Image

ഡെൽറ്റ വകഭേദത്തിനെതിരെ ജെ & ജെ വാക്സിന്റെ ഫലപ്രാപ്തി കുറവെന്ന് പഠനം

Published on 22 July, 2021
ഡെൽറ്റ വകഭേദത്തിനെതിരെ ജെ & ജെ വാക്സിന്റെ ഫലപ്രാപ്തി കുറവെന്ന് പഠനം
ജോൺസൺ & ജോൺസന്റെ സിംഗിൾ ഷോട്ട് കോവിഡ് വാക്സിന് ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രാപ്തി കുറവാണെന്ന് ചൊവ്വാഴ്‌ച പുറത്തുവിട്ട പുതിയ പഠനഫലത്തിൽ പറയുന്നു. രക്ത സാമ്പിളുകൾ ശേഖരിച്ച് നടത്തിയ ഈ പഠനം വിശകലനം നടത്തിയിട്ടില്ലെങ്കിലും രാജ്യത്ത് ഡെൽറ്റ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ, ജെ & ജെ യുടെ ഒറ്റ ഡോസ് സ്വീകരിച്ചവർ സുരക്ഷിതരാണെന്ന് കരുതി ഇരിക്കരുതെന്നും രണ്ടാമതൊരു ഷോട്ട് എടുക്കുന്നതാകും ഉചിതമെന്നുമാണ് ഗവേഷകരുടെ അഭിപ്രായം.

ജെ  & ജെ വാക്സിൻ ഫലപ്രദമല്ലെന്ന് ഇത് കൊണ്ട് അർത്ഥമാക്കരുതെന്നും, ഭാവിയിൽ ഫൈസറിന്റെയോ മോഡേണയുടെയോ ജോൺസൺ & ജോൺസന്റെ തന്നെയോ ബൂസ്റ്റർ ഷോട്ട് നിർദ്ദേശിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് മനസ്സിലാക്കണമെന്നും പഠനത്തിന് നേതൃത്വം നൽകിയ വൈറോളജിസ്റ്റ് നഥാനിയേൽ ലാൻഡോ അഭിപ്രായപ്പെട്ടു.

ജെ & ജെ വാക്സിൻ ഡെൽറ്റ വേരിയന്റിനെ ഫലപ്രദമായി നേരിടുമെന്നാണ് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ കമ്പനി ഈ മാസം ആദ്യം അവകാശപ്പെട്ടത്. ആസ്ട്രസെനിക വാക്സിൻ, ഡെൽറ്റ വകഭേദത്തിനെതിരെ 33 ശതമാനം ഫലപ്രാപ്തിയേ കാണിക്കുന്നുള്ളു എന്ന പഠനഫലം  മേയ് മാസത്തിൽ ബ്രിട്ടീഷ് ഗവണ്മെന്റ് പുറത്തുവിട്ടിരുന്നു. ഘടനാപരമായി ആസ്ട്രസെനികയുമായി സാമ്യമുള്ള ജെ & ജെ യുടെ ഫലപ്രാപ്തിയും സമാനമായിരിക്കുമെന്ന് മുൻപേ അഭിപ്രായം ഉയർന്നിരുന്നു. നിലവിൽ, അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ 83 ശതമാനവും ഡെൽറ്റ വകഭേദം മൂലമാണ്. അതുകൊണ്ടു തന്നെ ബൂസ്റ്റർ ഷോട്ട് വേണ്ടി വരുമോ എന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. 

ബൂസ്റ്റർ ഷോട്ടിനെക്കുറിച്ച് പറയുമ്പോൾ, ഇപ്പോഴത്തെ വാക്സിനുകൾ ഫലപ്രദമല്ലെന്ന ചിന്ത ജനങ്ങൾക്ക് വരുമെന്ന് ഡോ. ആന്റോണി ഫൗച്ചി അഭിപ്രായപ്പെട്ടിരുന്നു. വാക്സിനുകൾ എല്ലാം തന്നെ മികച്ച ഫലപ്രാപ്തി കാഴ്ചവയ്ക്കുന്നുണ്ടെന്നും എത്രനാൾ ആ പ്രതിരോധം തുടരും എന്നതിൽ മാത്രമാണ് ആശങ്കയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം ആർ എൻ എ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി വികസിപ്പിച്ച മോഡേണയുടെയും ഫൈസറിന്റെയും വാക്സിനുകൾ നൽകുന്ന പ്രതിരോധം വർഷങ്ങളോളം  നിലനിൽക്കുമെന്ന് അടുത്തിടെ നടന്ന പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇവ രണ്ടും ഡെൽറ്റ വേരിയന്റിനെ നേരിടുന്നതിലും ഫലപ്രദമാണ്.
ഡെൽറ്റ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ, ലോസ് ആഞ്ചലസിലും ലാസ് വേഗാസിലും ഇൻഡോറിൽ പോലും  മാസ്ക് മാൻഡേറ്റ് പുനഃസ്ഥാപിച്ചിരിക്കുകയാണ്. വാക്സിൻ സ്വീകരിച്ചവരും മാസ്ക് ധരിക്കണമെന്നാണ് ഉത്തരവ്.

വാക്സിൻ എടുക്കാൻ വൈകിയാൽ ...

അമേരിക്കയിൽ പൂർണമായി വാക്സിൻ സ്വീകരിച്ചവരുടെ നിരക്ക് ഏറ്റവും കുറവുള്ള പ്രദേശമാണ് അലബാമ. ജനസംഖ്യയുടെ 33.7 ശതമാനം മാത്രമേ ഇവിടെ വാക്സിനേഷൻ പൂർത്തീകരിച്ചിട്ടുള്ളു. നിലവിൽ,അലബാമയിൽ  കോവിഡ് രൂക്ഷമായി ആശുപത്രിയിൽ പ്രവേശിക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നത് ചെറുപ്പക്കാരെ ആണെന്നതാണ് ആരോഗ്യ അധികൃതരെ ആശങ്കയിലാക്കിയിരിക്കുന്നത്. രോഗം തീവ്രമായ യുവാക്കൾ ഒക്കെയും മറ്റു രോഗങ്ങൾ അലട്ടാത്തവരും ആരോഗ്യത്തോടെ കഴിഞ്ഞിരുന്നവരുമാണ്, എന്നാൽ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നില്ല.

 മരണാസന്നരായി കിടക്കുമ്പോൾ വാക്‌സിന് വേണ്ടി  കേണപേക്ഷിക്കുന്ന ചെറുപ്പക്കാരെക്കുറിച്ച് ഡോക്ടർമാർ വേദനയോടെ പറയുന്നു. രക്ഷപ്പെടാനുള്ള സാധ്യത അസ്തമിക്കുന്ന സാഹചര്യത്തിലല്ല വാക്സിൻ സ്വീകരിക്കേണ്ടതെന്നും സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിന്റെ  ഭാഗമായി എല്ലാവരും പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നുള്ള മുന്നറിയിപ്പായി ഈ അനുഭവങ്ങൾ ഉൾക്കൊള്ളണമെന്നും അവർ ഉപദേശിക്കുന്നു. 

കോവിഡിനെതിരെ വാക്സിൻ ഫലപ്രദമല്ലെന്നും ഇതൊക്കെ രാഷ്ട്രീയക്കളികളാണെന്നുമുള്ള പ്രചാരണം വലിയൊരു വിഭാഗത്തെ മരണത്തിലേക്ക് തള്ളിവിട്ടിട്ടുണ്ട്. മറ്റു രോഗങ്ങളില്ലെന്നതും ചെറിയ പ്രായമാണെന്നും അടക്കമുള്ള അമിതമായ ആത്മവിശ്വാസം കൊണ്ടും ചിലർ വാക്സിൻ എടുക്കാൻ മടിച്ചു.  തങ്ങൾക്ക് കോവിഡ് പിടിപ്പെടില്ലെന്ന് ഉറപ്പിച്ചുകൊണ്ട് ലക്ഷണങ്ങളെ അവഗണിച്ച് ചികിത്സ തേടാതെ രോഗം മൂർച്ഛിച്ചവരുമുണ്ട്. ഇതിന്റെ ഒക്കെ ഫലമായാണ് ഒഴിവാക്കാമായിരുന്ന മരണത്തിലേക്ക് അവർ നടന്നെത്തിയത്.

 സിഡിസി യുടെ കണക്കനുസരിച്ച്, രാജ്യത്ത്  നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് മരണങ്ങളിൽ 99 ശതമാനവും , ആശുപത്രിയിൽ പ്രവേശിതരാകുന്ന കോവിഡ് രോഗികളിൽ 97 ശതമാനവും  വാക്സിൻ സ്വീകരിക്കാത്തവരാണ്. അതിനാൽ തന്നെ, വാക്സിന്റെ പ്രാധാന്യം മനസ്സിലാക്കി ഏവരും സ്വന്തം സുരക്ഷ ഉറപ്പാക്കുക. 

കോവിഡ് : ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 

ഒരു വർഷത്തിലേറെയായി കോവിഡ് വ്യാപനം തടയാനുള്ള പരിശ്രമങ്ങൾ തുടർന്നുകൊണ്ട് നമ്മൾ ഇപ്പോൾ രോഗതീവ്രത വാക്സിൻ സ്വീകരിക്കാത്തവർ  മാത്രം ഭയപ്പെടേണ്ട സ്ഥിതിവിശേഷത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.ഡെൽറ്റ വേരിയന്റിനെതിരെ പോലും,  വാക്സിനുകൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. അതിനാൽ തന്നെ, വാക്സിൻ എടുക്കാത്തവർ എത്രയും വേഗമത് എടുത്ത് സുരക്ഷിതത്വം ഉറപ്പാക്കുക.
 ഡെൽറ്റ വേരിയന്റിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും പരിരക്ഷിക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ ഷോട്ട് നേടാൻ ഏവരോടും  അഭ്യർത്ഥിക്കുകയാണ്.

*  ആശുപത്രിയിൽ പ്രവേശിതരായ കോവിഡ് രോഗികളുടെ എണ്ണം 378 ആണ്. 69,665 പരിശോധനകളിൽ 823 പേരുടെ ഫലം പോസിറ്റീവായി.പോസിറ്റിവിറ്റി നിരക്ക്: 1.18 ശതമാനമാണ്. 7 ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 1.26 ശതമാനമായിരുന്നു. 70 രോഗികളാണ് ഇന്നലെ ഐസിയുവിൽ ഉണ്ടായിരുന്നത്. മരണസംഖ്യ: 3.

* സിഡിസിയുടെ കണക്കുപ്രകാരം ന്യൂയോർക്കിൽ  73.9 ശതമാനം പേർക്കും കുറഞ്ഞത് ഒരു വാക്സിൻ ഡോസ് വീതമെങ്കിലും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 22,627 ഡോസുകൾ നൽകി. ഇന്നുവരെ, ന്യൂയോർക്ക് ആകെ 21,812,432 ഡോസുകൾ നൽകി, 67.4 ശതമാനം ന്യൂയോർക്കുകാർ അവരുടെ വാക്സിൻ സീരീസ് പൂർത്തിയാക്കി. 

*പൂർണമായും പ്രതിരോധ കുത്തിവയ്പ് ലഭിച്ച യുഎസ് പൗരന്മാർക്ക് ഓഗസ്റ്റ് 9 മുതൽ കനേഡിയൻ അതിർത്തി വീണ്ടും തുറക്കും.  അതിർത്തി കടന്നുള്ള വ്യാപാരത്തെയും വിതരണ ശൃംഖലയെയും ഇത് സഹായിക്കും.

*എക്സൽസിയർ പാസ് ഉപയോഗിച്ച് നിങ്ങൾ  വാക്സിനേഷൻ സ്വീകരിച്ചു എന്ന് തെളിയിക്കുന്ന രേഖ ഡിജിറ്റലായി സൂക്ഷിക്കുക.

* പെൻ സ്റ്റേഷനിലെയും ഗ്രാൻഡ് സെൻട്രൽ ടെർമിനലിലെയും പോപ്പ്-അപ്പ് വാക്സിൻ സൈറ്റുകൾ വിപുലീകരിച്ചു. ഈ രണ്ട് പോപ്പ്-അപ്പ് സൈറ്റുകളിൽ ഏതിൽ നിന്ന്  വാക്സിനേഷൻ സ്വീകരിച്ചാലും സൗജന്യ മെട്രോകാർഡോ  രണ്ട് വൺ-വേ മെട്രോ-നോർത്ത്/  എൽ‌ആർ‌ആർ ടിക്കറ്റുകളോ  ലഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക