Image

ശ്രീന ഖുറാനി കാലിഫോർണിയയിൽ നിന്ന് കോൺഗ്രസിലേക്ക്  മത്സരിക്കുന്നു 

Published on 23 July, 2021
ശ്രീന ഖുറാനി കാലിഫോർണിയയിൽ നിന്ന് കോൺഗ്രസിലേക്ക്  മത്സരിക്കുന്നു 

 ഇന്ത്യൻ-അമേരിക്കൻ   എഞ്ചിനീയറും  സംരംഭകയുമായ ശ്രീന ഖുറാനി, കാലിഫോർണിയയിലെ ഡിസ്ട്രിക്ട് 42 ൽ നിന്ന്  ഡെമോക്രാറ്റ്  ടിക്കറ്റിൽ കോൺഗ്രസിലേക്ക്  മത്സരിക്കുന്നതിന്  ജൂലൈ 22ന് ക്യാംപെയ്ൻ  ആരംഭിച്ചു. 1992 മുതൽ  15 തവണ തുടർച്ചയായി വിജയിക്കുന്ന റിപ്പബ്ലിക്കൻ കെൻ കാൽവെർട്ടിനെയാണ് ഖുറാനിക്ക് നേരിടേണ്ടി വരിക. ഒടുവിൽ നടന്ന തിരഞ്ഞെടുപ്പിലും കാൽവെർട്ട് വിജയം ആവർത്തിച്ചിരുന്നു.
 
റിവർസൈഡിൽ ജനിച്ചു വളർന്ന ഖുറാനി, മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. മാലിന്യങ്ങൾ കുറയ്ക്കുന്നതിനും ഭക്ഷണത്തിനും വെള്ളത്തിനുമായി സുസ്ഥിര പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള  കമ്പനികൾ ആരംഭിക്കാൻ  പ്രവർത്തിച്ചിട്ടുള്ള ഖുറാനി,  ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും കുറഞ്ഞ ചെലവിൽ  നിലവാരത്തോടെ ലഭ്യമാകുന്ന മാർഗങ്ങൾ വികസിപ്പിച്ചെടുക്കുന്ന സ്റ്റാർട്ടപ്പ് ബിസിനസുകളുടെ ഉപദേശകയായും  സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

 അടുത്തിടെ 2 മില്യൺ ഡോളർ മുതൽ മുടക്കിൽ ഖുറാനിയുടെ മേൽനോട്ടത്തിൽ സാധ്യമായ സംരംഭത്തിലൂടെ സ്ത്രീകളും നോൺ-വൈറ്റ് കമ്മ്യൂണിറ്റിയിൽപ്പെട്ടവരും  സ്റ്റാർട്ടപ്പ് ബിസിനസുകളുടെ ഫണ്ടിംഗിൽ നേരിടുന്ന  അസമത്വം പരിഹരിക്കുകയും  അവർക്ക് കൂടുതൽ  അവസരങ്ങൾ ഒരുക്കുകയും ചെയ്തു. ഇതുപോലെ, എങ്ങും തുല്യത ഉറപ്പാക്കുന്ന മാറ്റങ്ങൾ കൊണ്ടുവരികയാണ് ഖുറാനിയുടെ ലക്‌ഷ്യം.

താൻ ഒരു രാഷ്ട്രീയക്കാരി അല്ലെന്നും 30 വർഷമായി കേൾവെർട്ടിനെ പോലെയുള്ള രാഷ്ട്രീയക്കാരെ വിജയിപ്പിച്ചതിന്റെ ഫലമായി, നാടിൻറെ അവസ്ഥ മനസ്സിലാക്കിക്കൊണ്ടാണ് മാറ്റത്തിനായി ഇറങ്ങി തിരിച്ചതെന്നും ഖുറാനി പറഞ്ഞു.
 രാഷ്ട്രീയക്കാർ അവരുടെ  പാർടിയുടെ വളർച്ചയ്ക്ക് വേണ്ടിയും   കോർപ്പറേറ്റുകളെ  സഹായിക്കുന്നതിനുവേണ്ടിയും മാത്രമേ പ്രവർത്തിക്കൂ എന്നും സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനോ അവർ ശ്രദ്ധ ചെലുത്തില്ലെന്നും സംരംഭക കൂടിയായ ഖുറാനി ചൂണ്ടിക്കാട്ടി.

തന്റെ തൊഴിൽ മേഖലയിലെ പ്രവൃത്തിപരിചയവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തിക്കൊണ്ട് വാഷിംഗ്ടണിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനും  ആളുകൾക്ക് സുരക്ഷിതവും ആരോഗ്യകരവും ജോലി നിറവേറ്റുന്നതിന്  അവസരങ്ങളുള്ള സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനും വേണ്ടിയാണ്  മത്സരരംഗത്തേക്ക് ഇറങ്ങുന്നതെന്നും ഖുറാനി വ്യക്തമാക്കി. 
നാടിന്റെ സമഗ്രമായ മാറ്റത്തിന് വേണ്ടി വോട്ടർമാർ തന്നെ വിജയിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഖുറാനി കന്നിയങ്കത്തിനിറങ്ങുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക