Image

ഐഎന്‍എല്ലില്‍ ചേരിപ്പോര് രൂക്ഷം ; സിപിഎം താക്കീതിനും പുല്ല് വില

ജോബിന്‍സ് തോമസ് Published on 22 July, 2021
ഐഎന്‍എല്ലില്‍ ചേരിപ്പോര് രൂക്ഷം ; സിപിഎം താക്കീതിനും പുല്ല് വില
എല്‍ഡിഎഫിലെ താരതമ്യേന ചെറിയ പാര്‍ട്ടിയാണ് ഐഎന്‍എല്‍. രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ടര വര്‍ഷം മന്ത്രിസ്ഥാനമെന്നത് ഐഎന്‍എല്ലിന് ഒരു ലോട്ടറിയുമായിരുന്നു. എന്നാല്‍ മന്ത്രി സ്ഥാനം ലഭിച്ചതു  മുതല്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ തുടങ്ങിയ ചേരിപ്പോര് ഇപ്പോള്‍ അണികളും ഏറ്റെടുത്തിരിക്കുകയാണ്. 

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പേഴ്‌സണല്‍ സ്റ്റാപിനെ നിയമിച്ചതുമുതല്‍ ഇങ്ങോട്ടാണ് പോര് തുടങ്ങിയത്. പാര്‍ട്ടിയുടെ അഭിപ്രായം കേട്ടില്ലെന്ന് ഒരു വിഭാഗം പറയുമ്പോള്‍ അങ്ങനെയല്ല പാര്‍ട്ടിയാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്ന് മറുവിഭാഗം മന്ത്രിയെ അനുകൂലിച്ച് സംസാരിക്കുന്നു. 

ഇപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും രണ്ട് തട്ടിലാണ്. ഇവരുടെ ഗ്രൂപ്പുകളി വെളിപ്പെടുത്തുന്ന ഓഡിയോ സന്ദേശങ്ങള്‍ ഇതിനകം തന്നെ ചില ചാനലുകള്‍ പുറത്തു വിട്ടുകഴിഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിളിക്കാന്‍ തയ്യാറാകുന്നില്ലെന്ന വാട്‌സപ്പ് സന്ദേശമാണ് സംസ്ഥാന പ്രസിഡന്റ് പി.അബ്ദുള്‍ വഹാബ് ഒരു വിഭാഗം അണികള്‍ക്കയച്ചത്.

എന്നാല്‍ നിലവില്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നും അതിനാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് വിളിക്കേണ്ട കാര്യമില്ലെന്നുമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ ഓഡിയോ സന്ദേശം. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാട്‌സപ്പ് ഗ്രൂപ്പുകളില്‍ നിന്നാണ് ഇത് ചോര്‍ന്നത്. 

നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ മുന്നണിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളുണ്ടാവാന്‍ പാടില്ലെന്നു സിപിഎമ്മും മുഖ്യമന്ത്രിയും ഐഎന്‍എല്‍ നേതാക്കളെ നേരിട്ട് വിളിച്ച് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഈ താക്കിതിനും ഐഎന്‍എല്‍ വില കല്പ്പിച്ചിട്ടില്ലെന്നാണ് നിലവിലെ പ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക