Image

പന്തീരാങ്കാവ് യുഎപിഎ കേസ്: അലന്‍ ഷുഹൈബിന്റെ ജാമ്യത്തിനെതിരെ എന്‍ഐഎ

Published on 23 July, 2021
പന്തീരാങ്കാവ് യുഎപിഎ കേസ്: അലന്‍ ഷുഹൈബിന്റെ ജാമ്യത്തിനെതിരെ എന്‍ഐഎ
 
 
ന്യൂഡല്‍ഹി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിന്റെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് എന്‍ഐഎ സുപ്രീം കോടതിയെ അറിയിച്ചു. സ്വതന്ത്ര ജമ്മുകശ്മീരിന് വേണ്ടിയുള്ള ബാനര്‍ താഹ ഫസലില്‍ നിന്ന് കണ്ടെത്തിയതായി എന്‍ഐഎ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. അതെ സമയം മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കൈവശം വെക്കുന്നത് കുറ്റകരമാണോയെന്ന് കോടതി എന്‍ഐഎ അഭിഭാഷകനോട് ആരാഞ്ഞു. പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ  അലന്‍ ഷുഹൈബിനും താഹ ഫസലിനും എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി. ഇതിനെതിരെ താഹ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കവെയാണ് അലന്‍ ഷുഹൈബിന്റെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു സുപ്രീം കോടതിയെ അറിയിച്ചത്. തുടര്‍ന്ന് രണ്ട് ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാനായി അടുത്ത ആഴ്ചത്തേക്ക് മാറ്റി.
 
ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത 23 വയസ് പ്രായമുള്ള മാധ്യമ വിദ്യാര്‍ഥിയാണ് താഹ ഫസലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി.ഗിരി ചൂണ്ടിക്കാട്ടി. സിപിഐ മാവോയിസ്റ്റ് പുറത്തിറക്കിയ ഇന്ത്യയിലെ ജാതി വ്യവസ്ഥ സംബന്ധിച്ച പുസ്തകം, റോസാ ലക്സണ്‍ബെര്‍ഗ്, രാഹുല്‍ പണ്ഡിത എന്നിവരുടെ പുസ്തകങ്ങള്‍, മാധവ് ഗാഡ്ഗില്‍ റീപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ലഘുലേഖകള്‍, ജമ്മു കശ്മീരിലെ സര്‍ക്കാര്‍ നടപടികളെയും മാവോയിസ്റ്റുകള്‍ക്ക് എതിരെയുള്ള നടപടികളെയും സംബന്ധിച്ച നോട്ടീസുകള്‍ എന്നിവയാണ് താഹയില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതെന്നും ഗിരി ചൂണ്ടിക്കാട്ടി.
 
 
തുടര്‍ന്നാണ് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കൈവശം വെക്കുന്നത് കുറ്റകരമാണോയെന്ന് കോടതി എന്‍ഐഎ അഭിഭാഷകനോട് ആരാഞ്ഞത്. അതേസമയം ലഘുലേഖകള്‍ താഹ സ്വന്തമായി തയ്യാറാക്കിയതാണെന്ന് എന്‍ഐഎ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മാവോയിസ്റ്റ് സംഘടന അംഗങ്ങള്‍ക്ക് ഇടയില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ചില കുറിപ്പുകളും പ്രതികളില്‍ നിന്ന് കണ്ടെത്തിയതായി എന്‍ഐഎ അഭിഭാഷകന്‍ വ്യക്തമാക്കി.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക