Image

വാർത്തകൾ ഒറ്റനോട്ടത്തിൽ-വെള്ളിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് തോമസ് Published on 23 July, 2021
വാർത്തകൾ ഒറ്റനോട്ടത്തിൽ-വെള്ളിയാഴ്ച (ജോബിന്‍സ്)
ലോകത്തെ കായികവിസ്മയങ്ങളുടെ ആനന്ദലഹരിയിലാറാടിക്കുന്ന ഒളിംപിംക്‌സിന് തുടക്കമാകുന്നു. ടോക്കിയോയില്‍ 32-ാമത് ഓളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. ആകാശത്ത് വര്‍ണ്ണ വിസ്മയം ഒരുക്കിയ കരിമരുന്ന് പ്രയോഗത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഇതിനു പിന്നാലെ കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റും ആരംഭിച്ചു. മാര്‍ച്ച് പാസ്റ്റില്‍ 21-ാമതായിരുന്നു ഇന്ത്യന്‍ ടീം. മന്‍പ്രീത് സിങും മേരി കോമുമാണ് ഇന്ത്യയ്ക്കായി പതാകയേന്തിയത്. ജപ്പാന്‍ ചക്രവര്‍ത്തിയടക്കം ആയിരം വിഐപികളാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത്.
************************************
കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,28,489 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.10 ആണ്.
ഇന്ന് 13.63 ആണ് ടിപിആര്‍. 11 ജില്ലകളില്‍ പത്തിന് മുകളിലാണ് ടിപിആര്‍.  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 
************************************
കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇരിങ്ങാലക്കുട കോടതിയിലാണ് 625 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ 22 പ്രതികളാണുള്ളത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും മകനും ഉള്‍പ്പെടെ 19 ബിജെപി നേതാക്കള്‍ സാക്ഷികളാണ്. കവര്‍ച്ച നടന്നത് കള്ളപ്പണമാണെന്നും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി വന്നതാണെന്നും ഇതിന്റെ ഉറവിടെ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും അന്വേഷണം തുടരുമെന്നും കുറ്റപത്രത്തില്‍ പറയുന്നു. 
************************************
കഴിഞ്ഞ ദിവസം ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ സുഹൃത്ത് ജിജുവിനെ വൈറ്റിലയുടെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അനന്യയും ജിജുവും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. ജിജു ഭക്ഷണം വാങ്ങാന്‍ പോയ സമയത്തായിരുന്നു അനന്യയുടെ ആത്മഹത്യ . ഇതിനുശേഷം ജിജു കടുത്ത മാനസീക സമ്മര്‍ദ്ദത്തിലായിരുന്നു. 
***************************************
ആരാധനാലയങ്ങള്‍ക്കുവേണ്ടി ദേശീയപാതയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ഹൈക്കോടതി. ആര്‍ക്കും പ്രയാസമുണ്ടാകാതെ വികസനപദ്ധതി സാധ്യമാകില്ലെന്ന് പറഞ്ഞ കോടതി. വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാല്‍ അത് ദൈവം ക്ഷമിച്ചോളുമെന്നും കോടതി പറഞ്ഞു. 
***************************
സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.തുള്ളി പോലും പാഴാക്കാതെ കിട്ടിയ ഡോസിനെക്കാളും അധികം ഡോസ് വാക്സിനെടുക്കുന്ന സംസ്ഥാനമാണ് കേരളം എന്നു മന്ത്രി പറഞ്ഞു.
******************************
കേരളത്തിലും പക്ഷിപ്പനിയുടെ സൂചനകള്‍. കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ ഒരു കോഴിഫാമിലെ 300 കോഴികള്‍ ചത്തു. കൂരാച്ചുണ്ട് കാളങ്ങാലിയിയിലെ സ്വകാര്യ കോഴിഫാമിലാണ് സംഭവം. ഇവയുടെ സാംപിളുകള്‍ തിരുവനന്തപുരം ആലപ്പുഴ എന്നിവിടങ്ങളിലെ ലാബുകളിലേയ്ക്ക് അയച്ചിരുന്നു. ഇതില്‍ ഒരു ലാബില്‍ നിന്നും പോസിറ്റീവാണെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി സാംപിളുകള്‍ ഭോപ്പാലിലെ ലാബിലേയ്ക്കയച്ചിരിക്കുകയാണ്. 
*******************************************
ഇസ്രായേല്‍ ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തല്‍ നടന്നെന്ന വിവാദം ഇന്ത്യയില്‍ കത്തിനില്‍ക്കെ ഫോണ്‍ ചോര്‍ത്തല്‍ നടന്നതായി സ്ഥിരീകരിച്ച് ഫോറന്‍സിക് പരിശാധനാ ഫലം. ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ട ദി വയര്‍ തന്നെയാണ് ഇക്കാര്യവും പുറത്തു വിട്ടത്. ചോര്‍ത്തപ്പെട്ടതായി സംശയിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള പത്ത് ഫോണുകളാണ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. 
എന്നാല്‍ ഈ ഫോണുകള്‍ ആരുടേതാണന്നോ ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങളോ പത്രം പുറത്തുവിട്ടിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക