Image

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ജോബിന്‍സ് തോമസ് Published on 22 July, 2021
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
സ്പുട്‌നിക് വാക്‌സിന്‍ നിര്‍മ്മാണ യൂണിറ്റ് കേരളത്തിലും വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ തോന്നയ്ക്കലാണ് പരിഗണനയില്‍. സ്പുട്‌നിക് വാക്‌സിന്‍ റഷ്യയ്ക്ക് പുറത്ത് ആദ്യമായിട്ട് നിര്‍മ്മിക്കുക ഇന്ത്യയിലായിരിക്കും ഇതു സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് നിര്‍മ്മാണ യൂണിറ്റ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാകും യൂണിറ്റ് ആരംഭിക്കുക.
***************************************************
മന്ത്രി എ.കെ ശശീന്ദ്രനെ ന്യായീകരിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി. പാര്‍ട്ടിയിലെ പ്രശ്‌നം തീര്‍ക്കാനാണ് ശശീന്ദ്രന്‍ ഇടപെട്ടതെന്നും മന്ത്രി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് പ്രതിപക്ഷം ആരോപിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയ്ക്ക് പുറത്ത് പ്രതിപക്ഷ സംഘടനകള്‍ ശക്തമായ സമരമാണ് ഇന്ന് നടത്തിയത്. 
*****************************************
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിലുള്ള കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടരുന്നു. 40ഓളം കര്‍ഷക സംഘടനകളില്‍ നിന്നായി 200ഓളം പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. ഇന്ന് മുതല്‍ ആഗസ്ത് 13 വരെയാണ് കര്‍ഷകര്‍ സമരം നടത്തുക.
****************************************************************
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഇപ്പോള്‍ താമസിക്കുന്ന കാരയ്ക്കാമല കോണ്‍വന്റില്‍ അല്ലാതെ മറ്റൊവിടെയെങ്കിലും താമസിച്ചാല്‍ സുരക്ഷ നല്‍കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. കോണ്‍വെന്റില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ഹൈക്കോടതിക്ക് ഉത്തരവിടാനാകില്ലെന്നു പറഞ്ഞ കോടതി കോണ്‍വെന്റിലെ താമസവുമായി ബന്ധപ്പെട്ട ഹര്‍ജി എത്രയും വേഗം തീര്‍പ്പാക്കാന്‍ മുന്‍സിഫ് കോടതിക്ക് നിര്‍ദ്ദേശം നല്‍കി. 
**********************************************
കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരി മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. എസ്പിയോടും സാമൂഹ്യനീതി വകുപ്പിനോടും സംഭവത്തെക്കുറിച്ചന്വേഷിച്ച് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 
***************************************
വിവാദ മരംമുറിയുമായി ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശ പ്രകാരം നല്‍കിയതിന്റെ പേരില്‍ റദ്ദാക്കിയ തന്റെ ഗുഡ് സര്‍വ്വീസ് എന്‍ട്രി തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഒ.ജി ശാലിനി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതേക്കുറിച്ചന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി. 
******************************
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. ഇന്നതെ ടിപിആര്‍ 12.38 ശതമാനമാണ്. ഇന്ന് 12,818 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 103543 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ 122 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
*******************************
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ഇന്നും പാര്‍ലമെന്റിന്റെ രണ്ടു സഭകളും സ്തംഭിച്ചു. രാജ്യസഭയില്‍ കേന്ദ്ര ഐടി മന്ത്രിയുടെ പ്രസ്താവന തൃണമൂല്‍ അംഗം കീറിയെറിഞ്ഞു. ഇതിനിടെ ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി വന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക