Image

അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്ക് ധനസമാഹാരണം നടത്താന്‍ അനുമതി നല്‍കി കേന്ദ്ര ആരോഗ്യ സഹമന്ത്രി

Published on 24 July, 2021
അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്ക് ധനസമാഹാരണം നടത്താന്‍ അനുമതി നല്‍കി കേന്ദ്ര ആരോഗ്യ സഹമന്ത്രി
ന്യൂഡല്‍ഹി: വലിയ ചെലവ് വരുന്ന അപൂര്‍വ രോഗങ്ങളുടെ ചികിത്സക്കായി സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ധനസമാഹാരണം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ലോക്‌സഭയില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് പരിഷ്കരിച്ച ദേശീയ ആരോഗ്യ നയം പ്രസിദ്ധപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

അത്യപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ ഇറക്കുമതിയിയില്‍ കസ്റ്റംസ് തീരുവ ഒഴിവാക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും നയത്തില്‍ പറയുന്നുണ്ട്. സ്‌പൈനല്‍ മസ്കുലര്‍ അട്രോഫി പോലുള്ള രോഗങ്ങള്‍ക്ക് വലിയ ചെലവാണ് വരുന്നത്. അംഗീകൃത ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് വ്യക്തിഗതമായോ കോര്‍പറേറ്റുകളില്‍ നിന്നോ ആവശ്യമായ ചികിത്സ സഹായം സ്വീകരിക്കാം. ഇത്തരം കേസുകളില്‍ സര്‍ക്കാറിന് മാത്രമായി ചികിത്സക്ക് ആവശ്യമായ മുഴുവന്‍ തുകയും നല്‍കാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

പുതുക്കിയ നയം അനുസരിച്ച് ഇത്തരം രോഗങ്ങളുടെ ചികിത്സക്കായി കേന്ദ്ര സര്‍ക്കാര്‍ ഒറ്റത്തവണ 20 ലക്ഷം രൂപ നല്‍കും. ദാരിദ്ര്യരേഖക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് പുറമെ പ്രധാനമന്ത്രി ജന്‍ ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും ഈ സഹായം ലഭിക്കും. അത്യപൂര്‍വ രോഗങ്ങളുടെ ചികിത്സക്കും പരിശോധനക്കും ഗവേഷണത്തിനും ഉള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി തെരഞ്ഞെടുത്ത ആശുപത്രികള്‍ക്ക് അഞ്ചു കോടി രൂപവരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക