Image

മുംബെയിലെ പ്രവാസം; എഴുത്തിലെ സൗന്ദര്യം (ഇ-മലയാളി അവാര്‍ഡ്-പോപ്പുലര്‍ റൈറ്റര്‍)

Published on 08 March, 2020
മുംബെയിലെ പ്രവാസം; എഴുത്തിലെ സൗന്ദര്യം (ഇ-മലയാളി അവാര്‍ഡ്-പോപ്പുലര്‍ റൈറ്റര്‍)
ഇ-മലയാളിയുടെ ജനകീയ എഴുത്തുകാരി ആയി തെരെഞ്ഞെടുക്കപ്പെട്ട ജ്യോതിലക്ഷ്മി നമ്പ്യാര്‍,ത്രിശൂര്‍ ജില്ലയിലെ തയ്യൂര്‍ ഗ്രാമത്തില്‍ ശ്രീ നാരായണന്‍നമ്പ്യാരുടെയും, സരസ്വതി നങ്ങ്യാരുടെയും മകളായി ജനിച്ചു.കേരളത്തില്‍ നിന്നും ബിരുദം നേടി. മുംബൈയില്‍ വന്നു ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. മുംബൈയില്‍ ജോലി. കുടുംബമായി മുംബൈയില്‍ സ്ഥിരതാമസം. കലയും സംഗീതവും ഇഷ്ടമുള്ള അച്ഛനമ്മമാരുടെ പ്രത്സാഹനം എന്നുംകരുത്തായി.

വിവാഹ ശേഷം ഭര്‍ത്താവിന്റെയും, അദ്ദേഹത്തിന്റെ അമ്മയുടെയും സഹോദരിയുടെയും പ്രോത്സാഹനം,മകളുടെ ജിജ്ഞാസ എന്നിവ എന്റെ എഴുത്തിന്റെ ലോകത്ത് വളരെ വിലമതിയ്ക്കുന്നതാണ്.

1. അവാര്‍ഡ് ജേതാവിനു അഭിനന്ദനം. ഇ-മലയാളിയുടെ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നോ? അവാര്‍ഡ് നിങ്ങള്‍ക്ക് ലഭിച്ചുവെന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായ വികാരം.

അമേരിക്കയില്‍ നിന്നും, കേരളത്തില്‍ നിന്നും എന്നുവേണ്ട ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുംനിപുണരായ എഴുത്തുകാര്‍ സ്വന്തമായുള്ള ഇ-മലയാളിയും അതിലെവായനക്കാരും എന്റെ രചനകള്‍ പ്രിയപ്പെട്ടതായി തിരഞ്ഞെടുത്തുഎന്നത്തികച്ചും അപ്രതീക്ഷിതം തന്നെ.ജനപ്രിയ എഴുത്തുകാരി എന്ന അംഗീകാരത്തെ കുറിച്ച് അറിഞ്ഞപ്പോള്‍എന്തെന്നില്ലാത്ത സന്തോഷവും, അഭിമാനവും, അതെ സമയം ഇ-മലയാളിയോടും ഓരോ വായനക്കാരോടുംകൃതജ്ഞതയും തോന്നി.

2. ഇ-മലയാളി പതിവായി വായിക്കുന്നുണ്ടാകുമല്ലോ? ഇ-മലയാളിയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ.

സമയം കിട്ടുമ്പോഴൊക്കെ ഞാനും അതിന്റെ ഒരു ഭാഗമാണെന്ന അഭിമാനത്തോടെ ഇ-മലയാളി വായിയ്ക്കാറുണ്ട്.

ഇ-മലയാളിയെ കൂടുതല്‍മെച്ചപ്പെടുത്തണമെന്നു പറയുമ്പോള്‍ വളരെ ചെറുതും എന്നാല്‍ ഗൗരവവുമുള്ള ഒരു കാര്യമാണ് ഓര്‍മ്മയില്‍ വരുന്നത്.ഇ-മലയാളിയില്‍ പ്രസിദ്ധീകരിച്ച് വരുന്ന രചനകള്‍ പല വാട്ട്‌സ് ആപ്പ് ഗ്രുപ്പുകളിലും കുട്ടുകാര്‍ക്കിടയിലും അയച്ചുകൊടുക്കക്കുമ്പോള്‍ അവര്‍ ചുണ്ടികാണിയ്ക്കാറുള്ള ഒന്ന് അക്ഷരപിശകുകള്‍ (പലയിടത്തും അര്‍ത്ഥവ്യത്യാസം പോലുംവരുന്ന വിധത്തില്‍ ഉണ്ടെന്നുള്ളതാണ്.ഇത് ഒരുപക്ഷെ ഓണ്‍ലൈനില്‍ തിരക്ക് പിടിച്ച്ടൈപ്പ് ചെയ്യുന്ന, അല്ലെങ്കില്‍ സ്വന്തം ആശയമായതിനാല്‍ തിരിച്ചറിയാന്‍ കഴിയാത്ത എഴുത്തുകാരനില്‍ നിന്നും തന്നെ ഉണ്ടാകുന്ന അക്ഷരതെറ്റായിരിയ്ക്കാം.എന്തായിരുന്നാലും ഒരു കൃതി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഗൗരവമുള്ള അക്ഷരതെറ്റുകള്‍ തിരുത്താന്‍ കഴിയുമെങ്കില്‍ അത് നന്നായിരിയ്ക്കും.

മറ്റൊന്ന് മതപരമായതും രാഷ്ട്രീയപരമായതുമായ രചനകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായി(ഒരുപക്ഷെ വായനക്കാരുടെ പ്രതികരണം കൂടുതല്‍ അത്തരത്തിലുള്ള രചനകള്‍ക്കായതിനാകാം) ഒരു പ്രവണത കാണാറുണ്ട്. ഇതില്‍ ഒരല്പം മാറ്റം വരുത്തി സാഹിത്യത്തിന് പ്രാധാന്യം നല്‍കുകയാണെങ്കില്‍ ഇ-മലയാളിയുടെ നിലവാരം ഒന്നും കുടിമെച്ചപ്പെടുത്താന്‍ കഴിയുമെന്ന് തോന്നാറുണ്ട്.

അതുപോലെ എന്നെ പോലുള്ള പുതിയ എഴുത്തുകാര്‍ക്ക് മലയാളത്തിലെ പ്രശസ്തരായ പഴയതും പുതിയതുമായ എഴുത്തുകാരെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. അവര്‍ക്കുവേണ്ടി ആഴ്ചയിലൊരിയ്ക്കലെങ്കിലും അത്തരം എഴുത്തുകാരെ കുറിച്ചോ അവരുടെ കൃതികളെ കുറിച്ചോ അല്ലെങ്കില്‍ മലയാള ഭാഷയെക്കുറിച്ച്ഭാഷ പരിജ്ഞാനം, ഒരു ലഘു വിവരണം,എന്നിവ കൊടുത്താല്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കും, ഇ-മലയാളിയുടെ വളര്‍ച്ചയ്ക്കും ഉപകരിയ്ക്കുമെന്ന ഒരു അഭിപ്രായമുണ്ട്

3. അമേരിക്കന്‍ മലയാളസാഹിത്യത്തെ എങ്ങനെ വിലയിരുത്തുന്നു. നിങ്ങളുടെ രചനകള്‍ അമേരിക്കന്‍ മലയാളസാഹിത്യത്തിന്റെ വളര്‍ച്ചയെഎങ്ങനെ സഹായിക്കും.

മലയാള സാഹിത്യത്തെ അല്ലെങ്കില്‍ അതിന്റെ വളര്‍ച്ചയ്ക്ക് നിസ്വാര്‍ത്ഥമായി പ്രോത്സാഹിപ്പിയ്ക്കുന്ന ഇ-മലയാളിപോലുള്ള ഭാഷാ സ്‌നേഹികളില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. മലയാളത്തിന്റെ മടിത്തട്ടാകുന്ന കേരളത്തില്‍ സാഹിത്യത്തെ വെറും കച്ചവടമാക്കി കൊണ്ടിരിയ്ക്കുമ്പോള്‍അമേരിക്കന്‍ മലയാളികള്‍ മലയാള ഭാഷക്കായി ചെയ്യുന്ന സേവനങ്ങള്‍ പ്രശംസനീയം. ഫോമാ, ഫൊക്കാന പോലുള്ള അമേരിക്കന്‍സംഘടനകള്‍അമേരിക്കന്‍ മലയാളികളുടെ സാഹിത്യ പരിശ്രമങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് നന്നായിരിക്കും. ഇ-മലയാളി അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ ഇളക്കിമാറ്റാന്‍ കഴിയാത്ത ഘടകമായിരിയ്ക്കേ ഇതിലെ ഓരോ എഴുത്തുകാരുടെ രചനകളും അമേരിക്കന്‍ മലയാള സാഹിത്യത്തിലേക്കുള്ള സംഭാവന തന്നെയാണ്.

4. ഒരു എഴുത്തുകാരനാകുക എന്നത് നിങ്ങളുടെ ബാല്യകാല സ്വപ്നമായിരുന്നോ? ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നു നിങ്ങള്‍ വിശ്വസിക്കുന്നോ? ഇ-മലയാളിയുടെ താളുകള്‍ അതിനു നിങ്ങള്‍ക്ക് സഹായകമായോ? അറിയപ്പെടുന്ന ഒരെഴുത്തുകാരന്‍ എന്നതാണോ നിങ്ങളുടെ സ്വപ്നം? എന്തുകൊണ്ട് നിങ്ങള്‍ എഴുതുന്നു?

ബാല്യകാലത്ത് സംഗീതവും, നൃത്തവും, ചിത്രരചനയും ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ ആമേഖലയില്‍ മികവ് കാട്ടാന്‍അവസരം ലഭിച്ചിരുന്നെങ്കില്‍ എന്നായിരുന്നു സ്വപ്നം കണ്ടത്. എന്തൊക്കെയോ എഴുതാന്‍ കഴിയുമെന്ന തിരിച്ചറിവ് ലഭിച്ചപ്പോള്‍ പൂര്‍ണ്ണത കൈവരിച്ച ഒരു എഴുത്തുകാരിയാകണം എന്ന ഒരു സ്വപ്നം ഇനിയും എന്നിലുണ്ട്. തീര്‍ച്ചയായും അങ്ങിനെ ഒരു സ്വപ്നം എന്നില്‍ ഉണ്ടാകാന്‍ അവസരം തന്നത്മുബൈയില്‍ നിന്നിറങ്ങുന്ന അച്ചടി മാധ്യമങ്ങളും ഇ മലയാളി പോലുള്ള ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുമാണ്. പുതിയ എഴുത്തുകാരുടെ രചനകളെ കൂടുതല്‍ വിലയിരുത്താതെ അവര്‍ക്ക് എഴുതാന്‍ അവസരം നല്‍കുന്ന ഇ-മലയാളിയോട്തീരാത്ത കൃതജ്ഞതയുണ്ട്. എന്തുകൊണ്ട് എഴുതുന്നു എന്നതിന്, പണ്ടും എന്തെങ്കിലുമൊക്കെ എഴുതുമായിരുന്നു. പക്ഷെ ഇ-മലയാളിയില്‍ എഴുതുവാന്‍ അവസരം ലഭിച്ചതോടെ അതിലൂടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയാന്‍ കഴിഞ്ഞതോടെ കൂടുതല്‍ എഴുതണമെന്ന ഒരു പ്രോത്സാഹനം ലഭിയ്ക്കുന്നതായി തോന്നി

5. എഴുത്തുകാര്‍ക്ക് അവാര്‍ഡ്/അംഗീകാരം കൊടുക്കുന്നതിനെ അമേരിക്കന്‍ മലയാളികള്‍ എതിര്‍ക്കുകയോ, പരിഹസിക്കുകയോ ചെയ്യുന്നുണ്ടല്ലോ? അതേക്കുറിച്ച് എന്ത് പറയുന്നു? പ്രസ്തുത മനോഭാവമുള്ള ഒരു സമൂഹത്തില്‍ ഇത്തരം അംഗീകാരങ്ങള്‍ നിരസിക്കണമെന്നു തോന്നിയിട്ടുണ്ടോ?

ബഹുജനം പലവിധം. അവാര്‍ഡ് സംരംഭം എന്നല്ല സമൂഹത്തെയും വ്യക്തികളെയും പരിഹസിയ്ക്കും/വിമര്‍ശിയ്ക്കും എന്നത് ആളുകളുടെ സ്വഭാവമാണ്. ഈ ജനങ്ങളാണ് ഇവിടെ സമൂഹം. ഏതൊരു കാര്യത്തിനും അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ സമൂഹത്തില്‍ ഉണ്ടായിരിയ്ക്കും. അതിനാല്‍ രചനകളെ വിലയിരുത്തി നല്‍കുന്ന അംഗീകാരം എഴുത്തുകാരനെ സംബന്ധിച്ച് അതൊരു വലിയ പ്രോത്സാഹനമാണ്. തീര്‍ച്ചയായും ഈ പ്രോത്സാഹനം വിലമതിയ്ക്കുന്നതാണ്.

6.ഒരെഴുത്തുകാകാരിയാകണമെന്ന് സ്വയം തോന്നിയതെപ്പോള്‍? ആദ്യത്തെ രചന എപ്പോള്‍ നടത്തി, എവിടെ പ്രസിദ്ധീകരിച്ചു ?

എഴുത്തുകാരി എന്ന് ഇപ്പോഴും തോന്നിയിട്ടില്ല. ഇങ്ങനെ ഒരു അംഗീകാരം കിട്ടിയപ്പോള്‍ ഒരു എഴുത്തുകാരി ആകണം എന്ന ഒരു സ്വപ്നവും പ്രോത്സാഹനവും ലഭിച്ചു. കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് മലയാള മനോരമയില്‍ 'എന്റെ ഗ്രാമം' എന്ന വായനക്കാര്‍ക്കുള്ള ഒരു പംക്തിയില്‍ നേരം പോക്കിനായിതയ്യൂര്‍ ഗ്രാമത്തെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ എഴുതി അയച്ചു. അത് വെളിച്ചം കാണും എന്ന പ്രതീക്ഷയിലല്ലായിരുന്നു എഴുതിയത്. എന്നാല്‍ അത് മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച് വന്നു. ഇതായിരുന്നു എഴുത്തിന്റെ ലോകത്തെ എന്റെ ആദ്യാക്ഷരം

7. നിങ്ങള്‍ക്കിഷ്ടമുള്ള സാഹിത്യകൃതി? ഏതു എഴുത്തുകാരന്‍? നിങ്ങളുടെ അഭിപ്രായത്തില്‍ അമേരിക്കന്‍ മലയാളസാഹിത്യം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ പുരോഗതി എവിടെ എത്തിനില്‍ക്കുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ ആരുടെ രചനയൊക്കെ നിങ്ങള്‍ വായിച്ചിട്ടുണ്ട്. അവയില്‍ നിങ്ങള്‍ക്കിഷ്ടമായവ. ഒരു ദിവസത്തെ ആയുസ്സില്‍ അവയെല്ലാം വിസ്മരിക്കപ്പെട്ടുപോകാതെ എങ്ങനെ അവയെ അമേരിക്കന്‍ മലയാള സാഹിത്യ ഭണ്ടാരത്തില്‍ സൂക്ഷിക്കാം.

ഈ അടുത്ത കാലത്ത് വായിച്ച ശ്രീ. മുസഫര്‍ അഹമ്മദ് എഴുതിയ മരുഭൂമിയുടെ ആത്മകഥ' ഇഷ്ടപ്പെട്ടു.

ഇ-മലയാളിയില്‍ എഴുതാന്‍ തുടങ്ങിയത് മുതലാണ് ഞാന്‍ അമേരിയ്ക്കന്‍ മലയാള സാഹിത്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍ തുടങ്ങിയത്. ഓണ്‍ലൈന്‍ ലോകത്ത് അമേരിക്കന്‍ മലയാള സാഹിത്യം പ്രവാസി മലയാള സാഹിത്യം എന്നിങ്ങനെ വേര്‍തിരിവിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. രചനകള്‍ എന്നുദ്ദേശിയ്ക്കുന്നത് കഥ, കവിത ലേഖനങ്ങള്‍ എന്നിവയാണെങ്കില്‍ ഒരുവിധം എല്ലാവരുടെയും വായിയ്ക്കാറുണ്ട്. അവയില്‍ ശ്രീ ജോസഫ് പടന്നമാക്കല്‍ എഴുതുന്ന ഓരോ ലേഖനങ്ങളും എന്നും എനിയ്ക്ക് പ്രിയമുള്ളതായി തോന്നാറുണ്ട്. എന്നാല്‍ പുസ്തകമാണ് ഉദ്ദേശിച്ചതെങ്കില്‍ ശ്രീമതി സരോജ വര്‍ഗ്ഗീസ്, ജോണ്‍ വേറ്റം, സുധീര്‍ പണിയ്ക്കവീട്ടില്‍, വാസുദേവ് പുളിക്കല്‍ എന്നിവരുടെ കൃതികള്‍ വായിയ്ക്കുവാനും ആസ്വാദനങ്ങള്‍/നിരൂപണങ്ങള്‍ എഴുതുവാനുമുള്ള അവസരം ലഭ്യമായിട്ടുണ്ട്. ശ്രീമതി സരോജ വര്‍ഗീസിന്റെ''പ്രിയ ജോ നിനക്കായ് ഈ വരികള്‍ ' എന്ന ഓര്‍മ്മക്കുറിപ്പുകള്‍ വളരെയധികം എന്റെ മനസ്സിനെസ്വാധീനിച്ചു എന്ന് തന്നെ പറയാം. ഓരോ എഴുത്തുകാരും അവരുടെ രചനകള്‍ ഒരു പുസ്തകരൂപത്തില്‍ അമേരിക്കന്‍ മലയാള സാഹിത്യത്തിന്നല്‍കുകയാണെങ്കില്‍ അത്എന്നന്നേക്കുമായി ആരിലെങ്കിലും ജീവിയ്ക്കും എന്നാണു തോന്നുന്നത്

8.നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരന്‍. എന്തുകൊണ്ട് ആ സ്വാധീനംനിങ്ങളില്‍ ഉണ്ടായി. ഇപ്പോള്‍ ആ സ്വാധീനത്തില്‍ നിന്നും മുക്തനായി സ്വതന്ത്രമായി ഒരു ശൈലി രൂപപ്പെടുത്തിയെടുത്തുവെന്ന് കരുതുന്നുണ്ടോ.

പലരുടെയും രചനകള്‍ വായിയ്ക്കാറുണ്ട്. അതില്‍ നല്ലതെന്നു തോന്നുന്നവ മനസ്സിലാക്കാറുണ്ട്. അല്ലാതെ എന്റെ എഴുത്തില്‍ ആരുടേയും ശൈലി സ്വാധീനിച്ചിട്ടില്ല. ഇനി ഞാന്‍ ആരുടെയും രചനകള്‍ വായിച്ച് അതുപോലെ എഴുതാന്‍ ശ്രമിച്ചാലും അതില്‍ ഞാന്‍ പരാജയപ്പെടും. എനിയ്ക്ക് എന്റേതായ ശൈലിയില്‍ എഴുതുമ്പോഴാണ് ആശയങ്ങളെ കൂടുതല്‍ പുറത്തെടുക്കാന്‍ കഴിയാറുള്ളതും കൂടുതല്‍ സൗകര്യമായി തോന്നാറുള്ളതും

9. നിങ്ങളുടെ രചനകളെക്കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ടോ?അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.

രചനകളെ കുറിച്ചുള്ള വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിയ്ക്കാറുണ്ട്. ഇ-മലയാളിയില്‍ എഴുതുവാനുള്ള പ്രേരണ ഒരുപക്ഷെ അതുതന്നെയാണെന്നു പറയാം. തീര്‍ച്ചയായും നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ട്. അഭിനന്ദനങ്ങളെക്കാള്‍ ക്രിയാത്മകമായവിമര്‍ശനങ്ങള്‍ക്ക് എന്റെ കഴിവിനെ പരിപോഷിയ്ക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു.. ഇമലയാളിയിലെ അമേരിക്കന്‍ മൊല്ലാക്കയുടെ ഫലിതം നിറഞ്ഞ അഭിപ്രായങ്ങളും, ശ്രീ ആന്‍ഡ്രസ്സിന്റെ നിശിതമായ വിമര്‍ശനങ്ങളും വിദ്യാധരന്റെ വിജ്ഞാനം പകരുന്ന നിര്‍ദേശങ്ങളും ആസ്വദിക്കാറുണ്ട്. ജാതിയെയും മതത്തെയും രാഷ്ട്രീയത്തെയും കുറിച്ച് എന്തെങ്കിലുംഎഴുതുമ്പോള്‍ വരുന്ന അഭിപ്രായങ്ങളോട് പ്രതികരിയ്ക്കാറില്ല അവ തീര്‍ത്തും അവഗണിയ്ക്കാറുണ്ട്

10. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ എഴുതണം. എങ്കില്‍ മാത്രമേ സാഹിത്യത്തില്‍ ഒരു സ്ഥാനം ലഭിക്കുവെന്നചില എഴുത്തുകാരുടെയും പൊതുജനങ്ങളുടെയും അഭി പ്രായങ്ങളോട് യോജിക്കുന്നോ.

ഈ അഭിപ്രായത്തോട് ഒട്ടും യോജിപ്പില്ല. കാരണം കഴിവുള്ള ഒരാള്‍ക്ക് ശോഭിയ്ക്കണമെങ്കില്‍, അവന്‍ ശ്രദ്ധിയ്ക്കപ്പെടണമെങ്കില്‍ നാട്ടിലെയോ അമേരിക്കയിലെയോ എന്തിനു ഫേസ്ബുക്കില്‍ ആണെങ്കില്‍ പോലും ധാരാളം. കാരണം ഇന്ന് ഡിജിറ്റല്‍ ലോകത്ത് മാധ്യമങ്ങളുടെ പ്രയാണം വളരെ വേഗതയിലാണ്

11. ഇതുവരെ എത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അല്ലെങ്കില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ പൂര്‍ണ്ണസമയ എഴുത്തുകാരനോ/എഴുത്തുകാരിയോ അതോ സമയമുള്ളപ്പോള്‍ കുത്തിക്കുറിക്കുന്നയാളോ? എഴുത്തിനെഗൗരവമായി കാണുന്നുണ്ടോ? അതോ ജോലിത്തിരക്കില്‍ നിന്നും വീണുകിട്ടുന്ന സമയം സാഹിത്യത്തിനുപയോഗിക്കാമെന്ന ചിന്തയാണോ?

ഇതുവരെ പുസ്തകങ്ങള്‍ ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല. പത്തുകുട്ടികള്‍ അനാരോഗ്യത്താല്‍ജനിയ്ക്കുന്നതിലും ഒരു കുട്ടി ആരോഗ്യമുള്ളതാകണം എന്ന അഭിപ്രായമാണ് പുസ്തക പ്രസിദ്ധീകരണത്തിനോട് എനിയ്ക്കുള്ളത്. തീര്‍ച്ചയായും പുസ്തകം പ്രസിദ്ധീകരിയ്ക്കണം എന്ന് എല്ലാ എഴുത്തുകാരെയും പോലെ എന്റെയും സ്വപ്നമാണ്. ഞാന്‍ മുഴുവന്‍ സമയവും എഴുത്തിനായി മാറ്റിവച്ചിരിയ്ക്കുന്ന എഴുത്തുകാരിയല്ല. ഉദ്യോഗസ്ഥ, 'അമ്മ ഭാര്യ, മരുമകള്‍ തുടങ്ങിയ എല്ലാ ഉത്തരവാദിത്വങ്ങളും ഭംഗിയായി നിര്‍വഹിച്ച് എഴുത്തിനായി സമയം കണ്ടെത്തുന്ന ആളാണ്. എഴുതാനായി കണ്ടെത്തുന്ന സമയം ഗൗരവമായി തന്നെ എടുക്കാറുണ്ട്. എഴുതുന്ന രചനകളില്‍ എന്റെ അങ്ങേ അറ്റം പരിശ്രമം ഉണ്ട്.

12. പ്രതിദിനം അമേരിക്കന്‍ മലയാളികളില്‍ പുതിയ പുതിയ എഴുത്തുകാര്‍ ചിലരൊക്കെ അറുപതും എഴുപതും കടന്നവര്‍ പ്രത്യക്ഷപ്പെടുന്നു. അവരൊക്കെ ശരിക്കും സര്‍ഗ്ഗപ്രതിഭയുള്ളവരായിരിക്കുമോ? അത്തരക്കാരുടെ കടന്നാക്രമണം സാഹിത്യത്തെ ദുഷിപ്പിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും.

സാഹിത്യത്തിനും കലയ്ക്കും പ്രായമുണ്ടെന്ന് എനിയ്ക്ക് തോന്നിയിട്ടില്ല. തന്നില്‍ അന്തര്‍ലീനമായ കഴിവുകളെ കാണിയ്ക്കാന്‍ അവസരം ലഭിയ്ക്കുമ്പോള്‍ കഴിവുകളെ വിനിയോഗിയ്ക്കുന്നു എന്ന് മാത്രം. പുതിയ എഴുത്തുകാര്‍ക്കായി പ്രതലം ഒരുക്കി കൊടുക്കുന്ന ഇ-മലയാളി പോലുള്ള മാധ്യമങ്ങളില്‍ ലഭിയ്ക്കുന്ന അവസരം പ്രായത്തെക്കുറിച്ച് ചിന്തിയ്ക്കാതെ അക്ഷരപ്രേമികള്‍ ഉപയോഗപ്പെടുത്തണം.എഴുത്തുകാരന്റെ പ്രായം ഒരിയ്ക്കലും സാഹിത്യത്തെ ദുഷിപ്പിയ്ക്കില്ല.

13. നിങ്ങള്‍ ഒരു നല്ല വായനക്കാരനാണോ? ഒന്നില്‍ കൂടുതല്‍ പ്രാവശ്യം നിങ്ങള്‍ വായിച്ച കൃതിയേത്? ഒരു പുസ്തകത്തെപ്പറ്റി ഒരു നിരൂപകനും ഒരു കൂട്ടം വായനക്കാരും പറയുന്ന അഭിപ്രായം നിങ്ങളെ സ്വാധീനിക്കാറുണ്ടോ? അതോ നിങ്ങള്‍ നിങ്ങളുടേതായ അഭിപ്രായം രൂപീകരിക്കാറുണ്ടോ?

ഈ അടുത്ത കാലം വരെ ഞാന്‍ നല്ല ഒരു വായനക്കാരി അല്ലായിരുന്നു. പരത്തി, അതായത് കയ്യില്‍ കിട്ടുന്നതെല്ലാം വായിയ്ക്കുന്ന ഒരു സ്വഭാവമാണ് ഉണ്ടായിരുന്നത്. ഒരു ലക്ഷ്യത്തിനുവേണ്ടി ചിട്ടയായി വായിയ്ക്കുന്ന സ്വഭാവം ഈ അടുത്ത കാലത്താണ് കുറേശ്ശേ തുടങ്ങിയത്. ശ്രീമതി സുധാ മൂര്‍ത്തിയുടെ പുസ്തകങ്ങള്‍ എനിയ്ക്കിഷ്ടമാണ്. പുസ്തകത്തിന്റെ അന്തസത്തയില്‍ ശരിയായി ഇറങ്ങി ചെന്ന് ഒരു നിരൂപകന്‍ എഴുതുന്ന നിരൂപണം ആ രചന വായിയ്ക്കാന്‍ പ്രേരിപ്പിയ്ക്കാറുണ്ട് .

14. അവാര്‍ഡുകള്‍, അംഗീകാരങ്ങള്‍, അനുമോദനങ്ങള്‍ ഇവ നേടിയവരെ മാദ്ധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നു. അതവര്‍ അര്‍ഹിക്കുന്നില്ല. അര്‍ഹിക്കുന്നവര്‍ വേറെ ചിലരാണു എന്നു തോന്നിയിട്ടുണ്ടോ? ഒരു ഉദാഹരണം സാഹിത്യ അക്കാദമി അവാര്‍ഡ്.

ഇതേ കുറിച്ച് എനിയ്ക്ക് ഗഹനമായ അറിവില്ല. സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പണവും ആള്‍സ്വാധീനവും കൊണ്ട് എഴുത്തുകാര്‍ നേടിയെടുക്കുന്നു എന്ന് മറ്റുള്ളവരെ പോലെ ഞാനും കേട്ടിട്ടുണ്ട്

15. ഇവിടത്തെ വെള്ളക്കാരുടെയും, കറുത്തവരുടെയും, സ്പാനിഷ്‌കാരുടെയും ജീവിതം കുത്തഴിഞ്ഞ പുസ്തകം പോലെയെന്ന ഒരു ധാരണ മലയാളികള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. അതേക്കുറിച്ച് പൊടിപ്പും, തൊങ്ങലും, വച്ച് എഴുതുന്നതാണോ അമേരിക്കന്‍ പശ്ചാത്തലത്തില്‍ എഴുതുന്ന കഥകള്‍. സംസ്‌കാരസംഘര്‍ഷമനുഭവിക്കുന്ന പുതിയ തലമുറയുടെ ധര്‍മ്മസങ്കടങ്ങള്‍ ഒരു എഴുത്തുകാരനോ അല്ലെങ്കില്‍ ഒരു ചിത്രകാരനോ അവരുടെ ഭാവനയില്‍ പകര്‍ത്താന്‍ മാത്രമുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

എഴുതുവാനുള്ള വിഷയം തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്രം തീര്‍ച്ചയായും എഴുത്തുകാരന്റെയാണ്. അത് അവന്‍ ഇന്ന് ജീവിയ്ക്കുന്ന സമൂഹത്തെ കുറിച്ചാകണമോ, അവന്‍ ജനിച്ചുവളര്‍ന്ന നാടിനെകുറിച്ചാകണമോ അവന്റെ മാനസിക സംഘര്‍ഷങ്ങളെ കുറിച്ചാകണമോ എന്നുള്ള തീരുമാനം തികച്ചും എഴുത്തുകാരന്റെ മാത്രമാണ്. തീര്‍ച്ചയായും ഏതു സാഹചര്യത്തെയും അക്ഷരങ്ങള്‍ കൊണ്ട് സമൂഹത്തിനു മുന്നില്‍ വരച്ചു കാണിയ്ക്കാന്‍ ഒരു നല്ല എഴുത്തുകാരന് സാധിയ്ക്കും. അതാണ് എഴുത്ത് എന്ന കല.

16. നിങ്ങള്‍ആദ്യമെഴുതിയ രചനഏത്, എപ്പോള്‍?. അതേക്കുറിച്ച് ചുരുക്കമായി പറയുക.ഒരു എഴുത്തുകാരനാകാന്‍നിങ്ങള്‍ക്ക് കഴിയുമെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ആനന്ദം പങ്കുവയ്ക്കുക.

ഞാന്‍ ആദ്യം പറഞ്ഞതുപോലെ, എഴുതുന്നത് കാണിയ്ക്കാന്‍ എനിയ്ക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. അന്ന് ഇതുപോലെ മൊബൈലിലോ കംപ്യുട്ടറിലോ ടൈപ്പ് ചെയ്യുന്ന കാലഘട്ടമല്ലായിരുന്നു. മുംബയില്‍ ആയിട്ടും എന്നും മുടങ്ങാതെ മലയാള പത്രം വായിച്ചിരുന്ന ഈ സുഹൃത്ത് മലയാള മനോരമയിലെ 'എന്റെ ഗ്രാമം' എന്ന പംക്തിയെക്കുറിച്ചു പറയുകയും നമുക്ക് രണ്ടുപേര്‍ക്കും അയയ്ക്കണം എന്നും നിര്‍ബന്ധിക്കുകയുമുണ്ടായി. അപ്രകാരം ഞാന്‍ എന്റെ തയ്യൂര്‍ ഗ്രാമത്തെകുറിച്ച ഒരു വെള്ള പേപ്പറില്‍ എഴുതി മനോരമയ്ക്ക് അയച്ചു, അത് ആ കോളത്തില്‍ പ്രസിദ്ധീകരിച്ച് വരുമെന്ന ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. മലയാള പത്രം വായിക്കുന്ന സുഹൃത്ത് എന്റെ ഗ്രാമത്തില്‍ ഞാന്‍ എഴുതിയത് വന്നിരിയ്ക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ഏതോ ഒരു സ്വപ്നം പോലെയാണ് തോന്നിയത്.

17. ഒരു എഴുത്തുകാരന്റെ വളര്‍ച്ചക്ക് അവന്റെ കുടുംബവും സമൂഹവും കൂട്ടുനില്‍ക്കണമെന്നു പറയാറുണ്ട്. അമേരിക്കന്‍ മലയാളി എഴുത്തുകാരെ നിര്‍ദ്ദയം പുഛിക്കുന്ന അമേരിക്കന്‍ മലയാളി സമൂഹം എഴുത്തുകാര്‍ക്ക് ദ്രോഹം ചെയ്യുന്നുവെന്ന് ചിന്തിക്കുന്നുണ്ടോ?

തീര്‍ച്ചയായും ഒരു എഴുത്തുകാരന്റെ വളര്‍ച്ചയ്ക്ക് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സഹായം അനിവാര്യമാണ്. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ മനോഗതത്തെക്കുറിച്ച് എഴുതുവാന്‍ ഞാന്‍ അനുയോജ്യയല്ല.

18. എഴുത്തുകാര്‍ അവരുടെ രചനകള്‍ വിവിധ മാധ്യമങ്ങളില്‍ ഒരേ സമയം കൊടുക്കുന്നത് നല്ല പ്രവണതയാണോ? എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു.

അതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. കാരണം ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അവന്‍ എഴുതിയത് കൂടുതല്‍ പേര്‍ വായിയ്ക്കണമെന്നാണ്. പിന്നെ ചില മീഡിയകളില്‍ നിന്നും പ്രതിഫലം വാങ്ങിയാണ് എഴുതുന്നത് എങ്കില്‍ അത് ഒരു ന്യായമായി തോന്നുന്നില്ല. ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് മുന്‍പ് പ്രസിദ്ധീകരിയ്ക്കുക പിന്നീട് പ്രസിദ്ധീകരിയ്ക്കുക എന്നൊന്നും ഇല്ല. ഏതില്‍ എഴുതിയാലും ഞൊടിയിടയില്‍ അത് വായനക്കാരില്‍ എത്തുന്നു

19. അംഗീകാരങ്ങള്‍/വിമര്‍ശനങ്ങള്‍/നിരൂപണങ്ങള്‍/പരാതികള്‍/അഭിനന്ദനങ്ങള്‍ ഇവയില്‍ ഏതാണു നിങ്ങളുടെ അഭിപ്രായത്തില്‍ ഒരു എഴുത്തുകാരന് പ്രോത്സാഹനമാകുക. എന്തുകൊണ്ട്?

അംഗീകാരവും അഭിനന്ദനങ്ങളും നിരൂപണങ്ങളും വിമര്‍ശനങ്ങളും എല്ലാം ഒരു എഴുത്തുകാരനില്‍ പലതരത്തില്‍ പ്രോത്സാഹനമാണ്. തീര്‍ച്ചയായും ഇതില്‍ ഏതും ഒരു എഴുത്തുകാരന്‍ ഏറ്റെടുക്കണം. അതുപോലെ തന്നെ വ്യക്തി വൈരാഗ്യങ്ങള്‍ എഴുത്തിനു നേരെ എടുക്കുകയാണെങ്കില്‍ മാധ്യമങ്ങളില്‍ കൂടെ അതിനെ പ്രതികരിയ്ക്കാതെ അവഗണിയ്ക്കാന്‍ എഴുത്തുകാരന്‍ പഠിയ്ക്കണം

20. അമേരിക്കന്‍ മലയാളികള്‍ ഇവിടത്തെ കഥകള്‍ എഴുതണം. അവര്‍ വിട്ടിട്ട് പോന്ന നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വമല്ല എന്ന് പറയുന്നതിനോട് യോജിക്കുന്നുണ്ടോ?

എഴുതാനുള്ള വിഷയം തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്രം എഴുത്തുകാരന്റെയാണ്. പിന്നെ ഏതു വിഷയത്തെക്കുറിച്ച് എഴുതിയാലും അതിന്റെ സൗന്ദര്യം, ഭാഷാസുഖം, ഒഴുക്ക്, വായനക്കാരന് കിട്ടുന്ന സംതൃപ്തി എന്നിവ ഉണ്ടെങ്കില്‍ വിഷയം ഏതായാലും ഒരു യഥാര്‍ത്ഥ വായനക്കാരന്‍ അതിനെ ആസ്വദിയ്ക്കും
read also







മുംബെയിലെ പ്രവാസം; എഴുത്തിലെ സൗന്ദര്യം (ഇ-മലയാളി അവാര്‍ഡ്-പോപ്പുലര്‍ റൈറ്റര്‍)മുംബെയിലെ പ്രവാസം; എഴുത്തിലെ സൗന്ദര്യം (ഇ-മലയാളി അവാര്‍ഡ്-പോപ്പുലര്‍ റൈറ്റര്‍)മുംബെയിലെ പ്രവാസം; എഴുത്തിലെ സൗന്ദര്യം (ഇ-മലയാളി അവാര്‍ഡ്-പോപ്പുലര്‍ റൈറ്റര്‍)
Join WhatsApp News
Sudhir Panikkaveetil 2021-07-23 18:21:44
അതുപോലെ എന്നെ പോലുള്ള പുതിയ എഴുത്തുകാര്‍ക്ക് മലയാളത്തിലെ പ്രശസ്തരായ പഴയതും പുതിയതുമായ എഴുത്തുകാരെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. അവര്‍ക്കുവേണ്ടി ആഴ്ചയിലൊരിയ്ക്കലെങ്കിലും അത്തരം എഴുത്തുകാരെ കുറിച്ചോ അവരുടെ കൃതികളെ കുറിച്ചോ അല്ലെങ്കില്‍ മലയാള ഭാഷയെക്കുറിച്ച്ഭാഷ പരിജ്ഞാനം, ഒരു ലഘു വിവരണം,എന്നിവ കൊടുത്താല്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കും, ഇ-മലയാളിയുടെ വളര്‍ച്ചയ്ക്കും ഉപകരിയ്ക്കുമെന്ന ഒരു അഭിപ്രായമുണ്ട്." കോളേജ് അധ്യാപകനായിരുന്ന സാഹിത്യകാരനായ ശ്രീ സാം നിലമ്പിള്ളിക്ക് ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർ അഭിപ്രായപ്പെട്ട ഈ കാര്യം നിഷ്പ്രയാസം നിർവഹിക്കാൻ കഴിയുമെന്നറിയാം. അദ്ദേഹം അതിനു സമയം കാണുമോ? അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാം അല്ലെ? എല്ലാറ്റിനും നാട്ടിലുള്ളവരിലേക്ക് എത്തിനോക്കുന്ന പ്രവണത മാറണം, ഇവിടെ കഴിവുള്ളവർ ഉണ്ട്. സ്നേഹത്തോടെ സുധീർ
jyothylakshmy Nambiar 2021-07-24 04:06:24
എന്റെ അഭിപ്രായത്തോട് യോചിപ്പ്‌ പ്രകടിപ്പിച്ചതിനും, അതിനു കഴിവുള്ള ഒരു വ്യക്തിയെ നിർദ്ദേശിച്ചതിനും ശ്രീ സുധീർ പണിക്കവീട്ടിലിനു നന്ദി. ഒരിക്കൽ കൂടി ഇ-മലയാളിക്കു നന്ദി പറയുന്നു. ദൂരെ ഇരുന്നാണെങ്കിലും ഇ-മലയാളിയുടെ അവാർഡ് ചടങ്ങിൽ മനസ്സാൽ ഞാൻ പങ്കെടുക്കും. അവാർഡ് ചടങ്ങിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Sureshkumar Punjhayil 2021-07-24 05:05:09
Good luck and best wishes
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക