Image

പെഗസസ്: എന്തുകൊണ്ട് മോദി-ഷാമാരുടെ വാട്ടര്‍ഗേറ്റ്? (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 22 July, 2021
പെഗസസ്: എന്തുകൊണ്ട് മോദി-ഷാമാരുടെ വാട്ടര്‍ഗേറ്റ്? (ദല്‍ഹികത്ത് : പി.വി.തോമസ്)
ഇസ്രായേല്‍ കേന്ദ്രമായ എന്‍.എസ്.ഒ.ഗ്രൂപ്പിന്റെ സ്‌പൈവേര്‍ പെഗസസ് ഇന്‍ഡ്യയില്‍ വ്യാപകമായ രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുകയാണ്. പെഗസസ് എന്ന ഇലക്ട്രോണിക് ചാര ഉപകരണം ഉപയോഗിച്ചു ഇന്‍ഡ്യയിലെ മുന്നൂറിലേറെ പ്രതിഷേധ-ഭരണകക്ഷി രാഷ്ട്രീയനേതാക്കന്മാരുടെയും കേന്ദ്രമന്ത്രിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സുപ്രീം കോടതി ജഡ്ജിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷ്ണറുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും ശാസ്ത്രജ്ഞരുടെയും രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം. ലോകപ്രശസ്തരായ ഇരുപതോളം മാധ്യമസ്ഥാപനങ്ങള്‍ നടത്തിയ വിശദമായ അന്വേഷണത്തിന്റെ വെളിച്ചത്തില്‍ ആണ് ഈ വിവരങ്ങള്‍ പുറത്തുവന്നരിക്കുന്നത്. രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രജ്ജന്‍ ഗൊഗോയിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ചാരപ്രവര്‍ത്തനത്തിന് വിധേയരായവരില്‍ പെടുന്നു. മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അശോക് ലാവാസയുടെ പേരും ഈ ലീസ്റ്റില്‍ ഉണ്ട്. കേന്ദ്രമന്ത്രിസഭയിലെ മന്ത്രിമാരായ സ്മൃതി ഇറാനി, അശ്വനി വൈഷ്ണവ്, പ്രഹ്ലാദ് സിംങ്ങ് പട്ടേല്‍, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ എന്നിവരുടെ പേരുകളും നിരീക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ പെട്ടത് രാഷ്ട്രീയമായി ഉദ്ദ്വേഗം ഉയര്‍ത്തി. കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി കാലത്ത് (2019) മുഖ്യമന്ത്രി എച്ച്.സി.കുമാരസ്വാമി, സിദ്ദരാമയ്യ, മുന്‍ പ്രധാനമന്ത്രി എച്ച്.സി.ദേവഗൗഢ എന്നിവരും നോട്ടപ്പുള്ളികള്‍ ആയിരുന്നു പെഗസസിന്റെ. കോണ്‍ഗ്രസ്-ജനതദള്‍(എസ്) ഗവണ്‍മെന്റ് പതിക്കുകയും പകരം ബി.ജെ.പി. ഗവണ്‍മെന്റ് അധികാരത്തില്‍ വരുകയും ചെയ്തു.

എങ്ങനെ പെഗസസിന്റെ ഈ ചാരപ്രവര്‍ത്തനം ഇന്‍ഡ്യയില്‍ സാദ്ധ്യമായി? എന്തായിരുന്നു ഇതിന്റെ ഉദ്ദേശം? ആരാണ് ഇതിനെ നിയോഗിച്ചത്. പെഗസസിന്റെ ഉടമകമ്പനിയായ എന്‍.എസ്.ഒ.ഗ്രൂപ്പ് കമ്പിനിയുടെ സ്ഥാപകരായ നിവ്, ഷെല്‍വ്, ഓമറി, എന്നീ മൂന്നുപേരുടെ ആദ്യാക്ഷരം ആണ് എന്‍.ജെ.എസ്.ഓ.) ഇന്‍ഡ്യയില്‍ ആരാണ് അവരെ നിയോഗിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. പക്ഷേ അവര്‍ പറഞ്ഞു അവര്‍ ഗവണ്‍മെന്റുകളുമായിട്ടു മാത്രമെ സഹകരിക്കാറുള്ളൂ എന്ന്. ഇതിന്റെ അര്‍ത്ഥം ഇന്‍ഡ്യ ഗവണ്‍മെന്റ്ാണ്. ഈ ചാരസംഘത്തെ ഇന്‍ഡ്യയില്‍ അഴിച്ചു വിട്ടത് എന്നാണോ? ഗവണ്‍മെന്റ് ഇതു തുറന്ന് നിരാകരിച്ചിട്ടില്ല. പകരം ഐ.ടി.മന്ത്രി അശ്വനി വൈഷണവ്(ഇദ്ദേഹത്തിന്റെ പേരും നിരീക്ഷണ വിധേയം ആയവരുടെ കൂട്ടത്തില്‍ ഉണ്ട്) പറഞ്ഞത് ഗവണ്‍മെന്റ് അനധികൃത നിരീക്ഷണം അനുവദിക്കാറില്ല എന്നാണ്. എന്താണ് ഇതിന്റെ അര്‍ത്ഥം? അല്ലാത്ത നിരീക്ഷണം അനുവദിക്കും എന്നാണോ? ഗവണ്‍മെന്റ് ഇനിയും പെഗസസിന്റെ ചാരപ്രവൃത്തിയുമായിട്ട് അതിനുള്ള ബന്ധത്തെ ശക്തമായി നിഷേധിച്ചിട്ടില്ല. പകരം ഇത് ഇന്‍ഡ്യയുടെ സല്‍പ്പേരിനെ കളങ്കപ്പെടുത്തുവാനുള്ള ഒരു അന്തര്‍ദേശീയ ഗൂഢാലോചന ആണെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. മാത്രവും അല്ല ഇന്‍ഡ്യയുടെ പുരോഗതിയെ തടപ്പെടുത്തുവാനുള്ള ഒരു കുതന്ത്രമായും ഷാ ഈ ചാരപ്രവര്‍ത്തിയെ ചിത്രീകരിച്ചു. പക്ഷേ, ഇത് ഇത്രയും ഗൗരവമായ ഒരു സംഭവ വികാസത്തിനുള്ള മറുപടി അല്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ ഒന്നും ഉരിയാടിയിട്ടില്ല. എന്നാല്‍ ബി.ജെ.പി.യുടെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇത് കോണ്‍ഗ്രസിന്റെ നശീകരണപ്രദമായ ഒരു നീക്കം ആണെന്ന് വ്യംഗ്യമായി ആരോപിച്ചു. പ്രതിപക്ഷം പാര്‍ലിമെന്റ് സ്തംഭിപ്പിച്ചിരിക്കുകയാണ്. സംയുക്ത പാര്‍ലിമെന്ററി കമ്മറ്റിയുടെ അന്വേഷണമോ അല്ലെങ്കില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള ഒരു ഇന്‍വെസ്റ്റിഗേഷനോ ആണ് ഇവരുടെ ആവശ്യം. സംയുക്ത പാര്‍ലിമെന്ററി കമ്മറ്റിയുടെ അന്വേഷണം ഇതിനു മുമ്പും ഒരു പാഴ് വേല ആണെന്ന് മറ്റു പല വിവാദങ്ങളിലും തെളിഞ്ഞിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി.യുടെ സന്തതസഹചാരിയുമായ സുബ്രമണ്യന്‍ സ്വാമി ആവശ്യപ്പെടുന്നത് മോദി അദ്ദേഹത്തിന്റെ ഇസ്രായേല്‍ കൗണ്ടര്‍പാര്‍ട്ടിന് ഒരു കത്തെഴുതി വിവരം വ്യക്തമാക്കുവാനാണ്. ഇതുപോലെ ഒരു ചാരമിഷന്‍ എന്‍.എസ്.ഒ. ഏറ്റെടുക്കണമെങ്കില്‍ ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ അനുമതി ആവശ്യം ആണ് അവിടത്തെ നിയമമനുസരിച്ച്. മോദി ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി ക്ലീന്‍ ആയി പുറത്തു വരുമോ? ഒരു പെഗസസ് സ്‌പൈവേറിന് അഞ്ചുകോടി രൂപ ആണ് ചിലവ് എന്നാണ് റിപ്പോര്‍ട്ട്. മുന്നൂറിലേറെ സ്‌പൈവേറുകള്‍ ആണ് ഇന്‍ഡ്യയില്‍ ഉപയോഗിച്ചിരിക്കുന്നത്. 1500 കോടി രൂപ മുടക്കി ഏതെങ്കിലും സ്വകാര്യ സ്ഥാപനം ഇതിന് തയ്യാറാകുമോ? അത് മാത്രവും അല്ല എന്‍.എസ്.ഒ.ഗ്രൂപ്പ് ഗവണ്‍മെന്റുകളുമായി മാത്രമെ ബിസിനസ് ചെയ്യുകയുള്ളൂവെന്ന് ഗ്രൂപ്പ് ഇതിനകം വ്യക്തമാക്കിയിട്ടുമുണ്ട്. അപ്പോള്‍ പിന്നെ സംശയത്തിന്റെ സൂചിമുന എങ്ങോട്ടാണ് നീളുന്നത്.

ഇവിടെ 1500 കോടിരൂപയുടെ ചിലവല്ല പ്രശ്‌നം. അല്ലെങ്കില്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നാണ് അത് എടുത്തതെങ്കില്‍ അത് മാത്രവുമല്ല . ഈ ചാരനിരീക്ഷണം ഇന്‍ഡ്യയുടെ ഭരണഘടനക്ക് എതിരാണ്. ഭരണഘടനയുടെ 19, 21 ആര്‍ട്ടിക്കിളുകള്‍ ഉറപ്പുവരുത്തിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യം, സംസാര സ്വാതന്ത്ര്യം എന്നിവക്ക് ഇത് എതിരാണ്. സമൃതി ഇറാനിയെയും സിന്ധ്യയെയും മറ്റ് രണ്ട് കേന്ദ്രമന്ത്രിമാരെയും ചാരവൃത്തിക്ക് വിധേയമാക്കിയത് ബി.ജെ.പി.യിലെ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തിന്റെ ഭാഗമായിട്ട് ആയിരിക്കാം. ഒപ്പം പരസ്പര വിശ്വാസമില്ലായ്മയും. പക്ഷേ, രാഹുല്‍ഗാന്ധിയും, പ്രശാന്ത് കിഷോറും രജ്ജന്‍ ഗൊഗോയി എന്ന മുന്‍മുഖ്യന്യായാധിപനും എ്ന്ത് രാജ്യദ്രോഹകുറ്റവും ഭീകരപ്രവര്‍ത്തനവും നടത്തുന്നതിനെതിരെയാണ് അവരെ ചോര്‍ത്തിയത്? ഗൊഗോയിയെ നേരിട്ടല്ല ചോര്‍ത്തിയത് എന്ന് അറിയുന്നു. അദ്ദേഹം പ്രതിയായിരുന്ന ഒരു ലൈംഗീക പീഡനകേസിലെ ഇരയെ ആണ് ചോര്‍ത്തിയത്. ഇത് രണ്ടറ്റവും മുര്‍ച്ച ഉള്ള ഒരു ആയുധം ആണ്. ഗൊഗോയിയും ഇരയും ഒപ്പം ചോര്‍ത്തപ്പെടുന്നു.

ജനാധിപത്യത്തിനും ഭരണഘടനസ്ഥാപനങ്ങള്‍ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരെയുള്ള ഒരു കടന്നുകയറ്റം ആണ് പെഗസസ്യ ഓപ്പറേഷന്‍. ഇന്‍ഡ്യക്കെതിരെയുള്ള ഒരു കടന്നുകയറ്റം ആണ് ഇത്. ഗവണ്‍മെന്റ് ചെയ്യിച്ചതല്ല എങ്കില്‍ ആര് ഈ അന്യായം പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തുവാനുള്ള ഉത്തരവാദിത്വം മോദിക്കും ഷായ്ക്കും ഉണ്ട്. അല്ലെങ്കില്‍ ഇത് ഇവരുടെ വാട്ടര്‍ഗേറ്റായി പരിണമിക്കും. ഏതാണ്ട് അങ്ങനെ പരിണമിച്ചു കഴിഞ്ഞിരിക്കുന്നു. ഈ പുകമറയില്‍ നിന്നും രാഷ്ട്രത്തെ പുറത്തുകൊണ്ടുവരേണ്ടത് മോദിയും ഷായും ആണ്. ഇത് ഗവണ്‍മെന്റ് ചെയ്യിച്ചത് ആണെങ്കില്‍ ഇതിന് ഉത്തരവാദിത്വം പറയേണ്ടതും ഇവര്‍ തന്നെയാണ്. വാട്ടര്‍ ഗേറ്റും റിച്ചാര്‍ഡ് നിക്‌സണും ഓര്‍മ്മിക്കുക. ഇന്‍ഡ്യയില്‍ രണ്ട് നിയമങ്ങള്‍ നിലവിലുണ്ട്. 1885-ലെ ടെലിഗ്രാഫ് ആക്ടും, 2000-ലെ ഐ.റ്റി. ആക്ടും. ഇതുപ്രകാരം രാജ്യരക്ഷ, ഭീകരവാദം ഇവ പ്രകാരം രഹസ്യങ്ങള്‍ ചോര്‍ത്തുവാന്‍ ഗവണ്‍മെന്റിന് അധികാരം ഉണ്ട്. ഇതിന് ഹോം സെക്രട്ടറിയുടെയും ക്യാബിനറ്റ് സെക്രട്ടറിയുടെയും വരെ ഇടപെടല്‍ വേണം. ഇതിന് വ്യക്തമായ ഒരു നിയമവഴിയുണ്ട്. ഇത് നിലവിലുള്ളപ്പോള്‍ പൗരന്മാരുടെ സ്വകാര്യതയെ ഹനിക്കുവാന്‍ ഭീകരവാദത്തിന്റെയും രാജ്യസുരക്ഷയുടെയും പേരില്‍ അവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ഭരണഘടന വിരുദ്ധം ആണ്. വളരെയേറെ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഈ ചാരനിരീക്ഷണത്തില്‍പെടുത്തി ദ്രോഹിച്ചിട്ടുണ്ട്. വ്യാജ തെളിവുകള്‍ അവരുടെ കമ്പ്യൂട്ടറില്‍ പ്ലാന്റ് ചെയ്തിട്ടുണ്ട്. ഒരു ജനാധിപത്യരാജ്യത്ത് എങ്ങനെ ഇതൊക്കെ സാദ്ധ്യമാകും? രാജ്യത്ത് നിലവിലുള്ള നിയമങ്ങളെ രാജ്യസുരക്ഷക്കും ആഭ്യന്തര സുരക്ഷയ്ക്കുമായി ഉപയോഗിക്കാതെ ഒരു വിദേശ ചാരസംഘടനയെ രാഷ്ട്രീയ നേതാക്കന്മാരിലും മാധ്യമപ്രവര്‍ത്തകരിലും ശാസ്ത്രജ്ഞരിലും അഴിച്ചുവിടുന്നത് ഫാസിസത്തിന്റെ ലക്ഷണം ആണ്.

ഫാസിസത്തില്‍ ഏകാധിപതികള്‍ സംശയാലുക്കളും സദാ അസുരക്ഷിതാ ബാധിതരും ആണ്. ഇവര്‍ ആരെയും വിശ്വസിക്കുകയില്ല, സ്വന്തം നിഴലിനെ പോലും. ഇതിന്റെ ഫലമായിട്ടാണ് ഹിറ്റ്‌ലറും സ്റ്റാലിനും മുസ്സോളിനിയും ഗദ്ദാഫിയും എ്ല്ലാം ചാരസംഘടനകളെ സൃഷ്ടിച്ചത്. അങ്ങനെ പൗരജീവിതം ദുഃസഹം ആക്കിയത്. പക്ഷേ, ജനാധിപത്യത്തില്‍ ഇത് പാടില്ല. ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടന സ്ഥാപനങ്ങളെയും അട്ടിമറിക്കരുത്. മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കണം. പെഗസിന്റെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത് 40 മാധ്യമപ്രവര്‍ത്തകര്‍ ആയിരുന്നു എന്ന കാര്യം മറക്കരുത്. മോദി ഷാ ഭരണത്തിന് മാധ്യമങ്ങളോടും മാധ്യമപ്രവര്‍ത്തകരോടുമുള്ള വെറുപ്പും വിദ്വേഷവും പരസ്യം ആണ്. ഇപ്പോള്‍ ചാരന്മാരെ വിട്ട് അവരുടെ ഔദ്യോഗിക- സ്വകാര്യജീവിതത്തെ വേട്ടയാടുന്നത് ഒരു ജനാധിപത്യത്തില്‍ ഒരിക്കലും അനുവദനീയം അല്ല. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം ഇല്ലെങ്കില്‍ ജനാധിപത്യം മരിച്ചു എന്ന് മനസിലാക്കണം. പെഗസസുപോലുള്ള വാട്ടര്‍ഗേറ്റ് അട്ടിമറികളിലൂടെ ജനാധിപത്യം നിലനില്‍ക്കുകയില്ല. അവിടെ ഏകാധിപത്യമേ  വളരുകയുള്ളൂ. ഇപ്പോള്‍ ഇന്‍ഡ്യയുടെ സഞ്ചാരം ആ പാതയില്‍ ആണ്. അതാണ്  'ഗെസ്റ്റപ്പൊ' പോലുള്ള ഹിറ്റ്‌ലര്‍ മാതൃക പൗരനിരീക്ഷണസംവിധാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക