Image

പുതിയ കോവിഡ് കേസുകളിൽ അഞ്ചിലൊന്നു  ഫ്ലോറിഡയിലെന്ന് വൈറ്റ് ഹൗസ് 

Published on 23 July, 2021
പുതിയ കോവിഡ് കേസുകളിൽ അഞ്ചിലൊന്നു  ഫ്ലോറിഡയിലെന്ന് വൈറ്റ് ഹൗസ് 

കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയിൽ  റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളിൽ അഞ്ചിലൊന്നും ഫ്ലോറിഡയിലാണെന്ന് വൈറ്റ് ഹൗസ് അഡ്വൈസർ ജെഫ്  സയന്റസ് വ്യാഴാഴ്‌ച പറഞ്ഞു. അതിനർത്ഥം, പുതിയ കോവിഡ് കേസുകളുടെ 20 ശതമാനവും  ഫ്ലോറിഡയിലാണെന്നാണ്. രോഗവ്യാപനം നടന്നിരിക്കുന്നത് വാക്സിൻ സ്വീകരിക്കാത്തവർക്കിടയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ആഴ്ചത്തെ കോവിഡ് കേസുകളിൽ 40 ശതമാനവും ഫ്ലോറിഡ, ടെക്സാസ്,മിസോറി എന്നീ ൩ സംസ്ഥാനങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും സയന്റസ് കൂട്ടിച്ചേർത്തു.
രാജ്യത്തെ വാക്സിനേഷൻ നിരക്കിന്റെ ശരാശരി 49%  ആണെങ്കിലും, ഫ്ലോറിഡയിലെ ജനസംഖ്യയുടെ 47 ശതമാനവും ,  ടെക്‌സാസിലെ  ജനസംഖ്യയുടെ  43 ശതമാനവും, മിസോറിയിലെ ജനസംഖ്യയുടെ 40  ശതമാനവും മാത്രമേ വാക്സിൻ സീരീസ് പൂർത്തിയാക്കിയിട്ടുള്ളു.ന്യൂയോർക്കിലാകട്ടെ, ശരാശരി നിരക്ക് 56  ശതമാനമാണ്.
 കോവിഡിന്റെ പശ്ചാത്തലത്തിലും പരിമിതമായി മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാനമാണ് ഫ്ലോറിഡ. ഏറെ വൈകി മാത്രം ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മേയ് 2020 ൽ തന്നെ തുറന്നുപ്രവർത്തിക്കുകയും ചെയ്തു.
ടെക്സസും മിസോറിയും അതുപോലെ തന്നെ മൃദുസമീപനം കൈക്കൊണ്ട സ്റ്റേറ്റുകളാണ്.ന്യൂയോർക്കിൽ ഗവർണർ കോമോ  'സ്റ്റേ അറ്റ് ഹോം' നിയന്ത്രണം നീക്കിയത്  2020 ജൂൺ പകുതിയോടെയാണ്. 
നിലവിലെ കോവിഡ് കേസുകളിൽ 83 ശതമാനവും ഡെൽറ്റ വകഭേദം മൂലമാണ് വ്യാപിക്കുന്നതെന്ന് സിഡിസി വ്യക്തമാക്കിയിരുന്നു. ഡെൽറ്റ വ്യാപനം മറ്റു രാജ്യങ്ങളിൽ സൃഷ്‌ടിച്ച പ്രതിസന്ധി ഉദാഹരണമായി കണ്ട് എത്രയും വേഗം കൂടുതൽ ജനങ്ങളിലേക്ക് വാക്സിൻ ലഭ്യമാക്കിക്കൊണ്ട് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സയന്റസ് അഭിപ്രായപ്പെട്ടു.

ലോസ് ആഞ്ചലസ്‌ കൗണ്ടിയിൽ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം രൂക്ഷം 

ലോസ് ആഞ്ചലസ്‌: ലോസ് ആഞ്ചലസ്‌ കൗണ്ടിയിൽ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം രൂക്ഷമാകുന്നു. ഒരാഴ്ചകൊണ്ട് കോവിഡ് കേസുകളിൽ 80 % വർദ്ധനവാണ്  രേഖപ്പെടുത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൗണ്ടിയിൽ 2767 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി മധ്യത്തിന് ശേഷം കേസുകൾ ഇതാദ്യമായാണ് ഇത്രയധികം കൂടുന്നത്.  ഒരു മാസംകൊണ്ട് കോവിഡ് നിരക്ക് ഇരുപതിരട്ടി  ഉയർന്നു.
ആകെ 1,276,137 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള കൗണ്ടിയിൽ  24,607 പേർക്ക്  മഹാമാരി ബാധിച്ച്  നഷ്ടമായി.
ജൂലൈ 15 വരെ 1.2 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, നിയന്ത്രണങ്ങൾ നീക്കിയതോടെ  5.2 % ആയി ഉയർന്നു.
നിലവിൽ ആശുപത്രിയിൽ 645 കോവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.22 ശതമാനം പേർ ഐസിയു വിലാണ്.
 4 മില്യൺ ജനങ്ങൾ വാക്സിൻ സ്വീകരിക്കാൻ ബാക്കിയുള്ള കൗണ്ടിയിൽ, ഡെൽറ്റ വ്യാപനം തുടരുന്നത്  ഭീഷണി ഉയർത്തുന്നു.52% ആളുകൾ വാക്സിൻ സീരീസ് പൂർത്തിയാക്കിയ കൗണ്ടിയിൽ 59 % ഒരു ഡോസ്  മാത്രമേ സ്വീകരിച്ചിട്ടുള്ളു. 
മറ്റു വകഭേദങ്ങളെക്കാൾ അപകടകാരിയായ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാൻ എത്രയും വേഗം ആളുകളിലേക്ക് വാക്സിൻ എത്തിക്കാൻ ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാക്സിൻ ഫലപ്രദമാണെങ്കിൽ തന്നെയും, രോഗബാധിതരായി തീരാതിരിക്കുന്നതിന് ആളുകൾ മറ്റു സുരക്ഷാമുൻകരുതലുകൾ കൂടി പാലിക്കുന്നതാണ് അഭികാമ്യമെന്നും വിദഗ്ദ്ധർ പറയുന്നു.

അടുത്തിടെ അമേരിക്കയിൽ ഉണ്ടായ കോവിഡ് കുതിപ്പ് ഒഴിവാക്കാമായിരുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ 

   അടുത്തിടെ രാജ്യത്ത്  ഉണ്ടായ കോവിഡ് കുതിപ്പ് ഒഴിവാക്കാമായിരുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സ തേടിയ  കോവിഡ് രോഗികളുടെ എണ്ണവും  മരണനിരക്കും വർധിച്ചിരിക്കുന്നത് വാക്സിൻ സ്വീകരിക്കാത്തവർക്കിടയിൽ ആണെന്നതുകൊണ്ടുതന്നെ അവർക്ക് പ്രതിരോധ കുത്തിവയ്പ്പ് സമയോചിതമായി മുൻപേ നൽകിയിരുന്നെങ്കിൽ ഈ വ്യാപനം തടയാമായിരുന്നു എന്നാണ് വിലയിരുത്തൽ. അമേരിക്കയിലെ 48 സംസ്ഥാനങ്ങളിലെ പുതിയ കേസുകളുടെ ഏഴുദിവസത്തെ ശരാശരി നിരക്ക് തൊട്ടുമുൻപത്തെ ആഴ്ചയെ അപേക്ഷിച്ച് 10% വർദ്ധിച്ചതായാണ് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകൾ പറയുന്നത്.
ഡെൽറ്റ വകഭേദം വ്യാപിക്കുന്ന നിലവിലെ സാഹചര്യം മുൻനിർത്തി, ഇതുവരെ വാക്സിൻ ലഭിക്കാത്തവർക്ക് എത്രയും വേഗം കുത്തിവയ്പ്പ് നൽകണമെന്നും വിദഗ്ധസംഘം മുന്നറിയിപ്പ് നൽകി.
എന്നാൽ, ഈ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലും രാജ്യത്തെ വാക്സിനേഷൻ നിരക്ക് കുറയുന്നതായാണ് കണക്കുകളിൽ നിന്ന്  പ്രകടമാകുന്നത്. യു എസ് ജനസംഖ്യയുടെ 48.8 % മാത്രമേ ഇതുവരെ വാക്സിൻ സീരീസ് പൂർത്തീകരിച്ചിട്ടുള്ളു.7 ദിവസം വാക്സിനേഷൻ സ്വീകരിക്കുന്നത് ശരാശരി 2,52,000 പേർ മാത്രം.ജൂലൈ 5 നു ശേഷം പ്രതിദിന വാക്സിനേഷൻ ശരാശരി  5 ലക്ഷത്തിന് മുകളിൽ എത്തിയിട്ടില്ല.
 ഈ പ്രവണത തുടർന്നാൽ, രാജ്യത്ത് മറ്റൊരു കോവിഡ് തരംഗം ഉടനെ ഉണ്ടായേക്കാം. 

കോവിഡ് : ന്യൂയോർക്ക്  ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 

ഡെൽറ്റ വേരിയന്റ്  ന്യൂയോർക്കിൽ  ഉൾപ്പെടെ രാജ്യത്തുടനീളം വ്യാപിക്കുകയാണ്, പുതിയ കേസുകളും പോസിറ്റിവിറ്റി നിരക്കും കഴിഞ്ഞ ഏതാനും ആഴ്ചകളായി വർദ്ധിച്ചു. 
 “അൺ‌വാക്സിൻ‌ഡ് പാൻ‌ഡെമിക്” എന്നാണ് ഈ കുതിപ്പിനെ സി‌ഡി‌സി ഡയറക്ടർ വിശേഷിപ്പിച്ചത്. അതായത്, വാക്സിൻ സ്വീകരിക്കാത്തവരെ കടന്നുപിടിച്ച മഹാമാരി. അടുത്തിടെ റിപ്പോർട്ട് ചെയ്ത എല്ലാ കോവിഡ്മരണങ്ങളും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരിലാണ് സംഭവിച്ചത്. നിങ്ങൾ  വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ , ഡെൽറ്റ വേരിയന്റിലെ അപകടത്തിന്റെ  തീവ്രത കുറയ്ക്കുന്നതിന് വേണ്ടി എത്രയും വേഗം  വാക്സിനേഷൻ എടുക്കുക. നിങ്ങളുടെ സുഹൃത്തുക്കളുമായും  കുടുംബാംഗങ്ങളുമായും   ഇക്കാര്യം സംസാരിക്കുക. വാക്സിനുകളെക്കുറിച്ച് ചോദ്യങ്ങളോ ആശങ്കകളോ അലട്ടുന്നുണ്ടെങ്കിൽ  ഡോക്ടറുമായി സംസാരിക്കുക. 

*  ആശുപത്രിയിൽ പ്രവേശിതരായ കോവിഡ് രോഗികളുടെ എണ്ണം 483 ആണ്. 93,174 പരിശോധനകളിൽ 1,584 പേരുടെ ഫലം പോസിറ്റീവായി .പോസിറ്റിവിറ്റി നിരക്ക് 1.70 ശതമാനമാണ്. 7 ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 1.50 ശതമാനമായിരുന്നു. ഐസിയുവിൽ ഇന്നലെ 105 രോഗികളുണ്ടായിരുന്നു, മരണസംഖ്യ: രണ്ട് .

*  ന്യൂയോർക്കിലെ 74.1 ശതമാനം പേർക്കും  കുറഞ്ഞത് ഒരു വാക്സിൻ ഡോസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൊത്തം 29.397 ഡോസുകൾ നൽകി. ഇന്നുവരെ, ന്യൂയോർക്കിൽ  ആകെ 21,911,089 ഡോസുകൾ നൽകി, 67.6 ശതമാനം ന്യൂയോർക്കുകാർ അവരുടെ വാക്സിൻ സീരീസ് പൂർത്തിയാക്കി. 

 *ന്യൂയോർക്ക് സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് കോർപ്സ് ഫെലോഷിപ്പ് പ്രോഗ്രാമിനുള്ള അപേക്ഷകൾ ക്ഷണിച്ചു.
കോർനെൽ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച്  പൊതുജനാരോഗ്യ പ്രവർത്തകരായി പുതുതലമുറയിലെ  ആയിരം പേരെ പരിശീലിപ്പിക്കും. അടുത്ത പൊതുജനാരോഗ്യ പ്രതിസന്ധിക്ക് തയ്യാറാകാൻ സഹായിക്കുകയാണ് ലക്ഷ്യം. ഇന്ന് തന്നെ  അപേക്ഷിക്കുക.

*ജൂലൈ 26 തിങ്കളാഴ്ച നാല് മാസ് വാക്സിനേഷൻ സൈറ്റുകൾ  കൂടി പ്രവർത്തനം നിർത്തും. ഗാനെറ്റ് ഡ്രൈവിലെ ബിൻ‌ഹാം‌ടൺ യൂണിവേഴ്സിറ്റി , ക്വീൻസ്‌ബറിയിലെ ഏവിയേഷൻ മാൾ, സ്റ്റോണി ബ്രൂക്ക് സതാംപ്ടൺ, സുനി ഓറഞ്ചിലെ ഡയാന സെന്റർ തുടങ്ങിയ ഇടങ്ങളിലെ മാസ് വാക്സിനേഷൻ സൈറ്റുകളാണ്  പ്രവർത്തനം അവസാനിപ്പിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക