Image

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; ലീഗിന് കീഴടങ്ങി യുഡിഎഫില്‍ സമവായം

ജോബിന്‍സ് തോമസ് Published on 22 July, 2021
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ;  ലീഗിന് കീഴടങ്ങി യുഡിഎഫില്‍ സമവായം
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫില്‍ സമവായം. ചര്‍ച്ചകളിലൂടെ സമവായമെന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്തു വരുന്നതെങ്കിലും ലീഗിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യങ്ങളെ പൂര്‍ണ്ണമായി തള്ളുകയാണ് ചെയ്തിരിക്കുന്നത്. 

മുസ്ലീംവിഭാഗത്തിന് ലഭിക്കുന്ന ആനുകൂല്ല്യങ്ങള്‍ എണ്‍പത് ശതമാനം തന്നെ മുന്നോട്ട് തുടരണമെന്നും മറ്റുസമുദായങ്ങള്‍ക്ക് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും പരസ്യമായി ആവശ്യപ്പെടണമെന്ന് വിഡി സതീശന്‍ അടക്കമുള്ള മറ്റ് കക്ഷി നേതാക്കളോട് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെടുകയും ഇവര്‍ ഇത് അംഗീകരിക്കുകയും ചെയ്തു. 

യുഡിഎഫ് യോഗത്തിന് പിന്നാലെ ലീഗ് മതസംഘടനകളുടെ യോഗവും വിളിച്ചു ചേര്‍ത്തിരുന്നു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ 80:20 അനുപാതം റദ്ദാക്കണമെന്ന കോടതിവിധി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. 

എന്നാല്‍ നിലവില്‍ ലഭിക്കുന്ന ആനുകൂല്ല്യങ്ങളില്‍ മുസ്ലീം സമുദായത്തിന് കുറവ് വരാതെ മറ്റു സമുദായങ്ങള്‍ക്ക് ജനസഖ്യാനുപാതികമായി ആനുകൂല്ല്യങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി പ്രത്യേക തുക വകയിരുത്തുകയും ചെയ്തു. 

ഇതിനെ പൂര്‍ണ്ണമായും സ്വാഗതം ചെയ്തു കൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ലീഗിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം സതീശന്‍ നിലപാട് മാറ്റുകയും ചെയ്തു. സര്‍ക്കാര്‍ നയത്തെ കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫും അംഗീകരിച്ചിരുന്നെങ്കിലും ഇന്നത്തെ സമവായ ചര്‍ച്ചയോടെ ഇദ്ദേഹത്തിന്റെ നിലപാടും തള്ളപ്പെട്ടു.

Join WhatsApp News
M. A. ജോർജ്ജ് 2021-07-23 00:31:46
നിലപാടുകളേക്കാൾ നിലനിൽപിനാണ് പ്രധാന്യം. കേരളത്തിൽ കോൺഗ്രസിന് നിലനിൽക്കണമെങ്കിൽ ലീഗിന്റെ സഹകരണം ആവശ്യമാണെന്ന് കോൺഗ്രസ്സിന്റെ നേതാക്കൾ വിശ്വസിക്കുന്നു. മുസ്ലീം സമുദായത്തിൽ കോൺഗ്രസ്സ്കാർ ഇല്ല എന്ന ധാരണ തെറ്റാണ്. കോൺഗ്രസ്സ് നേതാക്കളുടെ ഈ ധാരണ തിരുത്തേണ്ട സമയമായി. ശക്തമായ നിലപാടുകൾ അണികൾക്ക് ആവേശം പകരും. ഇൻഡ്യൻ നാഷണൽ കോൺഗ്രസിന് ഒരു പാരമ്പര്യമുണ്ട്, രാഷ്ട്രീയ സംസ്ക്കാരമുണ്ട്. തോൽവികൾ മാത്രം ഏറ്റുവാങ്ങുമ്പോൾ കേരളത്തിലെ കോൺഗ്രസ്സ് എന്തിന് ദുർബല ഘടക കഷികളെ കൂടെ കൂട്ടി തോൽവിക്ക് ആക്കം കൂട്ടുന്നു. ഒരു ഘടക കക്ഷിയും ഇല്ലാതെ കോൺഗ്രസ്സ് തനിച്ചു നിന്ന് അടുത്ത തെരഞ്ഞെടുപ്പിനെ നേരിടണം. ഈ ഒരു പരീക്ഷണത്തിന് KPCC തയ്യാറാകണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക