Image

കോഴിക്കോട് ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തു, പക്ഷിപ്പനി ബാധയെന്ന് സംശയം

Published on 23 July, 2021
കോഴിക്കോട് ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തു, പക്ഷിപ്പനി ബാധയെന്ന് സംശയം
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ പക്ഷിപ്പനി ബാധയെന്ന് സംശയം. കാളങ്ങാലിയിലെ സ്വകാര്യ ഫാമില്‍ 300 കോഴികള്‍ കൂട്ടത്തോടെ ചത്തു. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം റീജിയണല്‍ ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പക്ഷിപ്പനിയാണെന്ന് കണ്ടെത്തി.

കൂടുതല്‍ വിദഗ്ധ പരിശോധനയ്ക്കായി സാമ്പിള്‍ ഭോപ്പാലിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം വരുന്നതുവരെവരെ രോഗം സ്ഥിരീകരിച്ച മേഖലയുടെ പത്ത് കിലോമീറ്റര്‍ പരിധി നിരീക്ഷണ വിധേയമാക്കിയതായി പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

ജില്ലാ കളക്ടര്‍ അടിയന്തര യോഗം വിളിച്ചു കാര്യങ്ങള്‍ വിലയിരുത്തി. കോഴികള്‍ കൂട്ടത്തോടെ ചത്ത സാഹചര്യത്തില്‍ കോഴി ഫാമുകള്‍ അടയ്ക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.

പക്ഷിപ്പനി സ്ഥിരീകരിച്ചാല്‍ രോഗം സ്ഥിരീകരിച്ച ഫാമിലെ കോഴികളെ മുഴുവന്‍ നശിപ്പിക്കേണ്ടി വന്നേക്കാം. രാജ്യത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം 11 വയസ്സുള്ള കുട്ടി ഡല്‍ഹിയില്‍ മരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക