America

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

Published

on

കൈകളിലെ  മൈലാഞ്ചിച്ചുവപ്പിലേക്ക് കണ്ണുകൾ പായിച്ചുകൊണ്ടാണ്,   കല്യാണശേഷമുള്ള ആറാമത്തെ പുലരിയിലേക്ക് മെഹക് ഉണർന്നെഴുന്നേറ്റത്. തലയിണയിൽ മുഖംചേർത്ത് കമഴ്ന്നു കിടന്നുറങ്ങുന്ന ഹൈഷമിന്റെ കറുത്ത താടിരോമങ്ങളിൽ വിരലുകൾ കൊണ്ടു തഴുകി അവൾ കുസൃതികാട്ടി.  ആ കുസൃതികളെ ആസ്വദിച്ചു കൊണ്ട് അവൻ അലസമായൊരു ഉറക്കത്തിലേക്ക് വീണ്ടും ഊളിയിട്ടു.

സമയക്രമങ്ങളിലേക്ക് ആഴ്ന്നിറങ്ങാനായി,    നേരെ മുന്നിലുള്ള ചുമരിലേക്ക് യാന്ത്രികമായി നീണ്ട അവളുടെ മിഴികൾ ഞൊടിയിൽ  വലതുഭാഗത്തായുള്ള ചുമർക്ലോക്കിൽ സമയത്തെ തിരഞ്ഞുപിടിച്ചു. നാളിതുവരെയുള്ള ചര്യകൾക്ക് മാത്രമല്ല, ഓരോ വസ്തുക്കൾക്കും അവയുടെ ഘടനകൾക്കും ദിശയ്ക്കും വരെ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. റൂമിലെ സ്വിച്ചുകൾ പോലും പലപ്പോഴും അവളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരുന്നു. എല്ലാം പരിചിതമാവാൻ ഒരാഴ്ച്ചയാവുന്നതല്ലേയുള്ളൂ എന്നതിൽ അവൾ ആശ്വസിച്ചു.

മെട്രോ നഗരത്തിന്റെ പെട്ടിക്കൂട്   പോലുള്ള അപാർട്മെന്റിൽ ജനിച്ചു വളർന്ന മെഹക്കിന് , ഹൈഷമിന്റെ ഈ വലിയ വീടിന്റെയും, വിശാലമായ പറമ്പിന്റെയും  മുക്കും മൂലയുമൊക്കെ മനസ്സിലാക്കാൻ ഇനിയും നാളുകളേറെയെടുക്കും.

കുളിച്ചു ഫ്രഷായി അവൾ അടുക്കളയിലേക്ക് ചെല്ലുമ്പോൾ തന്നെ ഹൈഷമിന്റെ ഉമ്മ, താച്ചിമ്മയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടു.  ഇന്ന് പാകം ചെയ്യേണ്ട വിഭവങ്ങളെക്കുറിച്ച് ജോലിക്കാരിയായ ആമിനത്തായ്ക്ക് നിർദേശങ്ങൾ കൊടുക്കുന്നതാണ്. പഴയകാല തറവാട്ടുമഹിമയുടെ തലക്കനം പേറുന്ന താച്ചിമ്മയുടെ ശബ്ദത്തിനും അതേ ഗാംഭീര്യം.

"ഹൈഷം എണീച്ചില്ലല്ലോ ല്ലേ?" മെഹക്കിനെ കണ്ടപ്പോൾ കൃത്രിമമായ ചിരിയോടെ താച്ചിമ്മ ചോദിച്ചു.
"ഇല്ല " എന്ന അവളുടെ ഉത്തരം മുഴുവനാക്കും മുന്നേ "വൈകിട്ട് കുഞ്ഞാലിക്കാക്കാടെ വീട്ടില് വിരുന്ന്ന് വിളിച്ചിട്ട്ണ്ട് അങ്ങട് പോണം രണ്ടാളും " എന്ന് ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അവർ അടുക്കള വിട്ടു പോയി. പ്രണയവിവാഹം അംഗീകാരത്തിന്റെ ചട്ടക്കൂടിലെത്തുമ്പോള്‍ ഇങ്ങനെയുള്ള ഇഷ്ടക്കേടുകള്‍ അവള്‍ പ്രതീക്ഷിച്ചതു തന്നെയായിരുന്നു.

ആമിനാത്ത കൊടുത്ത ചൂടുചായയും കുടിച്ച് അവരോട് കുശലാന്വേഷണവും നടത്തി, അവൾ അടുക്കളപ്പുറത്തെ തൊടിയിലേക്കിറങ്ങി. 

പേരയും, മാവും, സപ്പോട്ടയും കൂടാതെ ഇതുവരെ അവള്‍ കണ്ടിട്ട് പോലുമില്ലാത്ത ഒത്തിരി മരങ്ങളുമുണ്ട് ആ പറമ്പു നിറയെ. 
അപാർട്മെന്റ് ബാൽക്കണിയിലെ സ്ഥിരക്കാഴ്ച്ചയായിരുന്ന നരച്ചവെയിൽ നിറഞ്ഞ ആകാശം,  ഇവിടെ കാണണമെങ്കില്‍ പറമ്പിനു വെളിയിൽപോയി നിൽക്കണം. തൊടിയിലെ മരങ്ങളുടെ ചോലകൾക്കിടയിലൂടെ കുളിരേകുന്ന ആകാശത്തുണ്ടുകൾ അവൾക്ക് നൽകുന്ന ആനന്ദം ചെറുതല്ല.
അറിയാവുന്നതും അല്ലാത്തതുമായ മരക്കൂട്ടങ്ങൾക്കിടയിലൂടെ അവൾ പേരറിയാക്കിളികളുടെ ചിലമ്പലും കാതോർത്തു നടന്നു.

വടക്കേത്തൊടിക്കരികിലായി കവുങ്ങിൻ ചോട്ടിലേക്ക് അടക്കകൾ പെറുക്കിയിടുന്ന കുഞ്ഞിക്കാളിയെ കണ്ടപ്പോൾ അവൾ അങ്ങോട്ടേക്ക് നടന്നു. പച്ചയിൽ മഞ്ഞപ്പൂക്കളുള്ള കള്ളിത്തുണിയും കരിനീലനിറമുള്ള ജമ്പറും തലയിൽ കെട്ടിവച്ച ചുവന്ന തോർത്തുമുണ്ടും, ഇന്നലെ വൈകിട്ട് കാണുമ്പോഴും അവർ അതേവേഷത്തിൽ തന്നെയായിരുന്നില്ലേ എന്നവൾ ശങ്കിച്ചു.

"മണവാട്ടിപ്പെണ്ണ് രാവിലന്നെ മുറ്റടിക്കാൻ എർങ്ങിയതാ? ന്നാലെ കാളി എല്ലാടോം അടിച്ചുതൂത്ത് ട്ടാ " വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ടുള്ള അവരുടെ ചോദ്യത്തിന് അവൾ മറുചിരി നൽകി.

 കരിയിലകളൊന്നുപോലുമില്ലാതെ  വൃത്തിയായ മുറ്റത്തെ ഈർക്കിൽപാടുകളിലേക്കും, ശേഷം  കുഞ്ഞിക്കാളിയുടെ വില്ലുപോലെ വളഞ്ഞ ശരീരത്തിലേക്കും  മെഹക് അതിശയത്തോടെ നോക്കി. കരുത്തുള്ള, കറുപ്പേറിയ അവരുടെ ചിരിയഴകിൽ അവൾ ഒരുപാട് വർണ്ണങ്ങൾ  കണ്ടു.

മുറ്റമടിക്കിടയിൽ പെറുക്കിയിട്ട അടക്കകളിൽ നിന്നും മൂന്നാലു പഴുക്കടക്കകൾ ഉടുമുണ്ടിന്റെ കോന്തലയിൽ തിരുകിക്കൊണ്ട് മെഹകിനോട് യാത്ര പറഞ്ഞ് അവർ നടന്നകന്നു.

കുഞ്ഞിക്കാളി പോയ ദിക്കിന് ഇടതു  ഭാഗത്തായുള്ള ചെറിയ വാഴത്തോപ്പുകൾക്കിടയിൽ അപ്പോൾ അവൾ ആളനക്കം കണ്ടു. വാഴത്തോപ്പിനരികിലായി മതില് കെട്ടിയൊതുക്കാത്ത, അതിര് മാത്രം തിരിച്ചുള്ള പാടവരമ്പു കൂടിയുണ്ടെന്നത് മെഹകിന് പുതിയ അറിവാണ്. പാടത്തിറങ്ങി നിൽക്കുന്ന പ്രായം ചെന്ന ഒരു വൃദ്ധനും, അയാളെ വരമ്പിൽ നിന്ന് ശ്രദ്ധയോടെ വീക്ഷിക്കുന്ന രണ്ടു മൂന്നുകുട്ടികളും.

"ഇത്താത്തു ഹൈഷമ്ക്കാ എണീച്ചില്ലേ?" കുട്ടിക്കൂട്ടത്തിൽ നിന്നുമുയർന്ന ചോദ്യക്കാരനെ പെട്ടെന്ന് തന്നെ മെഹകിന് മനസ്സിലായി. ഹൈഷമിന്റെ മാമയുടെ പേരക്കുട്ടിയാണ് 'അനീസ്' . ഇന്നലെ അവളുടെ മൊബൈൽ വാങ്ങി ഗെയിം കളിച്ചതും സെൽഫിയെടുത്തതുമെല്ലാം അവനായിരുന്നു.

"എണീച്ചില്ലടാ " എന്ന് അവന് മറുപടി കൊടുക്കുമ്പോളും അവളുടെ ശ്രദ്ധ ആ വയോധികനിലായിരുന്നു.

കുഞ്ഞിക്കാളിയെപ്പോലെ തന്നെ   കറുത്തുമെലിഞ്ഞ കാരിരുമ്പു പോലുള്ള ശരീരത്തിൽ ഞരമ്പുകൾ എഴുന്നു നിൽക്കുന്നു. നരച്ചു മുഷിഞ്ഞ മുണ്ടും തലയിലെ ചുറ്റിക്കെട്ടിയ തോർത്തും മാത്രമാണ് അയാളുടെ വേഷം. ചുണ്ടിലെരിയുന്ന ബീഡിക്കുറ്റിയിൽ നിന്നും പുകച്ചുരുളുകൾ ആ മുഖത്തേക്ക് പടർന്നപ്പോൾ അയാൾ ബീഡി ഒന്നൂടെ ആഞ്ഞുവലിച്ചു.

താഴെ ചേറിൽ കുത്തിനിറുത്തിയ മുള കൊണ്ടുള്ള കൂടപോലൊരു കുട്ടയിലേക്ക് അയാൾ കൈകടത്തുകയും എന്തോ തിരയുകയും ചെയ്യുന്നുണ്ട്. അയാളുടെ മുട്ടിനു താഴെഭാഗം മുഴുവൻ ആ ചെളിയിൽ പൂണ്ടുപോയിരുന്നു. പുല്ല് നിറഞ്ഞ ആ പാടം നിറയെ അത്ര ആഴത്തിൽ ചേറുനിറഞ്ഞതാണോയെന്ന് അവൾ ആശ്ചര്യപ്പെട്ടു.

"ഇത്താത്തു ഈനു മുമ്പ് ഒറ്റാലില് മീൻ പിടിക്കണ കണ്ടിട്ട് ണ്ടോ?" അവളുടെ മുഖത്തെ അതിശയം കണ്ടിട്ടാവണം അനീസിന്റെ ചോദ്യം.

"ഒറ്റാൽ?"
"ആ ദോ ആ  കൊട്ട പോൽത്തെ സാനം… മീനെ പിടിക്കണതാ..വരാലും, മൂഷിയും  ചെൽപ്പോ ആമേമൊക്കെ കാണും "

"ചെളിയിൽ മീനുണ്ടാവോ?"

"പിന്നേ.. എന്തോരം ണ്ടാവും ".  വൃദ്ധനായിരുന്നു അവളുടെ ചോദ്യത്തിന് മറുപടി കൊടുത്തത്. പതർച്ചയോടെയുള്ള ശബ്ദം.

"ഇത്താത്തുനറിയോ തേമ്പെലയനെ?. മൂപ്പര് ഈന്റെ എസ്‌പെര്ടല്ലേ "
അനീസിന്റെ പരിചയപ്പെടുത്തലിൽ  തേമ്പെലയൻ എന്ന വ്യത്യസ്തമായ പേരിൽ അവളുടെ ചിന്തകളുടക്കി നിന്നു.
"തേമ്പെലയൻ.. ഞാൻ ആദ്യമായിട്ടാ ഇങ്ങനൊരു പേര് കേൾക്കുന്നത്. പേരിൽ തേൻ ചുമന്നു നടക്കുക ഒരു രസല്ലേ?"

അങ്ങനെയൊരു വെളിപ്പെടുത്തലിൽ എല്ലാവരുടെയും ശ്രദ്ധ  തന്നിലേക്കായി എന്നതിൽ അവൾ കുറച്ചൊന്നു പരുങ്ങി. എന്തെങ്കിലും തെറ്റ്‌പറ്റിയോ എന്ന്.
"പേരില് തേൻ മാത്രേ മോള് കണ്ടുള്ളോ?" ചുണ്ടിലെയിരുന്ന ബീഡിക്കുറ്റി തുപ്പിക്കളഞ്ഞു കൊണ്ട് പുച്ഛഭാവം നിറഞ്ഞ ചോദ്യം. അവൾ ചോദ്യഭാവത്തിൽ നോട്ടം അനീസിലേക്ക് തിരിച്ചു.

" എവ്ടാ പുതുപ്പെണ്ണിന്റെ വീട്?"

"ബാംഗ്ലൂർ. ഉപ്പയുടേം ഉമ്മയുടേം നാട്  കൊച്ചിയിലാ. പക്ഷേ ഞങ്ങൾ വർഷങ്ങളായി ബാംഗ്ലൂർ സെറ്റിൽടാണ്."

"ഉം." എന്ന്  ഗൗരവത്തോടെ മൂളിക്കൊണ്ട്  ചെയ്യുന്ന പണിയിൽ അയാൾ മുഴുകിയിരുന്നു.

ഒറ്റാലിന്റെ ചെളിയിൽ പൂണ്ടുനിൽക്കുന്ന താഴ്ഭാഗത്ത് അപ്പോൾ ചെറുതായൊരു അനക്കമുണ്ടായി. മുളങ്കമ്പുകൾ കൊണ്ടുണ്ടാക്കിയ, കൂടയുടെ ആകൃതിയിലുള്ള ഒറ്റാലിന്റെ ഇരുവശവും തുറന്ന നിലയിലാണുള്ളത്. അതിന്റെ മുകളിലുള്ള വായ്ഭാഗത്തു കൂടി കൈയ്യിട്ട് , വളരെ വിദഗ്ദ്ധമായി അയാൾ കൈ പുറത്തേക്ക് വലിച്ചതും അതാ ബലിഷ്ഠമായ കൈക്കുള്ളിൽ വലിയ ഏതോ മീൻ കിടന്നു പിടയ്ക്കുന്നു.

"ആഹാ വരാല്... വരാല്.." കുട്ടികൾ കൈകൊട്ടി ആർത്തുവിളിച്ചു. അതുകണ്ട് മെഹകും അവരോടൊപ്പം കൂടി. മാജിക്കുകാരൻ മാന്ത്രികത്തൊപ്പിയിൽ നിന്നും മുയലുകളെ പുറത്തെടുക്കുന്നതുപോലെ ഒന്നിനുപുറകെ ഒന്നായി തേമ്പെലയൻ വരാലുകളെ ഒറ്റാലിൽ നിന്നും പുറത്തേക്കെടുത്ത്, അരികിൽ കരുതിയ പനയോല കൊണ്ടുണ്ടാക്കിയ കൂടയിലേക്കിട്ടു. ഇരുണ്ട തവിട്ടു നിറമുള്ള  നല്ല മുഴുത്ത മീനുകൾ ആ കൂടയിൽ കിടന്നു പിടയ്ക്കുന്നു. വാലിട്ടടിക്കുന്നു. ഇതെല്ലാം മെഹക്കിന് കൗതുകക്കാഴ്ച്ചകളാണ്.

ചെളിയിൽ പൂണ്ടിരിക്കുന്ന ഒറ്റാല് വളരെ ആയാസപ്പെട്ട് പൊക്കിയെടുത്ത് മറ്റൊരു ഭാഗത്തായി ആഴത്തിൽ കുത്തിനിർത്തുമ്പോൾ അയാളുടെ പ്രായത്തേയും പേശിബലത്തെയും  താരതമ്യം ചെയ്ത് അവൾ പരാജയപ്പെട്ടിരുന്നു.

സംശയങ്ങളുടെ വലിയ ആകാശമാണ് ആ കാഴ്ചകൾ അവൾക്കു മുന്നിൽ നിരത്തിയത്. ഒറ്റാലിനെക്കുറിച്ച്, ചേറിലുള്ള മീനുകളെക്കുറിച്ച്, കൃഷി ഇല്ലാത്ത പാടത്തെക്കുറിച്ച് അങ്ങനെ ഓരോന്നും ചോദ്യങ്ങളായി അവൾ തേമ്പെലയനു മുന്നിലേക്ക് ചൊരിഞ്ഞിട്ടു.

ചതുപ്പിനുള്ളിൽ പതിയിരിക്കുന്ന മീനുകളെ ഒറ്റാലിൽ അകപ്പെടുത്തുന്നതിനെക്കുറിച്ചും,  അത്‌ പഠിപ്പിച്ചു തന്ന പൂർവികരെക്കുറിച്ചും,  ഒക്കെ തേമ്പെലയൻ വാചാലനായപ്പോൾ അവളും കഥകൾ കേൾക്കുന്ന കൊച്ചുകുട്ടിയായി. 

 പണ്ട് ഒഴിയാതെ കൃഷി ഉണ്ടായിരുന്ന പാടമാണ് ഇപ്പോൾ ചേറു നിറഞ്ഞു പുല്ല് പിടിച്ചു നാശമായിരിക്കുന്നത്, എന്നത് അവളെ അതിശയിപ്പിച്ചു.

ഹൈഷമിന്റെ ഉപ്പൂപ്പാന്റെ അടിയാന്മാരായിരുന്ന തലമുറയിലെ അവസാനകണ്ണിയായ തേമ്പെലയന്റെ മകൻ; കണ്ണൻ ഇന്ന് വയനാട്ടിൽ ഫോറെസ്റ്റ് ഓഫീസറാണ് എന്നതിൽ ആ പിതാവ് ഒരുപാട് അഭിമാനം കൊള്ളുന്നുണ്ട് എന്നും മെഹക്കിന് മനസ്സിലായി. കണ്ണനെക്കുറിച്ച് പറയുമ്പോൾ അയാളുടെ കണ്ണിലെ കൃഷ്ണമണികൾ ഒറ്റാലിലെ മത്സ്യങ്ങളെപ്പോലെ പിടഞ്ഞുകൊണ്ടിരുന്നു. അന്നേരം 
അവളുടെ ചിന്തകൾ പട്ടണക്കാഴ്ച്ചകളുടേയും ഗ്രാമീണജീവിതത്തിലെയും വ്യത്യാസങ്ങളിലൂടെ മേഞ്ഞു നടക്കുകയായിരുന്നു.

വെയിൽച്ചീളുകൾ പാടവരമ്പ് ലക്ഷ്യമാക്കി ഇറങ്ങിത്തുടങ്ങിയതും അനീസും കൂട്ടരും  തേമ്പെലയൻ കൊടുത്ത മൂന്നാല് വരാലിനെയും കൊണ്ടു അവരവരുടെ വീടുകളിലേക്ക് ഓടിമറഞ്ഞിരുന്നു.

"വീട്ടില്ക്ക് രണ്ടു മൂന്നെണം തരാർന്നു. പശ്ശെങ്കി താച്ചിമ്മ് ക്ക് പിടിക്കൂല്ലല്ലോ " കൂടയിലെ ബാക്കിയുള്ള മീനുകളെ നോക്കിക്കൊണ്ട്  തേമ്പെലയൻ പറഞ്ഞതിന്റെ സാരം അവൾക്ക് ഗ്രഹിക്കാനായില്ല.

"കൊറച്ച്  തണ്ത്ത ബെള്ളം കിട്ടോ മോളേ. തൊണ്ട വരണ്ടേയ്?"

"ഇപ്പോ കൊണ്ടുവരാം ".
അവൾ അടുക്കളയിലേക്ക് ഓടിച്ചെന്നു ഒരു ചില്ലു ഗ്ലാസ്‌ തപ്പിപ്പിടിച്ചു  ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളവുമായി അയാൾക്കരികിലേക്ക് ചെന്നു. ഗ്ലാസിലേക്ക് അവൾ പകർന്നു കൊടുത്ത വെള്ളം  ചുണ്ടോടടുപ്പിക്കാതെ ഉയർത്തിപ്പിടിച്ച് അയാൾ വായിലേക്ക്  ധാരയായി ഒഴിച്ചു.  വെയിൽതുണ്ടുകൾ ആ ചില്ലുഗ്ലാസിൽ മഴവില്ല് തീർക്കുന്നത് അവൾ കൗതുകത്തോടെ നോക്കി നിന്നു. 
 
 'വൈകിട്ട് വരാല് മൊളകിട്ടതും മരച്ചീനി പുഴുങ്ങിയതും കൊണ്ടുത്തരാട്ടോ' എന്ന് വാക്ക്പറഞ്ഞു തേമ്പെലയൻ കൂടയും കൊണ്ടു വേച്ചു വേച്ചു നടന്നകലുന്നത് നോക്കിയവൾ നിന്നു.

 പെട്ടെന്ന്

"മെഹക്കേ...." എന്ന പിൻവിളി.
താച്ചിമ്മയാണ്.
അടുക്കളപ്പുറത്ത് നിന്നുള്ള ആ വിളിയിലും രൂക്ഷമായുള്ള നോട്ടത്തിലും മെഹകിന് പന്തികേട് തോന്നി. അവർക്ക് പുറകിലായി ഹൈഷമും ഉണ്ടായിരുന്നു.

"നീയ് ആ ഗ്ലാസെന്തിനാ അയാക്ക് വെള്ളം കുടിക്കാൻ കൊടുത്തെ?. അതിവിടെ വിരുന്നുകാർ വരുമ്പോ കൊടുക്കണ ഗ്ലാസല്ലേ?"

'ആ ഗ്ലാസ്സിൽ കൊടുത്താൽ എന്താ കുഴപ്പം?'എന്ന് ചോദിക്കാൻ തുനിഞ്ഞ അവളെ ഹൈഷം ഉമ്മയുടെ പുറകിൽ നിന്ന് ആംഗ്യം കൊണ്ട് വിലക്കി. ഒന്നും മനസ്സിലാകാതെ അവൾ മൗനം പൂണ്ടു നിന്നു.

"വെള്ളം കൊടുക്കണ്ടന്നല്ല. ദാഹിക്കുന്നോർക്ക് വെള്ളം കൊട്ക്കണം. പക്ഷേങ്കി യവർക്ക്  കൊട്ക്കാൻ ഇവ്ടെ വേറെ ഗ്ലാസ്‌ ണ്ട് ആമിനാനോട് ചോദിക്കാർന്നില്ലേ?"

"അത്‌ ആമിൻത്തയെ കണ്ടില്ല. അതാ.."

" മ്മ് ആ ഗ്ലാസ്‌ അവ്ടെ മാറ്റിവച്ചോളാ. ഇനി എടുക്കണ്ട. ഇനി അങ്ങനെ വര്മ്പോ  ആമിനാനോടോ എന്നോടൊ ചോയ്ച്ചിട്ട് മതി. "

മെഹക്കിന് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല. ഹൈഷം ഒരു പുഞ്ചിരിയോടെ അവളെ കണ്ണടച്ച് കാണിച്ചുകൊണ്ട് താച്ചിമ്മയ്‌ക്കൊപ്പം അകത്തേക്ക് പോയി.

അവൾ അടുക്കളയിൽ ചെന്ന് ആ ഗ്ലാസ്‌  മറിച്ചും തിരിച്ചും മണത്തും നോക്കി. ഒന്നും തന്നെ അവൾക്ക് കണ്ടെത്താനായില്ല. പാടത്തെ ചേറിന്റെ ഒരു തരിയെങ്കിലും അതിലുണ്ടോ എന്നവൾ സൂക്ഷിച്ചു നോക്കി. സോപ്പ് തേച്ച് നന്നായി കഴുകിയതിന് ശേഷം അവൾ വെളിച്ചത്തിലേക്ക് ഉയർത്തിപിടിച്ച് ആ  ചില്ലുഗ്ലാസിന്റെ സുതാര്യതയിലേക്ക് മിഴി നട്ടുനിന്നു. അതു കണ്ടുകൊണ്ടാണ് ആമിനാത്ത അകത്തേക്ക് കയറിവന്നത്.

"ഞാൻ അപ്രത്ത് തേങ്ങ പൊതിക്കണ് ണ്ടായല്ലോ മോക്ക് എന്നോട് ചോയ്ക്കാർന്നു. അങ്ങനെ വരുന്നോർക്ക് കൊടുക്കാൻ ദാ ആ ചായ്‌പ്പിൽ സ്റ്റീലിന്റെ ഗ്ലാസും, പാത്രവും വച്ചിട്ട്ണ്ട്. ഇനി ശ്രദ്ധിച്ചോളാ.. ഇല്ലേൽ താച്ചി ന്റെ മെക്കിട്ടാവും കേറുക."

"അതെന്താ അങ്ങനെ?"

"അതിപ്പ പണ്ടൊട്ടേ അങ്ങനെയല്ലേ. അവര്ടെ അപ്പൂപ്പന്മാർ തൊട്ടേ ഇവ്ട പൊറംപണിക്കാരല്ലേ.. ചോമ്മാര് മേജ്‌ജാതിക്കാര് പോലും അവരോട് അങ്ങനെയൊക്കെതന്നെല്ലേ. പിന്നെയാ നമ്മള്?"

"പക്ഷേ ഇപ്പോ കാലം മാറിയില്ലേ... ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ...?"

"ഏത് നൂറ്റാണ്ടായിട്ട് എന്താ കാര്യം. ജാത്യാലുള്ളത് തൂത്താപ്പോവോ?"

ആമിനാത്തയുടെ വാക്കുകൾ കേട്ട് അവൾ സ്തബ്ദയായി. പലതും അവൾക്ക് ദഹിക്കാൻ ഏറെ പ്രയാസമായിരുന്നു.

ജാത്യാലുള്ളത് പോകാൻ മറ്റെന്ത് വച്ച് തൂക്കണം എന്ന്  ആരോടെന്നില്ലാതെ ചോദിച്ചുകൊണ്ട് അവൾ വീണ്ടും കൈയ്യിലെ ഗ്ലാസ്സിലേക്ക് സൂക്ഷ്മ ദൃഷ്ടി പായിച്ചു. അപ്പോൾ അതിൽ എന്തോ നുളയ്ക്കുന്നതായി അവൾക്ക് തോന്നി.

 ഡിഷ്‌വാഷിംഗ് സോപ്പിന്റെ പരസ്യത്തിൽ കാണുന്ന കീടാണു പോലൊരു സൂക്ഷ്മാണു. തൊണ്ണൂറ്റിയൊന്പത് ശതമാനം കീടാണുക്കളും നശിച്ചതിന് ശേഷം ബാക്കി വരുന്ന  ഒരു ശതമാനം. അവ ഒരോ മിനിറ്റിലും വിഭജിക്കുന്നുണ്ടെന്ന് തോന്നി അവൾക്ക്.

അവളുടെ മനസ്സിൽ ആയിരമായിരം ചോദ്യങ്ങളും ഉത്തരങ്ങളും അതേ സൂക്ഷ്മാണുവിനോപ്പം  നുളച്ചുകൊണ്ടിരുന്നു.

ഹൈഷമിനോട് ഇതിനെക്കുറിച്ചു അവൾ സംസാരിക്കുകയും ചെയ്തു.
"എന്റെ പൊന്നുമോളെ, അവരൊക്കെ പഴയ ആൾക്കാരല്ലേ. അവരുടെ കാഴ്ചപ്പാടുകളൊന്നും അത്ര പെട്ടെന്ന് മാറില്ല. നമുക്ക് മാറ്റാനും പറ്റില്ല. നീയായിട്ട് അതിനൊന്നും മെനക്കെടണ്ട. നമ്മുടെ കല്യാണം തന്നെ ഒരുകണക്കിന് ഉമ്മായെ സമ്മതിപ്പിച്ചെടുത്തതാ. നീ എങ്ങനെയെങ്കിലും ഉമ്മാടെ മനസ്സിലൊന്ന് കേറിപ്പറ്റാൻ നോക്ക്. നമ്മള് ഇവിടെ സ്ഥിരമായിട്ട് നിക്കുന്നില്ലല്ലോ. കുറച്ചുനാള് കഴിഞ്ഞാൽ നമ്മള് ബാംഗ്ലൂർക്ക് പോവും. അപ്പോ വെറുതെ  വെറുപ്പ് സമ്പാദിക്കണോ?"

ഹൈഷമിന്റെ വാക്കുകൾ ആശ്ചര്യത്തോടെ കേട്ടു നിന്ന അവൾ മറുപടിയൊന്നും പറഞ്ഞില്ല. മനസ്സിൽ അന്നേരം കോളേജ് കാലഘട്ടത്തെ ആരാധനയോടെ നോക്കി നിന്ന ഹൈഷമായിരുന്നു. കോയമ്പത്തൂർ എഞ്ചിനീയറിംഗ് കോളേജിലെ ദളിത്‌ യുവാവിന്റെ മരണത്തിൽ പ്രതിഷേധിച്ച് മാനേജ്മെന്റിനെതിരെ ശബ്ദമുയർത്തിയ, മലയാളിയായ സഹപാഠിക്കും അവന്റെ കുടുംബത്തിനും വേണ്ടി പോരാടിയ  അവളുടെ സീനിയറായ ഹൈഷം. അന്ന് മുതൽ മനസ്സിലിടം നേടിയ ആരാധനാപാത്രത്തിൽ നിന്ന് ഇങ്ങനെയൊരു പ്രതികരണമല്ല അവൾ പ്രതീക്ഷിച്ചത്. മാറ്റമില്ലാതെ തുടരുന്ന വ്യവസ്ഥിതികൾക്ക് നേരെ ചോദ്യമുയർത്തിയ ആ യുവത്വം സ്വന്തം കുടുംബത്തിനു നേരെ വരിഞ്ഞു മുറുക്കിയ മൗനം പേറി നടക്കുന്നു.

ഇതേ ചിന്തകളുടെ വേലിയേറ്റങ്ങളോടെ തന്നെയാണ് വൈകിട്ട് ഒറ്റാലിനടുത്തെത്തിയ തേമ്പെലയന്റെയടുത്തേക്ക് മെഹക് ചെന്നത്. അവൾക്കായി വാഴയിലപ്പൊതിയുമായാണ് അയാൾ വന്നത്. മീൻകറിയിൽ മുങ്ങിച്ചുവന്ന ചൂടുകപ്പ വാട്ടിയ വാഴയിലയിൽ പൊതിഞ്ഞെടുത്തിരിക്കുന്നു. അതിന്റെ കൊതിപ്പിക്കുന്ന  മണത്തിന് മുന്നിൽ  ശരിതെറ്റുകളോ, അപരാധ ചിന്തകളോ തെല്ലും അവളെ അലട്ടിയിരുന്നില്ല.

അവിടെ നിന്ന് തന്നെ അവൾ വാഴയില തുറന്ന് കപ്പയും മീനും ആസ്വദിച്ചു കഴിക്കാൻ തുടങ്ങി. അത്യധികം സന്തോഷത്തോടെ അത്‌ നോക്കിനിന്ന തേമ്പെലയൻ ഒറ്റാലിൽ വീണ ഇരകൾക്കായി ചേറിലേക്കിറങ്ങി.

" എരിവ് ലേശം കൂടീയെങ്കിലും നല്ല രുചി. സൂപ്പർ സാധനം തന്നെ." കൈവിരലുകൾ നുണഞ്ഞുകൊണ്ടുള്ള അവളുടെ ആംഗ്യങ്ങളിൽ അയാൾ മനസ്സറിഞ്ഞു ചിരിച്ചു.

"അപ്പോളെ അപ്പൂപ്പാ ഞാൻ പോവുന്നുട്ടോ .. ഇന്ന് ഒരു വിരുന്നുണ്ട്. നാളെ കാണാം." മെഹകിന്റെ അപ്പൂപ്പ വിളിയിൽ   അതിശയംപൂണ്ടു തേമ്പെലയനും നിന്നു.

നാവിലെ എരിവ്കലർന്ന സ്നേഹരുചിയുടെ ആനന്ദത്തിൽ  ഓടി വന്ന മെഹക് പക്ഷെ അടുക്കളപ്പടിയിലെ കൂർത്ത നോട്ടം പിന്നീടാണ് കണ്ടത്. അവൾ ഒരടി പിന്നോട്ട് മാറിനിന്നു.

താച്ചിമ്മ!!
ആ കണ്ണുകളിലെ കോപത്തിന്റെ ആഴം ആർക്കും വായിച്ചെടുക്കാവുന്നതായിരുന്നു. അവർ കോപാധിക്യത്താൽ കൈയ്യിലിരുന്ന ചില്ലുഗ്ലാസ്സ്  മെഹകിന്റെ  എതിർവശത്തേക്കായി വലിച്ചെറിഞ്ഞു. അവിടെയുള്ള കല്ലിൽതട്ടി അത്‌ അനേകം ചില്ലുപാളികളായി പൊടിഞ്ഞുവീണു.

അപ്രതീക്ഷിതമായ ആ പ്രവർത്തിയിൽ മെഹക് ആകെ  അമ്പരന്നുപോയിരുന്നു . പാടവരമ്പിൽ നിന്ന് തന്നിലേക്ക് നീളുന്ന നരച്ച നോട്ടത്തെയോ അകത്തേക്ക് കയറിപ്പോയ താച്ചിമ്മ പെയ്തുകൂട്ടിയ ശകാരവർഷങ്ങളെയോ ഒന്നും അന്നേരം അവൾ ശ്രദ്ധിച്ചില്ല.

അവളുടെ ശ്രദ്ധ മുഴുവൻ താഴെ ഉടഞ്ഞുവീണ ഗ്ലാസ്സിലേക്കായിരുന്നു. അവൾ കഴുകി വൃത്തിയാക്കിയ അതേ ചില്ലുഗ്ലാസ്സ് തന്നെ.  ആ ചില്ലു കൂട്ടത്തിലെ ഓരോ  ചില്ലുകഷ്ണത്തിലും അന്നേരം അവൾ ഓരോ സൂക്ഷ്മാണുവിനെ കണ്ടു. അവ ഓരോന്നും വിഘടിച്ചു വിഘടിച്ചു, വീണ്ടും വിഘടിച്ചുകൊണ്ടേയിരുന്നു. ഒന്നല്ല, രണ്ടല്ല അവ അനേകായിരങ്ങളായി വിഘടിച്ച് ഒടുക്കം ഒരു ഒറ്റാലിന്റെ ആകൃതിയിൽ രൂപാന്തരം പ്രാപിച്ച് ആ മണ്ണിലേക്ക് ആഴ്ന്നിറങ്ങി അടിയുറച്ചു നിന്നു.
------------------------------------------

ബിനിത സെയ്ൻ

ആലുവ മുപത്തടം സ്വദേശിനി.
വായനയും എഴുത്തും ഇഷ്ടമാണ്.
 രണ്ട് മൂന്നു കഥകൾ ആനുകാലികങ്ങളിൽ വന്നിട്ടുണ്ട്.

Facebook Comments

Comments

 1. Sreekumar K

  2021-08-16 03:37:29

  മീൻ പെട്ടുപോകുന്ന ഒറ്റാൽ ഇമേജുകൾ പോലെ ഉടയുന്ന ഉടയുന്ന സ്പടികഗ്ലാസ്സ് അതിന്റെ അനേകം തുണ്ടുകളിലൂടെ മനുഷ്യരെല്ലാവരും ഒരു ആദിരൂപത്തിൽ നിന്നും പിരിഞ്ഞുണ്ടായവർ എന്നിങ്ങനെ പലതും ഈ കഥ നിശ്ശബ്ദമായി പറയുന്നു

 2. Ramji

  2021-07-24 14:02:56

  നന്നായിട്ടുണ്ട് 👍👍👍👍

 3. Sai Sankar

  2021-07-24 04:01:31

  കഥ വളരെ ഇഷ്ടപ്പെട്ടു. മനോഹരമായ ഭാഷ. ഹൃദയസ്പർശിയായ ഇതിവൃത്തം. - സായ് ശങ്കർ മുതുവറ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇരുട്ട് (കവിത : ജിത്തു ധർമ്മരാജ് )

കാത്തിരിപ്പ് (കവിത: ഇയാസ് ചുരല്‍മല)

പാമ്പും കോണിയും : നിർമ്മല - നോവൽ - 64

ജാലകചില്ല് (കവിത: സണ്ണി ചെറിയാന്‍, വെണ്ണിക്കുളം)

ജാലകചില്ല് (കവിത: സണ്ണി ചെറിയാൻ, വെണ്ണിക്കുളം)

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 14

സീതായനം (കഥ: സരിത സുനിൽ)

ഒരു പ്രണയം (ഇള പറഞ്ഞ കഥകൾ-7: ജിഷ.യു.സി)

പെങ്ങൾ (കഥ: പി. ടി. പൗലോസ്)

മരണം (കവിത-ബീന ബിനിൽ, തൃശൂർ)

ശബ്ദം ! (കവിത : മീര കൃഷ്ണൻകുട്ടി,ചെന്നൈ )

വെളിപാട് - കവിത: ജിത്തു ധർമ്മരാജ്

അതിജീവനത്തിന്റെ പ്രഥമരാത്രി: (കഥ, ചായു ആദൂർ)

പാഥേയം : (കഥ, മിനി സുരേഷ്)

രുചികള്‍ (കവിത: സന്ധ്യ എം)

Temple Tree (Prof. Sreedevi Krishnan)

കവിതയെ പ്രണയിച്ചവളുടെ ദർശനങ്ങൾ ( അഭിമുഖം: തയാറാക്കിയത്: ഡോ.അജയ് നാരായണൻ)

മാർഗ്ഗദർശി (കവിത: ബീന ബിനിൽ , തൃശൂർ)

ഒറ്റത്തിരിയിട്ട കല്‍വിളക്ക് (കഥ: സിനി രുദ്ര)

പുതുചിത്രങ്ങൾ (കഥ: പുഷ്പമ്മ ചാണ്ടി )

വെല്ലീറ്റ: (കഥ,അമ്പിളി എം)

മന്ന പൊഴിയുന്നത് എപ്പോൾ ? (കഥ: പെരുങ്കടവിള വിൻസൻറ്)

പട്ടട (കവിത: മാര്‍ഗരറ്റ് ജോസഫ്)

ചഷകം: (കഥ, ശ്രീരാജ് വി.എസ്)

മര്‍ഡര്‍ ഇന്‍ മാള്‍ട്ട (നീണ്ടകഥ -4: ജോസഫ് ഏബ്രഹാം)

ജന്നാത്തുൽ ഫിർദൗസ് (കഥ: നൈന മണ്ണഞ്ചേരി)

ഫ്‌ളൈറ്റ് 93 (ജി. പുത്തന്‍കുരിശ്)

പാമ്പും കോണിയും: നിർമ്മല - നോവൽ - 63

അതിശയം (കവിത: രേഖ ഷാജി)

എന്റെ ആത്മഹത്യാ കുറിപ്പ് (കഥ: അനശ്വര രാജൻ)

View More