻ വന്നിട്ടില്ല. ഞാൻ വിചാരിച്ചിരുന്നത്  എന്റെ മരണത്തിന് നാട് മുഴുവൻ അവിടേക്ക്  ഒഴുകി എത്തുമെന്നാണ്. ആരോ അവിടെയിരുന്ന്   ഒരു നേർച്ചപോലെ രാമായണം വായിക്കുന്നുണ്ട്, കൂടെക്കൂടെ വാച്ചിലും നോക്കുണ്ട്, ഈ  ബോഡി
ഒന്ന്  എടുത്തിരുന്നെങ്കിൽ  എന്ന്  ആ  മനുഷ്യന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാം. എന്റെ മക്കളിലും  വലിയ സങ്കടം കണ്ടില്ല ,  മൊത്തത്തിൽ ഒരു പാർട്ടി നടക്കുന്ന വീട്ടിലെ സന്തോഷമാണ് മിക്കവരുടെയും മുഖത്ത് .

പിന്നെയും  ഞാൻ നോക്കുബോൾ എൻ്റെ വസ്ത്രങ്ങളൊക്കെ ആരൊക്കെയോ അഴിച്ച മാറ്റി എന്നെ നഗ്നനാക്കി കുളിപ്പിക്കുകയാണ്. അങ്ങിനെ ചെയ്യരുതെന്ന് ഉറക്കെ വിളിച്ച് പറയണമെന്ന് എനിക്ക് തോന്നി .കാലൻ വീണ്ടും ഓർമ്മപ്പെടുത്തി ”വിഡ്ഢി നീ മരിച്ചിരിക്കുന്നു. നിൻ്റെ ശവത്തെ ദഹിപ്പിക്കുന്നതിന് മുമ്പ് അവർ കുളിപ്പിക്കുകയാണ്. നിനക്ക് ഒന്നും സംസാരിക്കുവാൻ കഴിയുകയില്ല ” .

ബന്ധുക്കൾ  എല്ലാവരും വന്നെന്നു തോന്നുന്നു  അതായിരിക്കാം  കര്‍മ്മം ചെയ്യാനുള്ള പുറപ്പാടിലാണ്. കത്തിച്ചു വെച്ച നിലവിളക്കിനു മുന്നില്‍ ഇലയില്‍ എള്ളും അരിയും. കയ്യില്‍  മോതിരവിരലില്‍ ദര്‍ഭ
കെട്ടിയിരിക്കുന്നു. പൂജാരി പതുക്കെ പറഞ്ഞു കൊടുക്കുന്ന മന്ത്രങ്ങള്‍ വളരെ വ്യക്തമായി കേള്‍ക്കാം. മകൻ ആണ് കർമ്മങ്ങൾ ചെയ്യുന്നത്, ആർക്കോ വേണ്ടി ചെയ്യുന്നത് പോലെയുണ്ട്!

 ആരൊക്കെയോ പതുക്കെ ചിരിക്കുന്നുണ്ട്. ഞാൻ മരിച്ചതിൽ ചിരിച്ച് ആഹ്ലാദിക്കുകയാണോ ? ഒരു അപരിചിതൻ്റെ സ്വരം കേട്ടു . ”  ഇനി നാട്ടുകാർക്ക് സ്വസ്ഥമായി കഴിയാം. ഇവനെ കൊണ്ടുള്ള ശല്യം തീർന്നു.” മറ്റൊരുത്തൻ പറയുന്നു  ഇവന്റെ വിചാരം  ഇവൻ വലിയ ആളായിരുന്നെന്നാണ്  പക്ഷേ നാട്ടുകാർ വിളിച്ചിരുന്നത്  എട്ടുകാലി മമ്മുഞ്ഞു  എന്നായിരുന്നു.

ഞാൻ ആത്മാവിനോദ് ചോദിച്ചു  എന്താണ്  "എട്ടുകാലി മമ്മുഞ്ഞു"

അത്  വൈക്കം  മുഹമ്മദ് ബഷിറിന്റെ  ഒരു കഥാപാത്രമാണ് , നാട്ടിൽ എവിടെയെങ്കിലും എന്തെങ്കിലും  കാര്യങ്ങൾ നടന്നാൽ  അതിന്റെ പ്രിതൃത്വം മമ്മുഞ്ഞു സ്വയം ഏറ്റെടുക്കും. മമ്മൂഞ്ഞിനെക്കൊണ്ട് വല്ലകാര്യവും കാണാനുള്ളവര്‍ ബഹുമാനപൂര്‍വം കോട്ടുസാഹിബ് എന്നും വിളിക്കാറുണ്ട്. ആ
വിളികേട്ടാൽ  മമ്മുഞ്ഞിനെ  കൊണ്ട് കഴിയുന്നതാണെങ്കിൽ  അത് ചെയ്‌തു കൊടുത്തിരിക്കും. ഈ  സ്വഭാവം നമ്മുടെ ചുറ്റിലും പലരിലും  ഉള്ളതുകൊണ്ടാണ് നാം പലരെയും  എട്ടുകാലി മമ്മുഞ്ഞു എന്ന് വിളിക്കാറുള്ളത്.

പിന്നീട് കേട്ടത് ഭാര്യയുടെ ചിരപരിചിതമായ സ്വരമാണ്. ഞാൻ വിചാരിച്ചു അവൾ കരഞ്ഞു തകർന്നിരിക്കുമെന്ന് !!  ” എന്തായാലും ദൈവത്തിന് നന്ദി. ഇയാളെക്കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലായിരുന്നു. പോയത് നന്നായി."

"എന്റെ പ്രിയേ ,ഇത് നീ തന്നെയോ ? ”  കാലൻ ഉറക്കെ ചിരിച്ചു. “എടാ മഠയാ, നിന്നെപ്പറ്റി നിൻ്റെ ഭാര്യ പറഞ്ഞത് കേട്ടില്ലേ.  നാട്ടുകാരുടെ അഭിപ്രായവും  കേട്ടില്ലയോ !! ഞാൻ പറഞ്ഞു  മതി മതി , എനിക്കിനി ഒന്നും കേൾക്കേണ്ട. ദയവ് ചെയ്ത് എന്നെ ഉപദ്രവിക്കാതിരിക്കുക ” കാലൻ , “ശരി ഞാൻ
പോകുന്നു. എനിയ്ക്ക് മറ്റൊരു മരണം കൂടെ നടത്താനുണ്ട് .  എനിക്ക് മനുഷ്യരേക്കാൾ ബഹുമാനം കാലനോട് തോന്നി, ഒന്നുമല്ലെങ്കിലും  അവർ നമ്മോട് സത്യം പറയുന്നല്ലോ?  ഞാൻ കാലനോടായി പറഞ്ഞു പോകരുത് , എനിക്കിവിടെ തനിച്ചു നിൽക്കാൻ  പേടിയാണ് . അവർ  എന്റെ ശരീരം ചിതയിലേക്ക് എടുത്തതിന്  ശേഷം ഞാൻ അങ്ങയുടെ കൂടെവരാം.

 ചുരുക്കത്തിൽ എന്നിലെ ഞാനിനെ ശരിക്കറിയണമെങ്കിൽ ഞാൻ മരിക്കണം. എൻ്റെ മരണത്തിൽ നിന്നേ എൻ്റെ വ്യക്തിത്വത്തെപ്പറ്റി എനിക്ക് ശരിക്കുമറിയാൻ കഴിയുകയുള്ളൂ.   എന്നെക്കുറിച്ച് എനിക്ക്  അതുവരെയുണ്ടായിരുന്ന   ധാരണ മാറിയിരുന്നു. പക്ഷേ ഇനിയും മാറി ജീവിക്കുവാനുള്ള സമയവും  ഇല്ലല്ലോ?

എനിക്ക് ശേഷം പ്രളയം എന്ന അഹന്തയോടെ,അല്ലെങ്കില്‍   എന്റേത്, എനിക്ക്” എന്നുള്ള സ്വാർത്ഥ ചിന്തയോടെ, എല്ലാം സ്വന്തമാക്കി എന്ന അഹങ്കാരത്തോടെ, ജീവിച്ചിരുന്നപ്പോൾ  എനിക്ക്  ഇങ്ങനെ  ഒരു അവസ്ഥ വരും എന്ന് ഞാൻ ചിന്തിച്ചിട്ടേ ഇല്ല.   ഈ ലോകം തുടങ്ങിയതെവിടെനിന്നാണ് എന്നറിഞ്ഞുകൂടാ, അവസാനിക്കുന്നത് എവിടെയാണെന്നും രൂപമില്ല. നിലനില്‍പ്പിന് വേണ്ടിമാത്രം
താന്‍ വലിയ എന്തോ ഒരു സംഗതി ആണെന്ന് നടിച്ചു നടന്നത് . തെറ്റിപ്പോയ ജീവിതത്തെപറ്റി  ഞാൻ കാലനോട്  മാപ്പ്പേക്ഷിച്ചു.

കാലൻ  പറഞ്ഞു "പോകാം സമയമായി, ഇനി ഇവിടെ നില്ക്കാന്‍ പറ്റില്ല " ഞാൻ മറിച്ചു ഒന്നും പറയാതെ    അദ്ദേഹത്തോട് ഒപ്പം  യാത്രയായി. പോകുന്ന സമയത്തു  അദ്ദേഹം എന്നോടായി പറഞ്ഞു;    മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനും ആളുകളുടെ മുന്നിൽ  ആളാവാനും ഉള്ള  കര്‍മങ്ങളല്ല നമ്മൾ ചെയ്യേണ്ടത് .  കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും ഗുണകരമായ കര്‍മങ്ങള്‍ ചെയ്യുക. കുടുംബത്തിൽ  നല്ല കാര്യങ്ങൾ ചെയ്യുബോൾ കുടുംബത്തിന്റെയും സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയ്യുബോൾ   ലോകത്തിന്റെ അംഗീകാരവും ശ്രദ്ധയും തീര്‍ച്ചയായും ലഭിക്കും. അത് നാം പിടിച്ചു
വാങ്ങേണ്ടുന്ന ഒന്നല്ല മറിച്ചു  അത് നമ്മളിലേക്ക് എത്തിച്ചേരുന്ന ഒന്നാണ്.

Join WhatsApp News
Ninan Mathulla 2021-07-24 15:38:15
We need such stories to remind as occasionally. Otherwise we will get carried away like 'appooppanthadikal'. I didn't get a chance to read all stories that got published in 'emalayalee'. So, it doesn't mean that other stories are not good. Writers please continue to write. Recognition will come after you one day.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക