Image

വൃത്തികേട് കാണിച്ച് പങ്കുപറ്റുന്ന പാര്‍ട്ടിയല്ല സിപിഎം: ഏത് സ്ഥാനത്തായാലും കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Published on 23 July, 2021
വൃത്തികേട് കാണിച്ച് പങ്കുപറ്റുന്ന പാര്‍ട്ടിയല്ല സിപിഎം: ഏത് സ്ഥാനത്തായാലും കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വൃത്തികേട് കാണിച്ച് അതിന്റെ പങ്കുപറ്റുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കരുവന്നൂര്‍ സഹകരണ ബാങ്ക് വലിയതോതില്‍ തെറ്റായ കാര്യമാണ് ചെയ്തിട്ടുള്ളത്. തെറ്റായ കാര്യങ്ങളെ കുറിച്ച് ഗൗരവമായി സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ഭരണസമിതി തന്നെ പിരിച്ചുവിട്ട് അന്വേഷണത്തിലേക്ക് പോകുന്നത്. ആ അന്വേഷണം നല്ല കൃത്യതയോടെ പ്രത്യേക സംഘത്തെ വെച്ച് നടത്തുകയാണ്. കുറ്റവാളികളും തെറ്റുചെയ്തവരും ആരായാലും ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കുന്ന നിലയല്ല സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് സഹകരണ മേഖല ജനം ഏറ്റവുമധികം വിശ്വാസമര്‍പ്പിച്ചിട്ടുള്ള മേഖലയാണ്. അതിനകത്ത് ഇതുപോലുള്ള അനുഭവങ്ങള്‍ വളരെ വിരളമാണ്. പ്രസ്ഥാനങ്ങള്‍ എന്ന നിലക്ക് തീരെ ഉണ്ടായിട്ടില്ല എന്ന് പറയാനാവില്ല. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം കര്‍ശന നടപടി ഉണ്ടായിട്ടുണ്ട്. സഹകരണമേഖലയുടെ വിശ്വാസം നിലനിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക