Image

കാനഡയില്‍ ഇസ്ലാമോഫോബിയ വര്‍ദ്ധിക്കുന്നെന്ന് പ്രധാനമന്ത്രി ട്രൂഡോ

Published on 23 July, 2021
കാനഡയില്‍ ഇസ്ലാമോഫോബിയ വര്‍ദ്ധിക്കുന്നെന്ന് പ്രധാനമന്ത്രി ട്രൂഡോ
ഒട്ടവ: രാഷ്ട്രീയ നേട്ടം ലക്ഷ്യംവച്ച് ജനങ്ങളെ വിഭജിക്കുന്ന പ്രവണതയുടെ ഫലമായി കാനഡയില്‍ ഇസ്ലാമോഫോബിയ വര്‍ദ്ധിക്കുന്നെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ  അഭിപ്രായപ്പെട്ടു. കാനഡയില്‍ അടുത്തിടെയായി മുസ്ലിം മതവിഭാഗത്തിന് നേര്‍ക്കുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രൂഡോയുടെ പ്രതികരണം.

രാഷ്ട്രീയക്കാര്‍ വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വിത്തുവിതയ്ക്കുമ്പോള്‍, ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ എന്ന നിലയില്‍ അതിനെ ചെറുക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. കനേഡിയന്‍ സര്‍ക്കാര്‍ ഇസ്ലാമിയോഫോബിയയെക്കുറിച്ച്  വ്യാഴാഴ്ച ഒരു ദേശീയ ഉച്ചകോടിക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ജൂണ്‍ മാസം ലണ്ടനില്‍ (ഒന്റാറിയോ) മുസ്ലിം വിദ്വേഷത്തിന്റെ ഭാഗമായി നടന്ന അതിക്രമത്തില്‍ നാലംഗ കുടുംബം കൊല്ലപ്പെട്ടതുള്‍പ്പെടെയുള്ള വിഷയം ഗൗരവത്തോടെ കണ്ട്, കനേഡിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ആരും എതിര്‍ക്കാതെ പൂര്‍ണമായും ഉച്ചകോടിക്ക് അനുകൂലമായി  വോട്ട് രേഖപ്പെടുത്തി.

 അടുത്തിടെ, ക്യുബെക്ക് പ്രൊവിന്‍ഷ്യല്‍ ഗവണ്മെന്റ് ഹിജാബ് പോലെ മതം പ്രകടമാകുന്നവ അദ്ധ്യാപകര്‍, പോലീസ് ഓഫീസര്‍മാര്‍ എന്നിങ്ങനെ പൊതു മേഖലയില്‍ ജോലി ചെയ്യുന്നവര്‍  ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ക്യുബെക്ക് ബില്ലിനോടുള്ള വിയോജിപ്പും ട്രൂഡോ തുറന്നു പറഞ്ഞു. അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമെന്ന തരത്തിലാണ് പ്രധാനമന്ത്രി അതിനെ കാണുന്നത്. ജനങ്ങള്‍ക്ക് അതൃപ്തി തോന്നിയാല്‍ ഏത് നിയമവും ചോദ്യം ചെയ്യാമെന്നും കോടതിയെ സമീപിച്ച് അവകാശങ്ങള്‍ നേടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക